എട്ടുനിലയിൽ പൊട്ടുന്ന ഹാസ്യം, ഇദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകത

  • ആരെയെങ്കിലും അനുകരിക്കുകയോ ആരാലെങ്കിലും അനുകരിക്കപ്പെടുക​േയാ ചെയ്യാത്ത ഒരപൂർവ ഭാഷയുടെ സ്രഷ്​ടാവായിരുന്നു വി.കെ.എൻ.

VKN.jpg

ആരെയെങ്കിലും അനുകരിക്കുകയോ ആരാലെങ്കിലും അനുകരിക്കപ്പെടുക​േയാ ചെയ്യാത്ത ഒരപൂർവ ഭാഷയുടെ സ്രഷ്​ടാവായിരുന്നു വി.കെ.എൻ. ബൗദ്ധികതലത്തിൽ മാത്രം എട്ടുനിലയിൽ പൊട്ടുന്ന ഹാസ്യവും അദ്ദേഹത്തി​​െൻറ മാത്രം പ്രത്യേകതയായിരുന്നു. എഴുത്തിൽ മാത്രമല്ല, ജീവിതത്തിലുടനീളവും ഇൗ ബൗദ്ധികനിലവാരമുള്ള ഹാസ്യം കൊണ്ടുനടക്കാനും അദ്ദേഹത്തിന്​ കഴിഞ്ഞു. ഇൗ ‘കഥ’ കേട്ടുനോക്കൂ.

ഒരിക്കൽ ഡൽഹിയിൽനിന്ന്​ അവധിക്ക്​ വന്നപ്പോൾ കോഴിക്കോ​െട്ടത്തിയ വി.കെ.എൻ ‘മാതൃഭൂമി’യിലേക്ക്​ ഫോൺ ചെയ്​തു. ഫോണെടുത്ത ​റിസപ്​ഷനിലെ പെൺശബ്​ദത്തോട്​ വി.കെ.എൻ ചോദിച്ചു: വാസുവുണ്ടോ..?
-വാസുവോ..?
-അതെ വാസു എന്നല്ലേ ഇപ്പോഴും വാസുവി​​െൻറ പേര്​..?
-വാസു എന്നൊരാൾ ഇവിടെയില്ലല്ലോ.
-വാസു ഇല്ല അല്ലേ. എം.ടിയുണ്ടോ..?
-ഉവ്വ്​. അദ്ദേഹം എത്തിയിട്ടില്ല. 
-ഇന്ന്​ വരുമോ..?
-വര​ും. ആര്​ വിളിച്ചു എന്ന്​ പറയണം..?
- വാസ്​കോ ഡി ഗാമ.
(ഫോണിൽ കുറച്ചുനേരം ശബ്​ദമില്ല)
-ആര്​ സർ? പെൺശബ്​ദം അമ്പരപ്പോടെ. 
-വാസ്​കോ ഡി ഗാമ. കേട്ടിട്ടി​ല്ലേ..?
-കേട്ടിട്ടുണ്ട്​. പ​േക്ഷ ഇവിടെ..?
-അതെ. മഹാറാണിയിലാണ്​. വാസു വരു​േമ്പാൾ പറയണം. വാസ്​കോ ഡി ഗാമ മഹാറാണിയിൽ കപ്പലിറങ്ങിയിട്ടുണ്ടെന്ന്​. 
-പറയാം സർ. ആശയക്കുഴപ്പത്തിൽ പെൺശബ്​ദം സമ്മതിച്ചു.
എം.ടി. വാസുദേവൻ നായർ വന്നപ്പോൾ റിസപ്​ഷനിസ്​റ്റ്​ ഇൗ ഡയലോഗ്​ പറയാതെ അറിയിച്ചു. 
-ഒരാൾ അന്വേഷിച്ച്​ വിളിച്ചിരുന്നു.
-ആര്​..?
അവൾ ഒന്നും പറയാതെ നിന്നു.
-പേരു പറഞ്ഞില്ലേ..?
-പറഞ്ഞു.
-മറന്നു​േപായോ..?
അവൾ മടിച്ചുമടിച്ച്​ ഒരു വിഡ്​ഢിത്തം പോലെ പറഞ്ഞു.
-വാസ്​കോ ഡി ഗാമ എന്നാണ്​ പറഞ്ഞത്​.
എം.ടി ഉറക്കെ ചിരിച്ചു. ചിരിക്കാത്ത മനുഷ്യൻ ചിരിക്കുന്നതു കണ്ട്​ റിസപ്​ഷനിസ്​റ്റ്​ വനിത ഒന്നുകൂടി അമ്പരന്നു.
-വാസ്​കോ ഡി ഗാമ പിന്നെന്തു പറഞ്ഞു..?
-ഹോട്ടൽ മഹാറാണിയിൽ കപ്പലിറങ്ങിയിട്ടു​െണ്ടന്ന്​. 
എം.ടിക്ക്​​ ഉടൻ കഥാസാരം പിടികിട്ടി. മഹാറാണിയിൽ കപ്പലിറങ്ങുന്ന ഒറ്റ വാസ്​കോ ഡി ഗാമയേ ഇൗ ലോകത്തുള്ളൂ! വന്ന കാറിൽതന്നെ എം.ടി മഹാറാണിയിലേക്ക്​ തിരിച്ചു.

