അന്ന്​ മഴ നൊസ്​റ്റുവും, പ്രണയവുമായിരുന്നു പക്ഷേ ...

അൻസിൽ.എൻ.എ
16:41 PM
15/08/2019
paper-boat

‘‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല‘‘. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന വിഖ്യാത കഥ തുടങ്ങുന്നത്​ ഇങ്ങനെയാണ്​. 

സ്​കൂളിൽ പഠിക്കു​േമ്പാ മലയാളം പാഠാവലിയിൽ ഇൗ കഥ ഒറ്റയിരുപ്പിന്​ വായിച്ചത്​ അത്യന്തം സേഫ്​സോണിൽ ഇരുന്നായിരുന്നു. വേര്‍പാടി​​​​​െൻറ വേദനയും ചേന്നന്‍ എന്ന ദലിത് കഥാപാത്രവും ഒറ്റക്കായിപ്പോയ, അല്ല ഒറ്റപ്പെടുത്തിയ നായയുടെ മാനസിക വിഭ്രാന്തികളും കൺമുന്നിൽ കാണുന്ന ദൃശ്യപ്പൊലിമയിലല്ലേ തകഴിയെന്ന മഹാനായ കഥാകാരൻ എഴുതിവെച്ചത്​. ‘99’ലെ വെള്ളപ്പൊക്കത്തി​​​​​െൻറ കഷ്​ടതകളേക്കാൾ മഴയുടെ ഗൃഹാതുരത മാത്രമായിരുന്നു എന്നെ ആകർഷിച്ചിരുന്നത്​. നമ്മിലേക്ക്​ വരാത്തതും എത്താത്തതും നാം കാണാത്തതും എല്ലായ്​പ്പോഴും ഫാൻറസി കഥ പോലെ മാത്രമേ തോന്നിയിരുന്നുള്ളൂ 2018 ഒാഗസ്​റ്റ്​ 15ലെ സ്വാതന്ത്ര്യദിനം വരെ. വെള്ളം പൊങ്ങുകയും അതേവേഗത്തില്‍ ഇറങ്ങുകയും ചെയ്യുന്ന പതിവ് രീതിയായിരുന്നു നാം കണ്ടു ശീലിച്ചിരുന്നത്​. എന്നാൽ മൂന്നു ദിനരാത്രങ്ങൾ നിർത്താതെ പെയ്​ത മഴക്കു മുമ്പിൽ കേരളം വിറങ്ങലിച്ചു നിന്ന നാളുകളുടെ ഒന്നാം വാർഷികമാണ്​ ഇൗ ഒാഗസ്​റ്റ്​ മാസം മലയാളികൾക്ക്​. അന്നുവരെയുണ്ടായിരുന്ന ‘നൊസ്​റ്റു’ ‘പ്രണയം’ ‘ക്ലാര’ എന്നൊക്കെയുള്ള സ്വകാര്യ അനുഭൂതികളു​െട പളുങ്ക്​ പാത്ര ബിംബങ്ങൾ തകർന്നടിഞ്ഞു.  

heavy-rain

കഴിഞ്ഞ വർഷം ആഗസ്​റ്റ്​ ആദ്യ ആഴ്​ച മാതാപിതാക്കൾ രണ്ടുപേരും വിശുദ്ധ ഹജ്ജ്കർമം നിർവഹിക്കുന്നതിന്​ കടലിനക്കരെ പോയിരുന്ന സമയം. വല്ലപ്പോഴും വിളിക്കുന്ന ഫോൺ കാൾ മാത്രമായിരുന്നു ആശ്വാസം. ആഗസ്​റ്റ്​ 15 സ്വാതന്ത്ര്യദിനം പ്രമാണിച്ച്​ വീട്ടിലെത്തിയ എനിക്ക്​ പിന്നീട്​ ജോലിക്ക്​ പോകാനായത്​ നാലുദിവസങ്ങൾക്കു ശേഷമായിരുന്നു. ട്രെയിനും ബസും ഉൾപ്പെടെ ഗതാഗതമാർഗങ്ങൾ പൂർണമായും നിലച്ചിരുന്നു. എന്തിന്,​ വിമാനത്താവളം വരെ വെള്ളത്താൽ മൂടിയിരുന്നത്​ ഇന്നും ഭീതിയോടെയല്ലാതെ ഒാർത്തെടുക്കാനാവില്ല. ഒര​ു മിനിറ്റ് പോലും തോരാതെ മഴ തുള്ളി തുള്ളി വിട്ട്​ സംഹാര രൂപിയായി മാറി. വീടിന്​ ഒന്നര കിലോമീറ്റർ അകലെ എ​​​​​െൻറ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെയാക്കിയ സ്വാതന്ത്ര്യദിനമായിരുന്നു അന്ന്​. പാലം തൊട്ടുരുമ്മി അലറിയൊഴുകുന്ന തൊടുപുഴയാറി​​​​​െൻറ ദൃശ്യങ്ങളൊക്കെ വീട്ടിൽ ഒറ്റക്കിരുന്ന്​ ടിവിയിൽ കണ്ട്​ മനം മടുത്തിരിക്കവേയാണ്​ തൊട്ടടുത്ത്​ താമസിക്കുന്ന മാമൻ വന്ന്​  കിണർ സ്​ഥിതി ചെയ്യുന്ന പറമ്പിൽ വെള്ളം നിറഞ്ഞോ എന്ന് നോക്കാൻ പറയുന്നത്​. വെള്ളമടിക്കുന്ന കിണറ്റിൻകരയിലെ മോ​േട്ടാർ ഉയർത്തിവെക്കണമെന്ന ബോധം പോലും അപ്പോഴാണ്​ വരുന്നത്​. ഒരു കയ്യിൽ കുടയും മറുകയ്യിൽ രണ്ടു വയസ്​ മാത്രമുള്ള കുഞ്ഞാവയെയും എടുത്തുള്ള കിണറ്റിൻ കരയിലേക്കുള്ള യാത്ര പെട്ടന്നായിരുന്നു. 

