മായയെ തേടി മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി
text_fieldsഅങ്കമാലി: ഭിന്നശേഷി കലോത്സവത്തിലെ കവിത മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ച അങ്കമാലി നായത്തോട് സ്വദേശിനി മായ ബാലകൃഷ്ണന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം വീട്ടിലെത്തി സമ്മാനിച്ചു. സാഹിത്യം ജീവിതതപസ്യയാക്കിയ മായ 35 വർഷമായി ശയ്യാവലംബയായി കഴിയുകയാണ്. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന കവിത സമാഹാരത്തിനാണ് സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷം’ ഭിന്നശേഷി കലോത്സവത്തിലെ കവിത മത്സരത്തിൽ പ്രഥമ പുരസ്കാരം മായക്ക് ലഭിച്ചത്.
എന്നാൽ, ശരീരം തളർന്നുപോയ മായക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനോ പുരസ്കാരം വാങ്ങാനോ സാധിച്ചില്ല. അതിന്‍റെ മനോവിഷമം പങ്കുവെച്ച് മായ മന്ത്രിക്ക് കത്തെഴുതി. തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും അങ്കമാലിയിലോ സമീപത്തോ നടക്കുന്ന പൊതുപരിപാടികളിൽ വെച്ച് പുരസ്കാരം നൽകാൻ കഴിയുമോ എന്ന അഭ്യർഥനയോടെയായിരുന്നു കത്ത്. മായയുടെ സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. ഇതോടെയാണ് മായയുടെ വീട്ടിലെത്തി 10,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന പുരസ്കാരം മന്ത്രി സമ്മാനിച്ചത്.
35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ മായ സാങ്കേതികവിദ്യകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് സാഹിത്യ ലോകത്തേക്ക് കടക്കുന്നത്. തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം, മണ്ണാങ്കട്ടേം കരിയിലേം എന്നീ കവിതാ സമാഹാരങ്ങളും നാലാം വിരലിൽ വിരിയുന്ന മായ, മായക്കാലം എന്നീ ആത്മകഥകളും വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന ബാലകഥയും മായ രചിച്ചിട്ടുണ്ട്. നഗരസഭ അധ്യക്ഷ റീത്ത പോൾ, കവി രാവുണ്ണി, ഡോ. അജയ് നാരായണൻ, വാർഡ് കൗൺസിലർ ഡെൻസി ടോണി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

