അലങ്കാര ഉൽപന്നങ്ങളാൽ കൗതുകം തീർത്ത് റിട്ട. ബാങ്ക് ഉദ്യോഗസ്ഥ
text_fieldsഉമാമഹേശ്വരി കോട്ടൺ നൂലിൽ നിർമിച്ച
അലങ്കാര ഉൽപന്നങ്ങൾ
മങ്കര: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കോട്ടൺ നൂൽകൊണ്ട് നൂറിലേറെ വ്യത്യസ്തയിനം അലങ്കാര വസ്തുക്കൾ നിർമിക്കുകയാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ഉമാമഹേശ്വരി. മങ്കര കണ്ണംബരിയാരം ഗോകുലത്തിൽ 60 കാരിയായ ഉമാമഹേശ്വരി നൂൽകൊണ്ടാണ് കൗതുകകരമായ വസ്തുക്കൾ നിർമിച്ച് വീട് നിറയെ അലങ്കരിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽനിന്ന് ഓൺലൈൻ മുഖേനവരുത്തിച്ച മാക്രേം നൂൽ ഉപയോഗിച്ചാണ് സ്വന്തം കൈകളാൽ ഇവയെല്ലാം തന്നെ മെനഞ്ഞെടുത്തിട്ടുള്ളത്.
വീടുകളിലേക്ക് ആവശ്യമായ വാൾഹാങ്കിങ്, കീചെയിൻ ഹോൾഡർ, സെൽഫുകൾ, ക്രിസ്മസ് ട്രീമോഡൽ, പ്ലാന്റ്ഹാങ്കിങ്, സ്ലിംബാഗ്, സെറാമിക് ബെൽ ഹാങ്കിങ്, വിവിധയിനം ഹാൻഡ് ബാഗുകൾ, ഹെയർ ക്ലിപ്പ്, ടേബിൾ മാറ്റ്പ്ലാന്റ് ഹാങ്കർ, ഹാൻഡ് എംബ്രോയ്ഡറി, മറ്റു അലങ്കാര വസ്തുക്കളടക്കം നൂറിൽപരം ഉൽപന്നങ്ങൾ സ്വന്തം കൈകളിൽ നിർമിച്ച് വീടുതന്നെ അലങ്കാരമാക്കി. രണ്ടുമാസം കൊണ്ടാണ് ഇവയെല്ലാം നിർമിച്ചെടുത്തത്. ഭർത്താവ് മങ്കര പഞ്ചായത്ത് പ്രസിഡന്റുമായ എം.എൻ. ഗോകുൽദാസ്, മക്കൾ ഹരി കൃഷ്ണൻ, ഗ്രീഷ്മ, മരുമകൾ വർഷ എന്നിവരുടെ സഹകരണവും ഇവർക്കുണ്ട്.
ചെറുപ്രായത്തിൽ ഇത്തരം നിർമാണ പ്രവർത്തനത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിയായതിനാൽ സമയം ലഭിച്ചിരുന്നില്ല. ഉൽപന്നങ്ങൾ കണ്ട മങ്കര സ്വദേശിയായ ഡി.ജെ സ്ഥാപന ഉടമ ദിനേശൻ പാലക്കാട് നടക്കുന്ന പരിപാടിയിൽ സ്റ്റാൾ നൽകി പ്രദർശനത്തിന് വെക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യത്യസ്ത ഉൽപന്നങ്ങൾ കൊണ്ട് വീട് നിറഞ്ഞതോടെ വിൽപന നടത്താനും റെഡിയാണ്. ആവശ്യക്കാരുണ്ടെങ്കിൽ ഏത് മോഡലും നിർമിച്ച് നൽകാൻ ഇവർ തയാറാണ്. കുറെയൊക്കെ ഉൽപന്നങ്ങൾ പലർക്കും സൗജന്യമായി വിതരണം ചെയ്തതായി ഉമാമഹേശ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