well

‘വെള്ളം എനിക്കും കാണണം’ എന്ന്​ പറഞ്ഞ്​ കരഞ്ഞതിനാൽ മാ​ത്രമാണ്​ കുഞ്ഞിനെ തോളിലെടുത്തത്​.  എന്തോ ഭാഗ്യത്തിനാണ്​ കിണറ്റിൻ കരയിലെത്തും മു​േമ്പ കുഞ്ഞിനെ തറവാട്ട്​ വീട്ടിലെ കുട്ടിയെ ഏൽപ്പിക്കാൻ എനിക്ക്​ തോന്നിയത്​. പറമ്പിലെമ്പാടുമായി റബർ വെക്കാൻ എടുത്ത കുഴികളിൽ ചിലതൊന്നും നന്നായി മൂടിയിരുന്നില്ല. അതൊന്നും അറിയാത്ത വിധം കിണറ്റിലെ വെള്ളവും മഴവെള്ളവും ചങ്ങാത്തം കൂടും വിധം കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്​ഥിതിയിലേക്ക് എത്തിയിരുന്നു. കിണറിന്​ ഏതാണ്ട്​ 10 അടി മാത്രം അകലത്തിൽ ഞാൻ നടന്ന്​ എത്തി. അടുത്ത കാലെടുത്തു വെച്ചത് നല്ല ഒന്നാന്തരം കുഴിയിലേക്കായിരുന്നു. എ​​​​​െൻറ അരയ്​ക്കൊപ്പം വെള്ളം ആ സമയത്ത്​ കുഴിയിലുണ്ടായിരുന്നു. അല്ല, അങ്ങനെയല്ല, എ​​​​​െൻറ അരയ്​ക്കൊപ്പം ആഴമുള്ള ആ കുഴി നിറഞ്ഞും വെള്ളമുണ്ടായിരുന്നു എന്ന്​ പറയുന്നതാകും ശരി. ഞാനും പോക്കറ്റിൽ കിടന്ന സ്​മാർട്ട്​ഫോണും  ഒന്ന് മുങ്ങി നിവർന്നു... അൽപ നേരം എന്താ സംഭവിച്ചേ എന്ന് പോലും മനസിലായില്ല.. ​കിണറ്റിൻകരയിലുണ്ടായിരുന്നവരെല്ലാം ചേർന്ന്​ എന്നെ പിടിച്ചുകയറ്റി. 

smart-phone-on-water

ഏതാനും സെക്കൻറ്​ നേരത്തെ ‘മുങ്ങിക്കുളി’യിൽ ഫോൺ തനിനിറം കാട്ടിക്കഴിഞ്ഞിരുന്നു. ഒരു വിറയൽ ഒഴിച്ചാൽ ഫോൺ ഏതാണ്ട്​ ചത്ത അവസ്​ഥയിലായി എന്ന യാഥാർഥ്യം നിസ്സഹായതയോടെ എനിക്ക്​ മനസ്സിലായി. ‘പപ്പാടെ ഫോൺ, വെള്ളം, വീണു, ചാടിപ്പോയി, കുഴീല്​...’ തനിക്കറിയാവുന്ന ഭാഷയിൽ രണ്ടുവയസുകാരി പറഞ്ഞൊപ്പിച്ചു. രാത്രി വൈകി സൗദിയിൽ നിന്ന്​ അവളുടെ വെല്യാപ്പ വിളിച്ചപ്പോഴും വൈകീട്ടത്തെ അതേ വാചകങ്ങൾ മറക്കാതെ കുഞ്ഞ്​ ​േഫാണിലൂടെ ആവർത്തിച്ചുകൊണ്ടിരുന്നു. അന്ന്​ സന്ധ്യക്ക്​ രണ്ട​ും കൽപ്പിച്ച്​ ഫോൺ നന്നാക്കാൻ ബൈക്കിൽ ടൗണിലേക്കിറങ്ങിയ എനിക്ക്​ പോകാനായത്​ വീട്ടിൽ നിന്നും ഏതാണ്ട്​ ഒന്നര കിലോമീറ്റർ ദൂരം മാത്രമായിരുന്നു. പിന്നീട് ഫോൺ ഇല്ലാത്ത ദിവസങ്ങൾ. വീട്ടിൽ അരി ഉൾപ്പെടെ തീർന്നു. മഴ കാരണം വാങ്ങാൻ പോകാൻ പറ്റാത്ത സ്ഥിതി. താഴെയുള്ള കടയിലാവട്ടെ സാധനമെല്ലാം തീരാറായിരുന്നു. ഓരോരുത്തരുടെ വീട് ഉൾപ്പെടെ പോയ വേദനയിൽ മ്മടെ ഒക്കെ ഈ ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് ബോധ്യമായ നിമിഷങ്ങളാണ് കടന്നു പോയത്... 

