ദേശീയ തലത്തിൽ സ്വർണം; ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് ബംഗളൂരു മലയാളി
text_fieldsസ്വർണമെഡലുമായി കെ.വി. ഗിരീഷ് കുമാർ
ബംഗളൂരു: ബോർഡ് ഓഫ് കൺട്രോൾ ഫോർ ആം റസ്ലിങ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കർണാടക ആം റസ്ലിങ് അസോസിയേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ബംഗളൂരു മലയാളി. മാസ്റ്റേഴ്സ് 70 കിലോ (ലെഫ്റ്റ് ഹാൻഡ്) വിഭാഗത്തിലാണ് ബംഗളൂരു മലയാളിയായ കെ.വി. ഗിരീഷ് കുമാർ സ്വർണ മെഡലുമായി വീണ്ടും ദേശീയ ചാമ്പ്യനായത്. മേയ് 18 മുതൽ 21വരെ ബംഗളൂരുവിലാണ് ദേശീയ ചാമ്പ്യൻഷിപ് നടന്നത്. 2022ൽ ഗോവയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലും ഇതേ വിഭാഗത്തിൽ സ്വർണം നേടിയിരുന്നെങ്കിലും ലോക ചാമ്പ്യൻഷിപ് ഫ്രാൻസിലായിരുന്നതിനാൽ പോകാനായില്ല. ഇത്തവണ മലേഷ്യയിലെ ക്വാലാലംപുരിലാണ് വേൾഡ് ആം റസ്ലിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 മുതൽ ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ് നടക്കുന്നത്. അതിനാൽ തന്നെ സ്പോൺസറുടെ സഹായത്തോടെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗിരീഷ് കുമാർ.
കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ തായമ്പത്ത് നാരായണന്റെയും അമൃതവല്ലിയുടെയും മകനായ ഗിരീഷ് കുമാർ ബംഗളൂരുവിലെ അൾസൂരിലാണ് താമസം. ‘സെനിക്സ് റെമഡീസ്’ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബിസിനസ് മാനേജരായി ജോലിചെയ്യുന്ന ഗിരീഷ് കഴിഞ്ഞ മൂന്നുവർഷത്തിലധികമായി പഞ്ചഗുസ്തിയിൽ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞവർഷം കർണാടക സ്റ്റേറ്റ് ആം റസ്ലിങ് അസോസിയേഷൻ നടത്തിയ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ഈ വർഷത്തെ കർണാടക സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 70 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടിയതിനൊപ്പം 70 കിലോ സിനീയേഴ്സ് വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയുണ്ടെന്നും സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗിരീഷ് കുമാർ പറഞ്ഞു. എൻ.കെ. സൗമ്യയാണ് ഭാര്യ. ഗീതാഞ്ജലി, നരെയ്ൻ മാധവ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