ഇതൊരു സംഭവകഥയാണ്​. വി.കെ.എൻ എന്ന എഴുത്തുകാരനെക്കുറിച്ച്​ കെ. രഘുനാഥൻ എഴുതിയ ‘മുക്തകണ്​ഠം വി.കെ.എൻ’ എന്ന ജീവിതാഖ്യായികയിലാണ്​ ഇൗ വിവരണമുള്ളത്​. വി. കെ.എൻ എന്ന എഴുത്തുകാര​​െൻറ കൃതികളെക്കുറിച്ചും എഴുത്ത്​ ശൈലിയെക്കുറിച്ചും മാത്രമല്ല, എഴുത്തുകാരനിലെ മനുഷ്യനെക്കുറിച്ചും വിശദമായി പറയുന്ന ഒരു പുസ്​തകമാണിത്​. ഒരു ‘വി.കെ.എൻ കൃതി’പോലെത്തന്നെ ഒറ്റയിരിപ്പിൽ വായിപ്പിക്കുന്നത്​. 
വടക്കേ കൂട്ടാല നാരായണൻ നായർ എന്ന വി.കെ.എന്നി​​െൻറ യൗവനവും വാർധക്യവും, മനസ്സും ശരീരവും, ചിരിയും ചിന്തയും, ദുഃഖവും സന്തോഷവും, രഹസ്യവും പരസ്യവും എല്ലാം ഒപ്പിയെടുത്ത്​ വായനക്കാരന്​ നൽകുകയാണിവിടെ. ചുരുക്കിപ്പറഞ്ഞാൽ വി.കെ.എൻ എന്ന സാഹിത്യത്തിലെ ഭൂതത്തി​​െൻറ വർത്തമാനങ്ങൾ ഇവിടെ മുക്തകണ്​ഠം വായിക്കാം.

വി.കെ.എന്നി​​െൻറ കടുത്ത ആരാധകർക്കും അടുപ്പക്കാർക്കും അറിയാത്ത നിരവധി വിവരങ്ങളോടൊപ്പം ഗ്രന്ഥകർത്താവുതന്നെ ഒളിഞ്ഞും ​െതളിഞ്ഞും സാക്ഷിയായും അനുഭവസ്​ഥനായും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. ഡൽഹി ജീവിതം, അതിനുമുമ്പ്​ ദേവസ്വം വകുപ്പിൽ ഉദ്യോഗസ്​ഥനായിരുന്ന കാലത്തെ കാര്യങ്ങൾ, തിരിച്ച്​ തിരുവില്വാമലയിൽ എത്തിയശേഷം മരിക്കുന്നതു വരെയുള്ള വിവരങ്ങൾ... എന്നിവയെല്ലാം ഇതി​​െൻറ താളുകളിലുണ്ട്​.അതേസമയം, ഒരെഴുത്തുകാര​​െൻറ ജീവചരിത്രമല്ല ഇൗ താളുകളിലുള്ളത്​.
മറിച്ച്,​ ഇതുവരെ ഒരാളുടെ കൃതികളിലൂടെ മാത്രം ഉൗഹിച്ചെടുത്തിരുന്ന എഴുത്തുകാരനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എത്രത്തോളം ശുഷ്​കമായിരുന്നു എന്ന്​ വായനക്കാരനെ ബോധ്യപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന ഒരു അപൂർവ സൃഷ്​ടികൂടിയാണിത്​. 

വി.കെ.എൻ എന്ന വ്യക്തിക്ക്​ മലയാളത്തിലെ മറ്റ്​ എഴുത്തുകാരുമായുള്ള ബന്ധങ്ങളെക്കുറിച്ചും അവരുടെ കൂടിച്ചേരൽ വേളകളിലെ അതീവ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളും അതി​​െൻറ രസം ഒട്ടും ചോർന്നുപോകാതെ രഘുനാഥൻ വിവരിക്കുന്നുണ്ട്​. ഇതൊക്കെ എഴുത്തി​​െൻറ ഉയർന്ന നിലവാരത്തെ കാംക്ഷിക്കുന്ന വായനക്കാരെ വലിയതോതിൽതന്നെ തൃപ്​തിപ്പെടുത്താതിരിക്കില്ല. 

ത​​െൻറ ഒരു നോവലി​​െൻറ മുഖവുരയായി ‘വരയുടെ പരമശിവനായ വാസ്വേവൻ നമ്പൂരിയുടെ വരകൾക്കുള്ള അടിക്കുറിപ്പാണ്​ ഇൗ പുസ്​തകം’ എന്ന്​ വി.കെ.എൻ എഴുതിയിട്ടുണ്ട്​. രേഖാചിത്രങ്ങളിലൂടെ കഥാ-നോവൽ സാഹിത്യത്തെ പ്രത്യേകതലത്തിലേക്ക്​ ഉയർത്തിയ ആർട്ടിസ്​റ്റ്​ നമ്പൂതിരിയെക്കുറിച്ചാണ്​ അദ്ദേഹം ഇങ്ങനെ എഴുതിയത്​. ഇൗ പുസ്​തകത്തിന്​ ആമുഖമെഴുതിയതും നമ്പൂതിരിയാണ്​. ഒരു ചിത്രകാരൻ എഴുത്തുകാരനെ എത്രമാത്രം സൂക്ഷ്​മമായി നിരീക്ഷിച്ചിട്ടുണ്ട്​ എന്ന അത്ഭുതവും ഇൗ ആമുഖത്തിൽ കാണാം. ‘ലിറ്റററി ജേണലിസം’ എന്ന കള്ളിയിൽ എന്നല്ല ഒരു കള്ളിയിലും ഒതുങ്ങാത്തത്രയും വ്യത്യസ്​തമാണ്​ ഇൗ പുസ്​തകം.

Loading...
COMMENTS