ശൂന്യതകളിൽ എവിടെയോ ഓർത്തു പോയി.. ഇവിടെ ഇപ്പോൾ പൊളിറ്റിക്സ് ഇല്ലല്ലോ, ജാതി, മതം, ഒന്നുമില്ല. മനുഷ്യമതം.. എല്ലാവരും ഒന്നിച്ചു. നാം ഇതിനെ അതിജീവിച്ചു..ഒരു പ്രളയം പഠിപ്പിച്ച പാഠം എഴുതിയാൽ തീരുന്നതല്ല. ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന ദുരന്തങ്ങളുടെ ബാക്കി പത്രം. ചോദ്യചിഹ്നം ഒരുപാട് ബാക്കി നിർത്തിയാണ്​ ആർത്തലച്ചു പെയ്​തിറങ്ങിയ മഴ പിൻവലിഞ്ഞത്​. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളക്ക്​ ശേഷമാണ് ചെറുതോണി അണക്കെട്ടി​​​​​െൻറ അഞ്ച്​ ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. ടിവിയിൽ വാർത്താ അവതാരകർ വെള്ളം കയറിയ ഇടങ്ങളിൽ മൈക്കും പിടിച്ചു നിന്ന്​ ‘വിക്കിപീഡിയ’ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്​. റിമോർട്ട്​ കൺട്രോൾ ‘മ്യൂട്ട്​’ ചെയ്​ത്​ വെച്ച്​ ശബ്​ദങ്ങളെ അകലേക്ക്​ പായിക്കാൻ ഞാൻ വെറുതെ ഒരുശ്രമം നടത്തി. അതിജീവനത്തി​​​​​െൻറ പെട്ടകം നിറഞ്ഞു തുളുമ്പി ചില വസ്​തുക്കൾ ആ പ്രളയകാലം തീർന്നപ്പോ കരക്കടിഞ്ഞിരുന്നു. വെള്ളപ്പൊക്കം കൊണ്ടിട്ടു പോയ ചില സൈന്‍ബോര്‍ഡുകളുടെ പട്ടികയിൽ ‘അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം’, ‘ഇത് പൊതുവഴിയല്ല’ തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. പണം ഉണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാം എന്ന മനുഷ്യരു​െട അഹങ്കാരവും തോന്നലുമാണ്​ ഇല്ലാതായത്​. എത്ര കോടീശ്വരനാണങ്കിലും...

board-in-flood

വെള്ളമിറക്കം തുടങ്ങി, ചേന്നന്‍ നീന്തിത്തുടിച്ച്​ പട്ടിയെ അന്വേഷിച്ച്​ കൊട്ടിലിലേക്ക്​ വരികയാണ്. ഒരു തെങ്ങിന്‍ചുവട്ടില്‍ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു. ഓളങ്ങള്‍ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. പെരുവിരൽ കൊണ്ടു ചേന്നന്‍ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി. അതവ​​​​​െൻറ പട്ടിയാണെന്ന്​ സംശയം തോന്നി. ഒരു ചെവി മുറിഞ്ഞിരിക്കുന്നു. തൊലി അഴുകിപ്പോയിരുന്നതിനാല്‍ നിറം എന്തെന്നറിഞ്ഞുകൂടാ. തകഴി എഴുതി നിർത്തിയിരിക്കുന്നു. 

ഭയപ്പെടേണ്ടതില്ല, ഒരു മഴയും പെയ്​തുതോരാതിരുന്നിട്ടില്ല ഇന്നോളം. എങ്കിലും വിളിച്ചു വരുത്തിയിട്ട്​ ഏറ്റവും കൂടുതൽ അപമാനിച്ചു വിട്ടത്​ മഴയെ ആയിരിക്കും.. ഒരുപക്ഷേ നാം ഓരോരുത്തരും. 


 

Loading...
COMMENTS