മാറ്റങ്ങൾക്കായി ഗുരു പുനർജനിക്ക​ട്ടെ...  

sreenarayanaguru

ജോലിക്കായുള്ള ഓട്ടത്തിനിടയിൽ ബസ്റ്റോപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആകെയുള്ള സമാധാനവും ആശ്വാസവും ദിവസേന കയറുന്ന ബസ്സിൽ വെക്കുന്ന പാട്ടുകളാണ്. അത്​ കേട്ടങ്ങനെ യാത്ര ചെയ്യുന്നതിന്​​ ഒരു പ്രത്യേക ഫീലാണ്​... പാട്ടുകൾ തിരഞ്ഞെടുത്ത് വെക്കുന്നതിൽ കണ്ടക്ടർ ചേട്ടനുള്ള കഴിവിനെ അംഗീകരിക്കുക തന്നെ വേണം. പതിവുപോലെ ബസ്സിൽ ഓടിക്കയറിയപ്പോൾ സാമാന്യം ശബ്ദത്തിൽ വെച്ച പാട്ടിൽ തന്നെയായിരുന്നു എൻറെ ശ്രദ്ധ. 

bus-journey-inside

‘‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, 
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ..’’

1986ൽ പുറത്തിറങ്ങിയ ‘സ്വാമി ശ്രീനാരായണഗുരു’ എന്ന ചിത്രത്തിലെ ബ്രഹ്മാനന്ദൻ ആലപിച്ച വരികൾ ആയിരുന്നു അത്. ഗുരുവിൻെറ തന്നെ വരികൾ. ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം ആണെന്ന കാര്യം അപ്പോഴാണ്​ ഓർമ്മ വന്നത്​. കാലത്തിൻറെ അനിവാര്യതയെന്നോണമായിരുന്നു ഗുരുവിൻറെ ജനനം. മനുഷ്യൻറെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന, ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യൻ പരസ്പരം അകറ്റി നിർത്തിയിരുന്ന കാലഘട്ടത്തിലാണ് ഗുരു ഭൂജാതനായത്. 

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന്​ ലോക​ത്തോട്​ ഉദ്​ഘോഷിച്ച ഗുരു വിഭാഗീയതകൾ ഇല്ലാത്ത ഒരു ലോകത്തിൻറെ പുന:സൃഷ്ടിക്കായി സ്വന്തം ജീവിതം മാറ്റിവെച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠക്കെതിരെ രംഗത്തു വന്ന ബ്രാഹ്​മണ മേധാവിത്വത്തിന്​​ ‘നാം പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല, നമ്മുടെ ശിവനെയാണല്ലോ’ എന്ന്​ നൽകിയ മറുപടി ജാതീയത എന്ന ഇരുട്ടിൽ നിന്നും സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഒരു താക്കീതായിരുന്നു. അധികാരമുള്ളവൻ അതില്ലാത്തവനെ അടിച്ചമർത്തുന്നത് നാം ഇന്നും കാണുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ഗുരുവിൻറെ മൂല്യമുള്ള വാക്കുകൾ സൂചിപ്പിക്കുന്നത് വിദ്യാഭ്യാസമില്ലാത്തതിൻെറ പേരിലുള്ള അടിച്ചമർത്തലുകളിൽ നിന്ന് മുക്​തി നേടണമെന്നാണ്.

sreenarayanaguru2

ഗുരുവിൻറെ കാലഘട്ടത്തിലെ സാമൂഹിക അവസ്ഥകളിലേക്ക് എൻെറ ചിന്തകളുടെ വേരിറങ്ങും മുമ്പേ തന്നെ ഇന്നത്തെ സമൂഹം അനുഭവിക്കുന്ന ദുരവസ്ഥകളിലേക്കും മനസ്​ ഓടിയെത്തി.. അകറ്റി നിർത്തലും മറ്റ്​ സാമൂഹിക ദുരവസ്ഥകളും പണ്ടത്തെ പോലെ തന്നെ ഇന്നും നിലനിൽക്കുന്നു, എന്നാൽ അവയുടെ രൂപവും ഭാവവും കാലത്തിനനുസരിച്ച്  മാറിയെന്നു മാത്രം. അഴിമതിയും കൊലപാതകങ്ങളും വർഗീയതയും അരങ്ങുവാഴുന്ന സമൂഹത്തിലാണ് ഇന്ന് നാം അധിവസിക്കുന്നത്. കാടുകയറിയ ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് ബസ് റോഡിലെ കുഴികളിലൊന്നിൽ താഴ്ന്നു പൊങ്ങി.

