ഇറാൻ ഇന്ത്യയെ പിന്തുണക്കുന്ന രാഷ്ട്രം; സായുധ സംഘട്ടനം തടയാൻ ഇടപെടണം -ഖാർഗെ
text_fieldsറായ്ച്ചൂർ വാല്മീകി സർവകലാശാലയിലെ ചടങ്ങിൽ സംഘാടകർ സമ്മാനിച്ച വാളും ഗദയുമേന്തി മുഖ്യമന്ത്രി സിദ്ധരാമയ്യയും മല്ലികാർജ്ജുൺ ഖാർഗെയും
ബംഗളൂരു: രാജ്യം ഇന്ധനത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇറാൻ എപ്പോഴും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ടെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിൽ നടക്കുന്ന സായുധ സംഘട്ടനം തടയാൻ നമ്മൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് റായ്ച്ചൂരിൽ പൊതുയോഗത്തിൽ ഖാർഗെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരേയൊരു ഉച്ചത്തിലുള്ള മുദ്രാവാക്യം താൻ ‘വിശ്വ ഗുരു’ ആകാൻ പോകുന്നു എന്നതാണ്.
നിങ്ങൾ വിശ്വ ഗുരുവായാലും വീട്ടിലെ ഗുരുവായാലും ആളുകൾക്ക് വേണ്ടത് പെട്രോൾ, ഡീസൽ, ഭക്ഷണം, വസ്ത്രം, തലക്കുമുകളിൽ മേൽക്കൂര എന്നിവയാണ്. ഈ കാര്യങ്ങൾക്കായി അദ്ദേഹം പരിശ്രമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഇന്ന് സർവകലാശാലകളിലും മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ആർ.എസ്.എസ് സിലബസ് പഠിപ്പിക്കുന്നു. എല്ലായിടത്തും ആർ.എസ്.എസുകാർക്ക് അവരുടെ കുട്ടികൾക്കായി പോസ്റ്റിങ്ങുകൾ ലഭിക്കുന്നു.
മറ്റുള്ളവർ അതിജീവനത്തിനായി പാടുപെടുകയും ചെയ്യുന്നു. കോൺഗ്രസ് സർക്കാർ സാമൂഹിക നീതിക്കായി പരിശ്രമിക്കുന്നതുപോലെ രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് അത് ചെയ്യാൻ കഴിയില്ല. പ്രതിപക്ഷത്തെ ഇകഴ്ത്തിക്കാണാൻ ശ്രമിച്ചാൽ രാജ്യത്തെ നേതാക്കളും ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും അത് സഹിക്കില്ല. പഹൽഗാം ഭീകരാക്രമണത്തിനുശേഷം വിളിച്ചുചേർത്ത സർവകക്ഷി യോഗങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ അഭാവം പരാമർശിച്ച് പ്രതിപക്ഷത്തെ നിസാരവത്കരിച്ച നടപടിയാണതെന്ന് ഖാർഗെ ആരോപിച്ചു.
പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ ബഹുമാനക്കുറവാണ് അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രതിഫലിപ്പിക്കുന്നത്. രാജ്യം ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ, പാകിസ്താൻ തീവ്രവാദികൾ പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തി. മറുപടിയായി ഇന്ത്യൻ സായുധസേന പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി.രാജ്യത്തെ പ്രതിരോധിക്കാൻ രാജ്യമൊന്നാകെയും സായുധസേനയും ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ചിലർ വ്യക്തിപരമായ അംഗീകാരം നേടാൻ ശ്രമിച്ചു.
അവർ സൈന്യത്തിൽ ക്യാപ്റ്റനായോ കേണലായോ ലെഫ്റ്റനന്റ് കേണലായോ സേവനമനുഷ്ഠിച്ചിരുന്നെങ്കിൽ രാജ്യത്തിനുവേണ്ടി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനും പോരാടിയതിനും അവരെ അഭിനന്ദിക്കുമായിരുന്നു. പക്ഷേ അങ്ങനെയല്ല-ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെ ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്കൊപ്പം ഖാർഗെ, നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും റായ്ച്ചൂർ സർവകലാശാലയുടെ നാമകരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് സർവകക്ഷി യോഗം വിളിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടുതവണ യോഗങ്ങൾ വിളിച്ചപ്പോൾ പ്രധാനമന്ത്രി രണ്ടുതവണയും പങ്കെടുത്തില്ല. എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. കന്യാകുമാരിമുതൽ കശ്മീർവരെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ചിരുന്നു. എന്നാൽ രാജ്യത്തുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നു. പകരം, അദ്ദേഹം ബിഹാർ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ തിരക്കിലായിരുന്നു.
എന്താണ് അതിന്റെ അർഥം? രാജ്യവും സൈനികരും ഒരു വശത്ത് പോരാടുമ്പോൾ പ്രധാനമന്ത്രി ഞങ്ങളെ ഒരു സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിനുശേഷം മറുവശത്ത് പ്രചാരണം നടത്താൻ തീരുമാനിച്ചു. ഇത് അനുചിതമാണ്. അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് മോദി ‘ഫിർ ഏക് ബാർ ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യം വിളിച്ചു. ഈ മഹാനായ മനുഷ്യൻ അമേരിക്കയിൽവെച്ചാണ് ഇത് പറഞ്ഞത്, പക്ഷേ ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തി. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് മൗനത്തിലാണെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

