നടൻ പ്രകാശ് രാജ്, റഹ്മത്ത് തരികെരെ ഉൾപ്പെടെ 70 പേർക്ക് രാജ്യോത്സവ
text_fieldsബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാര്‍ഡിന് അര്‍ഹരായ വിവിധ മേഖലകളില്‍നിന്നുള്ള 70 വ്യക്തികളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നടൻ പ്രകാശ് രാജ്, മുതിർന്ന പത്രപ്രവർത്തകൻ ബി.എം. ഹനീഫ്, എഴുത്തുകാരൻ റഹ്മത്ത് തരികെരെ, സാഹിത്യ നിരൂപകൻ രാജേന്ദ്ര ചെന്നി, എൻ.ആ.ഐ സംരംഭകൻ സക്കറിയ ജോക്കാട്ടെ എന്നിവരാണ് പട്ടികയിലെ പ്രമുഖർ.
കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ അവാർഡ് എന്നറിയപ്പെടുന്ന രാജ്യോത്സവ പ്രശസ്തി. സംസ്ഥാന രൂപവത്കരണ ദിനമായ നവംബർ ഒന്നിനാണ് അവാർഡ് സമ്മാനിക്കുക.
28ാം നിലയിലേക്ക് സിമന്റ് ചുമന്ന നിർമാണത്തൊഴിലാളി
സക്കറിയ ജോക്കാട്ടെയെത്തേടി രാജ്യോത്സവ
മംഗളൂരു: കനൽപഥങ്ങൾ താണ്ടിയ ജീവിതത്തിലൂടെ ബിസിനസ് സാമ്രാജ്യം പടുത്ത സക്കറിയ ജോക്കാട്ടെയെ തേടി കർണാടക സർക്കാറിന്റെ ആദരം എത്തി. സൗദി അറേബ്യയിലെ ജുബൈൽ അൽ മുസൈൻ കമ്പനി സ്ഥാപകനും മംഗളൂരുവിലെ എം ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സക്കറിയക്ക് ‘നോൺ-റസിഡന്റ് കന്നഡിഗ (എൻ.ആർ.ഐ) വിഭാഗത്തിലാണ് കർണാടക സർക്കാറിന്റെ രാജ്യോത്സ പുരസ്കാരം.
1958 മേയ് 10ന് ജോക്കട്ടെയിലെ തോക്കൂരിൽ ജനിച്ച സക്കറിയ, ബി. ഷെഖൂഞ്ചിയുടെയും കതീജമ്മയുടെയും അഞ്ചു മക്കളിൽ മൂത്തവനാണ്. എളിയ ജീവിതത്തിൽനിന്ന് ആഗോള സംരംഭകനാകാനുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനവും സ്ഥിരോത്സാഹവും നിറഞ്ഞതായിരുന്നു. തുടക്കത്തിൽതന്നെ ഔപചാരിക വിദ്യാഭ്യാസം നിർത്തിയ അദ്ദേഹം, ശർക്കര വിൽപന, വെൽഡിങ്, ദിവസക്കൂലിക്ക് ജോലി എന്നിവയിലൂടെയാണ് ജീവിതം ആരംഭിച്ചത്.
വിദേശത്തെ ആദ്യകാലങ്ങളിൽ, നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ 28ാം നിലവരെ സിമന്റ് ചുമന്നു. വർഷങ്ങളുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ, മൂത്ത മകൻ സഹീറും മൂന്ന് ജീവനക്കാരും ചേർന്ന് 2008ൽ ജുബൈലിൽ അൽ മുസൈൻ മാൻപവർ കമ്പനി സ്ഥാപിച്ചു. 8,000 ത്തിലധികം തൊഴിലാളികളെ നിയമിക്കുന്നതരത്തിലേക്ക് കമ്പനി വികസിച്ചു. 2027 ഓടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
അൽ മുസൈന്റെ വിജയത്തെത്തുടർന്ന്, സക്കറിയ നിരവധി സംരംഭങ്ങൾ സ്ഥാപിക്കുകയും സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ലണ്ടൻ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. യെനെപോയ ഇൻസ്റ്റിറ്റ്യൂഷനുകളുമായി സഹകരിച്ച് അൽഖോബാറിൽ അന്താരാഷ്ട്ര സ്കൂൾ സ്ഥാപിച്ചാണ് വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിച്ചത്.
ആശുപത്രിയും മെഡിക്കൽ കോളജും സ്ഥാപിക്കാൻ പദ്ധതി പുരോഗമിക്കുകയാണ്. തീരദേശ മേഖലക്കായുള്ള എ.ഐ നവീകരണ പദ്ധതികളിലും വികസന സംരംഭങ്ങളിലും പങ്കാളിയാണ്. എം ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ്, ഹിദായ ഫൗണ്ടേഷൻ, സാറ ഫാമിലി ചാരിറ്റി ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ എന്ന നിലയിൽ സാമൂഹിക സേവന രംഗത്തും മുൻപന്തിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

