നഗരത്തിലെ മിക്ക ശുചീകരണ തൊഴിലാളികൾക്കും ശുദ്ധജലം ലഭിക്കുന്നില്ലെന്ന് സർവേ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരു നഗരത്തിലെ പകുതിയിലധികം ശുചീകരണ തൊഴിലാളിൾക്കും ശുദ്ധജലം ലഭിക്കുന്നില്ലെന്ന് സർവേ. 154 ശുചീകരണ തൊഴിലാളികൾ ഹസിരുദള, ഹീറ്റ് വാച്ച് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. മാലിന്യം നീക്കം ചെയ്യുന്നവർ, പൗര കർമികർ, ഖര മാലിന്യ ശേഖരണ കേന്ദ്രത്തിലെ തൊഴിലാളികൾ എന്നിവരിൽ 50 ശതമാനം ജോലിക്കാർക്കും ശുദ്ധജലം ലഭിക്കുന്നില്ല.
97 ശതമാനം ജോലിക്കാർക്കും ഫാനോ മറ്റു ശീതീകരണ മാർഗങ്ങളോ ഇല്ല. മരത്തണലുകളാണ് ഇവർ ചൂടിനെ പ്രതിരോധിക്കാനായി ആശ്രയിക്കുന്നത്. ഭക്ഷണം കഴിക്കാതെയും ശീതളപാനീയങ്ങൾ കുടിച്ചും ശരീരത്തെ ചൂടിൽനിന്നുമകറ്റി നിർത്തുകയാണ്. ഇതിനായി സമ്പാദ്യത്തിൽനിന്നും വലിയൊരു തുക നീക്കിവെക്കേണ്ടി വരുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നുയരുന്ന ചൂട് ശ്വാസതടസ്സമുണ്ടാക്കുന്നെന്നും മൈഗ്രേൻ, വൃക്കയിലെ കല്ല്, മൂത്രാശയ രോഗം എന്നിവക്ക് കാരണമാകുന്നെന്നും ശുചീകരണ തൊഴിലാളികൾ സർവേയിൽ വെളിപ്പെടുത്തി. അണുബാധയേൽക്കാതിരിക്കാൻ പി.പി.ഇ കിറ്റ് ധരിക്കുന്നതിൽനിന്നുപോലും ചൂട് തങ്ങൾക്ക് തടസ്സമാവുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞുള്ള നയങ്ങളാണ് അവർക്കായി നടപ്പാക്കേണ്ടതെന്നും നയരൂപവത്കരണ സമിതികളിൽ തൊഴിലാളി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും തൊഴിലാളി ക്ഷേമത്തിന് മാത്രമായി കൃത്യമായ ഫണ്ട് നീക്കിവെക്കേണ്ടതുണ്ടെന്നും സർവേ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

