കൊടുങ്ങല്ലൂർ നഗരസഭയെ നയിക്കാൻ വനിതകൾ
text_fieldsഹണി പിതാംബരനും സുമിത നിസാഫും പദവികൾ ഏറ്റെടുത്ത ശേഷം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിയെ തുരത്തി ഇടതുഭരണം ആവർത്തിച്ച കൊടുങ്ങല്ലൂർ നഗരസഭയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വനിത നേതൃത്വം മറ്റൊരു പുതുചരിത്രമായി. കൊടുങ്ങല്ലൂർ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും വനിതകളാണ്. അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.ഐയിലെ ഹണി പീതാംബരനും വൈസ് ചെയർപേഴ്സനായി സി.പി.എമ്മിലെ സുമിത നിസാഫുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
ചെയർമാൻ സ്ഥാനം ജനറലായ കൊടുങ്ങല്ലൂരിൽ മറ്റു ചില പേരുകളും കേട്ടിരുന്നെങ്കിലും പുല്ലൂറ്റ് നീലക്കംപാറ ഒമ്പതാം വാർഡിൽനിന്ന് വിജയിച്ച ഹണി പീതാംബരനെ മത്സരിപ്പിക്കാൻ സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന് മുമ്പേ സുമിത നിസാഫിനെ വൈസ് ചെയർപേഴ്സനാക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതോടെ കൊടുങ്ങല്ലൂർ നഗരസഭയിൽ പുതുചരിത്രം പിറക്കുകയായിരുന്നു. 46ൽ 25 വോട്ട് നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുവരോടും മത്സരിച്ച ബി.ജെ.പി സ്ഥാനാർഥികൾ 17 വോട്ട് വീതവും കോൺഗ്രസ് സ്ഥാനാർഥികൾ മൂന്ന് വോട്ട് വീതവും നേടി. ഒരു ബി.ജെ.പി അംഗം പങ്കെടുത്തില്ല. കേരള മഹിളാസംഘം ജില്ല കമ്മിറ്റിയംഗവും കിസാൻ സഭ മണ്ഡലം പ്രസിഡന്റും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി വനിത യൂനിയൻ ട്രഷററുമായ ഹണി നേരത്തേ രണ്ടര വർഷം നഗരസഭ വൈസ് ചെയർപേഴ്സനായിരുന്നു. ഈ അനുഭവസമ്പത്തും അവരെ പരിഗണിക്കാൻ തുണയായി. ജില്ല വിദ്യഭ്യാസ ഓഫിസിൽനിന്ന് വിരമിച്ച പുല്ലൂറ്റ് വിയ്യത്തുക്കുളം പാറക്കൽ പിതാംബരന്റെ ഭാര്യയാണ്.
ഇടതുമുന്നണി ധാരണപ്രകാരം കൊടുങ്ങല്ലൂരിൽ ആദ്യം അധ്യക്ഷ സ്ഥാനം സി.പി.ഐക്കാണ്. ഈ കാലയളവിൽ വൈസ് ചെയർമാൻ സ്ഥാനം സി.പി.എമ്മിനും ലഭിക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നവാഗതയായ സുമിത നിസാഫ് ടി.കെ.എസ് പുരം 29ാം വാർഡിൽനിന്നാണ് മികച്ച വിജയം നേടിയത്. കളമശ്ശേരി സ്വദേശിനിയായ ഇവർ ഖത്തറിൽ പ്രവാസിയായ മേത്തല തരുപീടികയിൽ നിസാഫിന്റെ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

