സർവേയെ ജാതി സെൻസസായി തെറ്റിദ്ധരിക്കരുത് -മന്ത്രി ദിനേശ് റാവു
text_fieldsമന്ത്രി ദിനേശ് റാവു
മംഗളൂരു: സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നിർദേശിച്ച സർവേയെ ജാതി സെൻസസായി തെറ്റിദ്ധരിക്കരുതെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ജാതി സെൻസസ് നടത്തുന്നത് കേന്ദ്ര സർക്കാർ മാത്രമാണ്. ഇത് ശാസ്ത്രീയമായി നടത്തുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സർവേയാണ്. ആളുകൾ ആശയക്കുഴപ്പത്തിലാകേണ്ടതില്ല” -റാവു തുടർന്നു.
ഇത്തരം പ്രവർത്തനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ, ഒരു മറഞ്ഞിരിക്കുന്ന അജണ്ടയുമില്ല. മുഖ്യമന്ത്രിക്ക് സമുദായങ്ങളെ വിഭജിക്കാൻ ഉദ്ദേശ്യമില്ല. കോൺഗ്രസോ സർക്കാറോ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല. ജാതി സെൻസസ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പറഞ്ഞിട്ടുണ്ട്. ബി.ജെ.പി ഇതിനെ എന്തിന് എതിർക്കണം? അവർക്ക് വേണമെങ്കിൽ അവർ എതിർക്കട്ടെ. സംസ്ഥാന സർക്കാറാണ് സർവേ നടത്തേണ്ടത്, ഞങ്ങൾ അതിനെ പൂർണമായി പിന്തുണക്കുന്നു.
യഥാർഥ പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാറിന് വ്യക്തമായ ഡേറ്റ ആവശ്യമാണ്. സംവരണം തീരുമാനിക്കുമ്പോൾ സുപ്രീംകോടതിതന്നെ വിശ്വസനീയമായ കണക്കുകൾ ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് ഈ സർവേ നടത്തുന്നത്. നിർഭാഗ്യവശാൽ, ചിലർ അതിനെ രാഷ്ട്രീയവത്കരിക്കുന്നു. വീരശൈവ-ലിംഗായത്ത് ഐഡന്റിറ്റി പോലുള്ള പ്രശ്നങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണ്, സർക്കാർ ഇടപെടില്ല. നിരവധി വിദഗ്ധർ സർവേ ചട്ടക്കൂട് രൂപകൽപന ചെയ്തിട്ടുണ്ടെന്നും എണ്ണൽ ഉദ്യോഗസ്ഥർ വീടുതോറുമുള്ള സന്ദർശനങ്ങളിലൂടെ വിശദമായ വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചില ഗ്രൂപ്പുകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഈ സർവേ ശ്രദ്ധാപൂർവം തയാറാക്കിയിട്ടുണ്ട്. ഹിന്ദു ക്രിസ്ത്യാനികൾ സംസ്ഥാനത്ത് ഒരു ലക്ഷത്തിൽ താഴെയാണ്. ആരെങ്കിലും മതം മാറിയാൽ അവർ ആ മതത്തിൽ പെട്ടവരാണ്. ഹിന്ദു ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രത്യേകം തിരയുന്നതിൽ അർഥമില്ല. താൻ ഇതിനകം പിന്നാക്ക വിഭാഗ കമീഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവർ ഉചിതമായ നടപടി ഉറപ്പാക്കി. സർക്കാർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
കോൺഗ്രസ് 47 ഹിന്ദു ഉപജാതികളെ ക്രിസ്തുമതവുമായി ബന്ധിപ്പിച്ചിട്ടില്ല. പിന്നാക്ക വിഭാഗ കമീഷൻ നേരത്തേ പട്ടിക തയാറാക്കിയത് ബി.ജെ.പി അംഗീകരിച്ചിരുന്നു. ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴാണത്. കാന്തരാജു കമ്മിറ്റി റിപ്പോർട്ട് ജയപ്രകാശ് ഹെഗ്ഡെയെ ഏൽപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ, ബി.ജെ.പി സർക്കാർ തന്നെയാണ് സംവരണം നടപ്പിലാക്കിയത്. അന്ന് അതിനെ എതിർക്കാത്തവർ ഇപ്പോൾ എതിർക്കുന്നു. സുഗമമായ ഒരു സർവേ പ്രക്രിയയാണ് തങ്ങൾ ആഗ്രഹിക്കുന്നത്, കമീഷൻ ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഒരു പ്രശ്നവും ഉണ്ടാകില്ല -ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

