ബംഗളൂരു കബ്ബൺ പാർക്കിൽ ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ അടുത്തയാഴ്ചയോടെ ഗതാഗതം നിയന്ത്രിക്കും. നേരത്തേ വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പിന്നീട് തീരുമാനിക്കുകയായിരുന്നു. നിലവിൽ ഞായറാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നില്ല. ഇതിന് പുറമെ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും ഗതാഗതം നിരോധിക്കാനാണ് ഹോർട്ടികൾച്ചർ തീരുമാനം. വാരാന്ത്യങ്ങളിൽ ഗതാഗതം പാടില്ലെന്നും കച്ചവടക്കാരെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കബ്ബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഉമേഷ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ഫയർ ടെൻഡറുകളും ആംബുലൻസുകളും അനുവദിക്കാവുന്നതാണ്. പൊതു അവധി ദിവസങ്ങളിൽ ഗതാഗതം അനുവദിക്കണമെന്ന പൊലീസ് കമീഷണറുടെ ആവശ്യവും ഹോർട്ടികൾച്ചർ വകുപ്പ് പരിഗണിക്കും.
