മുന്നൂറോളം മത്സരാർഥികൾക്കു വേണ്ടി മത്സരിച്ചു പാടി സിത്താര ഇരിങ്ങാട്ടിരി
text_fieldsസിത്താര ഇരിങ്ങാട്ടിരി
കാളികാവ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പാട്ടിന്റെ സ്വരമാധുരി തീർത്ത് സിത്താര ഇരിങ്ങാട്ടിരി. മുന്നൂറോളം സ്ഥാനാർഥികൾക്കാണ് സിത്താരയുടെ മധുര ശബ്ദത്തിലൂടെ വോട്ട് പാട്ടുകൾ പുറത്തിറങ്ങിയത്. രണ്ടാഴ്ച കാലത്തോളം റെക്കോർഡിങ്ങുമായി സ്റ്റുഡിയോയിൽ നിന്നും സ്റ്റുഡിയോയിലേക്കുള്ള തിരക്കിലായിരുന്നു. വിവിധ പാർട്ടികളുടെ സ്ഥാനാർഥികളാണെങ്കിലും പാട്ട് സിത്താരയുടെ ശബ്ദത്തിൽ വേണമെന്ന് സ്ഥാനാർഥികളും പാർട്ടി ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു.
പഴയ കാല മാപ്പിളപ്പാട്ടുകയുടെയും സിനിമാ പാട്ടുകളുടെയും ഇമ്പമുള്ള ഈണങ്ങൾക്ക് പുറമെ പുതിയ പാട്ടുകളുടെ ഈണങ്ങളും ട്രെൻഡ് പാട്ടുകളുടെ ഈണങ്ങളും വോട്ട് പാട്ടുകൾക്ക് ശ്രദ്ധ കൂട്ടി. അടക്കാകുണ്ട് ക്രസന്റ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു സിത്താര.
ഗായകനും രചയിതാവും സംഗീത സംവിധായകനുമായ അനീസ് മാസ്റ്ററുടെ ശിക്ഷണത്തിൽ നാലാം ക്ലാസ് തൊട്ട് പാട്ട് പരിശീലനം നടത്തുന്നു. പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിന്നറായ സിത്താര ഇരിങ്ങാട്ടിരി നിരവധി മ്യൂസിക്കൽ ആൽബങ്ങൾക്ക് ഇതിനോടകം ശബ്ദം നൽകിയിട്ടുണ്ട്.
സ്കൂൾ കലോത്സവങ്ങളുടെ ഉദ്ഘാടകയായിട്ടും മറ്റു സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും സിത്താര നിറസാന്നിധ്യമാണ്. തെരെഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കുള്ള വിജയാഘോഷ പാട്ടുകളുടെ റെക്കോർഡിങ്ങിലാണ് സിത്താരയിപ്പോൾ.
ഇരിങ്ങാട്ടിരിയിലെ കെ.ടി. സലീമിന്റെയും സഫീറയുടെയും മകളായ സിത്താര ഇപ്പോൾ മമ്പാട് എം.ഇ.എസ് കോളജിൽ ഡിഗ്രി അവസാന ഇയർ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

