ജനപ്രതിനിധികളുടെ കാലാവധി കഴിയുന്നു; അമ്മയും മകളും പടിയിറങ്ങുന്നു
text_fieldsപ്രസന്ന രാജൻ, അശ്വതി
കോന്നി: ജനങ്ങൾ നൽകിയ അംഗീകാരത്തിന് സമർപ്പിത സേവനത്തിലൂടെ ജനങ്ങൾക്ക് മറുപടി നൽകി ജനപ്രതിനിധികളായ അമ്മയും മകളും പടിയിറങ്ങുന്നു. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നായാണ് ഉത്തരവാദിത്തം പൂർത്തീകരിച്ച് പടിയിറക്കം. വള്ളിക്കോട് പ്ലാങ്കൂട്ടത്തിൽ വീട്ടിൽ പ്രസന്ന രാജനും മകൾ അശ്വതിയുമാണ് ജനപ്രതിനിധികൾ. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അമ്മ പ്രസന്ന രാജൻ. മകൾ അശ്വതി പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും. കോന്നി വള്ളിക്കോട് ഡിവിഷനിൽ നിന്നുമാണ് പ്രസന്ന സി.പി.എം അംഗമായി വിജയിച്ചത്.
പന്തളം ബ്ലോക്കിലെ നീർവിളാകം 13ാം ഡിവിഷനിൽനിന്നാണ് മകൾ അശ്വതി സി.പി.എം അംഗമായി വിജയിച്ചത്. ആദ്യം വള്ളിക്കോട് പഞ്ചായത്ത് അംഗമായിരുന്നു പ്രസന്ന. കഴിഞ്ഞ തവണ ബ്ലോക്കിലേക്ക് മത്സരിച്ച് വിജയിച്ചു. വിവാഹത്തിന് ശേഷമാണ് അശ്വതി ആറന്മുള നീർവിളാകത്തേക്ക് എത്തുന്നത്. ബി.എസ്സി എച്ച്.ഡി.സി ബിരുദധാരിയാണ് അശ്വതി.
കോന്നി, പന്തളം ബ്ലോക്കുകൾ തമ്മിൽ അതിർത്തി പങ്കിടുന്നതിനാൽ രണ്ട് ബ്ലോക്കുകളും അയൽക്കാരുമാണ്. നാടിന്‍റെ വികസന പ്രക്രിയക്ക് ഒരു വിട്ടുവീഴ്ചക്കും ഇവർ തയാറല്ല. കണ്ട് മുട്ടുമ്പോൾ വീട്ടുകാര്യങ്ങളെക്കാൾ കൂടുതൽ വികസനകാര്യങ്ങളാണ് ഇരുവരും ചർച്ചചെയ്യുന്നത്. പ്രസന്നയുടെ ഭർത്താവ് പി.ആർ. രാജൻ സി.പി.എം ഭാരവാഹിയും സജീവ പ്രവർത്തകനുമാണ്.
ഭർത്താവിന്‍റെ രാഷ്ട്രീയ പാടവം കണ്ടുശീലിച്ച പ്രസന്നക്കും അച്ഛനെയും അമ്മയെയും കണ്ടുവളർന്ന അശ്വതിക്കും രാഷ്ട്രീയത്തിൽ ഒട്ടും കാലിടറിയിട്ടില്ല. അശ്വതിയുടെ ഭർത്താവ് ലിനോജ് വില്ലേജ് ഓഫിസറാണ്. സ്വദിക് വിധേവ്, ദർഷിത്ത് വിദേവ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

