ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കർണാടക ക്രിക്കറ്റ് അസോ.സെക്രട്ടറിയും ട്രഷററും രാജിവെച്ചു
text_fieldsബംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ 2025 വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ. ശങ്കറും ട്രഷറർ ഇ.എസ്. ജയറാമും സ്ഥാനങ്ങൾ രാജിവെച്ചു. നിയമപരിശോധനക്കും പൊതുജന പ്രതിഷേധത്തിനും ഇടയിലാണ് രാജി. തീരുമാനത്തിന് പിന്നിലെ കാരണം ‘ധാർമിക ഉത്തരവാദിത്തം’ ആണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ രണ്ട് ദിവസമായി അരങ്ങേറിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങൾ കാരണം, ഞങ്ങളുടെ പങ്ക് വളരെ പരിമിതമാണെങ്കിലും, ധാർമിക ഉത്തരവാദിത്തം വഹിച്ച് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് ഞങ്ങൾ രാജിവെച്ചതായി അറിയിക്കുന്നു,’ എന്ന് സംയുക്ത പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.
നിരവധി നിയമപരമായ സംഭവവികാസങ്ങളെ തുടർന്നാണ് തീരുമാനം. ദുരന്തവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എഫ്.ഐ.ആറുകളിൽ നിന്ന് സംരക്ഷണം തേടി കെ.എസ്.സി.എയും ആർ.സി.ബിയും സംയുക്തമായി കർണാടക ഹൈകോടതിയെ സമീപിച്ചതിനുശേഷം കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ, ജൂൺ 10നകം സ്ഥിതിവിവരക്കണക്ക് സമർപ്പിക്കാൻ ഹൈകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
വാദം കേട്ട ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ, പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെങ്കിൽ, കെ.എസ്.സി.എയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകി.വെള്ളിയാഴ്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആർ.സി.ബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ സൊസാലെ ഉൾപ്പെടെ നാല് പേരെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പേർ ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള സുനിൽ മാത്യു, സുമന്ത്, കിരൺ കുമാർ എന്നിവരാണ്. നാലുപേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ശരിയായ അന്വേഷണം നടത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് ഇത് നടത്തിയതെന്നും ആരോപിച്ച് സോസാലെയുടെ നിയമസംഘം അറസ്റ്റിനെ ചോദ്യം ചെയ്തു. എന്നാൽ, കോടതി ഇടക്കാല ആശ്വാസം നിഷേധിച്ചു. പകരം വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ വാദം കേൾക്കാൻ തീരുമാനിച്ചു. അതേസമയം, കെ.എസ്.സി.എ അവരുടെ ഹർജിയിൽ പരിപാടിയിലെ പങ്കാളിത്തത്തിന്റെ വ്യാപ്തി വ്യക്തമാക്കി, പ്രവർത്തന ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം ഒഴിഞ്ഞുമാറി. ക്രിക്കറ്റ് ബോഡി പരിമിതമായ ലോജിസ്റ്റിക്കൽ പങ്ക് മാത്രമേ വഹിച്ചിട്ടുള്ളൂ എന്ന് അവർ വാദിച്ചു. "സ്റ്റേഡിയം പരിസരം വാടകക്ക് കൊടുക്കുക, സർക്കാറിൽനിന്നും പൗര അധികാരികളിൽനിന്നും ആവശ്യമായ അനുമതികൾ നേടുന്നതിന് സംഘാടകരെ സഹായിക്കുക എന്നിവ മാത്രമായിരുന്നു കെ.എസ്.സി.എയുടെ പങ്ക്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ടിക്കറ്റിങ്, പ്രവേശനം, സുരക്ഷ, ലോജിസ്റ്റിക്സ് എന്നിവയുടെ മുഴുവൻ ഉത്തരവാദിത്തവും ഇവന്റ് സംഘാടകർക്കും (ആർ.സി.ബി) നിയമ നിർവഹണ ഏജൻസികൾക്കും മാത്രമായിരുന്നു." എന്നാണ് അസോസിയേഷൻ ഹൈകോടതിയിൽ ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