ഒരു വാഹനം റോഡിൽ ഇറക്കാനുള്ള നികുതിയെല്ലാം ഒടുക്കിയിട്ടും ഇതാണ് അവസ്ഥ. റോഡ് മുഴുവൻ കുണ്ടും കുഴിയുമായി കിടക്കുന്നു. ഓരോ വർഷവും നികുതി കൂട്ടുന്നതിനും പിഴ ഈടാക്കുന്നതിനും അധികാരത്തിലിരിക്കുന്നവർക്ക് നല്ല കഴിവാണ്. റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ തിരക്ക് കണ്ടാലറിയാം എത്രത്തോളം നികുതിപ്പണമാണ് ഖജനാവിൽ എത്തുന്നതെന്ന്. എന്നാൽ സുഗമമായി വണ്ടിയോടിക്കാൻ നമുക്ക് കഴിയുന്നുണ്ടോ.. നികുതി വാങ്ങുന്നതല്ലാതെ റോഡിലെ മരണക്കുഴികൾക്ക്​ പരിഹാരമാവാത്തത്​ എന്തുകൊണ്ടാണ്..? വിദ്യകൊണ്ട് സ്വതന്ത്രരാവൂ എന്ന്‌ ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ ഇന്നത്തെ ജനത സാക്ഷരരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ? 

bad-road

നാം നമ്മളിലേക്ക് ചുരുങ്ങുകയും നമ്മുടെ പ്രതികരണ ശേഷി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.  മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും, വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നുമുള്ള ശ്രീനാരായണഗുരുവിൻെറ വചനങ്ങൾ എത്രത്തോളം അർത്ഥവത്താണ്... അവ കാലങ്ങൾക്കിപ്പുറവും പ്രസക്തമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അറുതിവരുത്താൻ വിദ്യകൊണ്ട് മാത്രമേ സാധ്യമാകൂ. ‘എന്തുകൊണ്ട്.? ’ എന്ന ചോദ്യം സ്വയം ചോദിക്കുക, അത് എല്ലാത്തിനും ഉത്തരം തരും.. ‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’ എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ...അനാചാരങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ശബ്ദം ഉയർത്തിയാൽ മാത്രമേ അവയ്​ക്ക്​ അറുതി വരുത്താനാവൂ. 

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിൽ 1856 ആഗസ്റ്റ് 20നാണ്​ ശ്രീനാരായണഗുരുവിൻെറ ജനനം. ജാതി-മത ദുരാചാരങ്ങളും അയിത്തത്തിനുമെതിരെ ആഞ്ഞടിച്ച മഹാത്മാവായിരുന്നു അദ്ദേഹം. ഗുരുവിനെ വിശേഷിപ്പിക്കാൻ അക്ഷരങ്ങളുടെ ആവനാഴി തികയാതെ വരും. മഹാകവി കുമാരനാശാനും ഡോ.പൽപ്പുവും ഗുരുവിൻെറ ഉറ്റ ചങ്ങാതിമാരായിരുന്നു. പുതിയ വിദ്യാഭ്യാസ രീതികളെ പ്രോത്സാഹിപ്പിച്ച ഗുരു, സ്ത്രീകൾ അനുഭവിച്ച അടിമത്തത്തേയും തിരണ്ടുകുളി, സദ്യ, താലികെട്ടുകല്യാണം തുടങ്ങിയ സ​​മ്പ്രദായങ്ങളുടെ പേരിലുള്ള ധൂർത്തുകളെയും എതിർത്തു. 

guru-with-kumaranasan

രോഗബാധിതനായതിനെത്തുടർന്ന് 1928 സെപ്തംബർ 20ന് ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയായത്. ഗുരുവിൻെറ സംഭാവനകളെ സ്​മരിക്കാനും അദ്ദേഹത്തിൻെറ ഓർമ്മ നിലനിർത്താനുമായി എല്ലാ വർഷവും ശ്രീനാരായണ ഗുരു സമാധി ദിനം നാം ആചരിക്കാറുണ്ട്​. ഇന്നത്തെ സമൂഹത്തെ മാറ്റത്തിൻെറ വഴിയെ നയിക്കാൻ ശ്രീനാരായണ ഗുരു പുനർജനിക്കേണ്ടത്​ കാലത്തിൻെറ അനിവാര്യതയായി മാറിയിരിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന്​ പ്രതീക്ഷിക്കാം..

Loading...
COMMENTS