കെ.ആർ.എസ് അണക്കെട്ടിലെ കൈയേറ്റങ്ങൾ കണ്ടെത്താനുള്ള സർവേ ആരംഭിച്ചു
text_fieldsകെ.ആർ.എസ് അണക്കെട്ടിലെ കൈയേറ്റങ്ങൾ കണ്ടെത്താനുള്ള സർവേയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍
ബംഗളൂരു: കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനായി കാവേരി നീരാവരി നിഗമ ലിമിറ്റഡ് (സി.എൻ.എൻ.എൽ) റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് സർവേ ആരംഭിച്ചു. കൈയേറ്റങ്ങൾ നീക്കം ചെയ്യുക, അതിർത്തി രേഖകള്‍ സ്ഥാപിക്കുക, സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പാണ്ഡവപുരയിൽ തഹസിൽദാർ ബസവരദ്ദപ്പ റോണദ് ആണ് സർവേ സംഘത്തിന് നേതൃത്വം നൽകിയത്. ലാൻഡ് റെക്കോഡ്സ് അസിസ്റ്റന്റ് ഡയറക്ടർ (എ.ഡി.എല്‍.ആര്), സി.എന്‍.എന്‍.എല്‍ എൻജിനീയർമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, സർവേയർമാർ എന്നിവരും സംഘത്തിലുണ്ട്. നിലവിൽ താലൂക്കിലെ ഏഴ് ഗ്രാമങ്ങളിലാണ് സർവേ നടക്കുന്നത്. ഹളേസായപ്പനഹള്ളിയിൽ സർവേ നടപടികൾ പൂർത്തിയായി.
ചിക്കയരഹള്ളി, ഗിരിയരഹള്ളി, ഹൊസകന്നംബാടി, ബിന്ദള്ളി, ബിന്ദള്ളി കാവൽ, മള്ളീഗെരെ എന്നീ ഗ്രാമങ്ങളിൽ സർവേ പുരോഗമിക്കുകയാണ്. സി.എൻ.എൻ.എല്ലിന് സ്വന്തമായി സർവേ സംഘം ഇല്ലാത്തതിനാൽ റവന്യൂ വകുപ്പിന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നതെന്ന് സി.എൻ.എൻ.എൽ എക്സിക്യൂട്ടിവ് എൻജിനീയർ ജയന്ത് പറഞ്ഞു.
വർഷങ്ങളായി വലിയ തോതില്‍ ഭൂമി കൈയേറ്റം ചെയ്യപ്പെടുകയും ഭൂമി ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരുകയും ചെയ്തിട്ടുണ്ട്.
കൈയേറ്റങ്ങളുടെ വ്യാപ്തിയെക്കുറിച്ചും അനധികൃത ഭൂമി പരിവർത്തനത്തെക്കുറിച്ചും കൃത്യമായ ചിത്രം നൽകാൻ സർവേ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരംഗപട്ടണ, പാണ്ഡവപുര, കെ.ആർ. പേട്ട്, മൈസൂരുവിലെ ചില ഭാഗങ്ങൾ, കെ.ആർ. നഗർ, ഹുൻസൂർ എന്നീ താലൂക്കുകളിലാണ് സർവേ നടക്കുക. സർവേ നോഡൽ ഓഫിസർമാരായ അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിൽ തഹസിൽദാർമാരും എ.ഡി.എൽ.ആർമാരും ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നത്. സി.എൻ.എൻ.എല്ലിന്റെ കൈവശമുള്ള മാപ്പുകൾ പഴയതായതിനാൽ സർവേ നടപടികൾ പതുക്കെയാണ് പുരോഗമിക്കുന്നതെന്ന് പാണ്ഡവപുര തഹസിൽദാർ ബസവരദ്ദപ്പ റോണദ് പറഞ്ഞു.
കെ.ആർ.എസ് അണക്കെട്ടിലെ ജലനിരപ്പ് പരിധി കവിഞ്ഞ് വെള്ളം തുറന്നുവിടുമ്പോള്‍ വിവിധ താലൂക്കുകളില്‍ മുങ്ങിപ്പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ സർവേ നടക്കുന്നത്.
അണക്കെട്ടിന്റെ നിർമാണ സമയത്ത് 130 അടി വരെയുള്ള പ്രദേശങ്ങൾ മുങ്ങിപ്പോകാൻ സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിക്കുകയും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങൾ മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്നും കണ്ടെത്തിയിരുന്നു.
ഈ പ്രദേശങ്ങളിലെ അനധികൃത നിർമാണങ്ങൾ അണക്കെട്ടിന്റെ സംഭരണശേഷി കുറയുന്നതിനും വർഷകാലത്ത് വെള്ളപ്പൊക്ക ഭീഷണി വർധിക്കുന്നതിനും കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത് പൊതുമുതലിന് ഭീഷണിയാവുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കൈയേറ്റങ്ങളുടെ കൃത്യമായ സ്ഥാനം, വ്യാപ്തി എന്നിവ കണ്ടെത്തുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

