ഈ വോട്ടിന് 111ന്റെ ചെറുപ്പം...
text_fieldsതൃശൂർ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ 111കാരി
ജാനകി വോട്ട് ചെയ്യാനായി പുത്തൂർ ചെറുകുന്ന് എൽ.പി
സ്കൂളിലെത്തിയപ്പോൾ
തൃശൂർ: 111 വയസ്സിന്റെ ചെറുപ്പവുമായി ജാനകി വോട്ട് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെതന്നെ പുത്തൂർ പഞ്ചായത്തിലെ ചെറുകുന്ന് ഗവ. എൽ.പി സ്കൂളിലെത്തിയാണ് ഈ മുത്തശ്ശി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ബന്ധുക്കൾക്കൊപ്പമെത്തിയ ജാനകി വോട്ട് രേഖപ്പെടുത്തി ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ ഇടതു ചൂണ്ടുവിരലിലെ മഷിയടയാളം ഉയർത്തിക്കാണിക്കാനും മറന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നാണ് ഇവർ വോട്ട് ചെയ്തിരുന്നത്.
1914ൽ ജനിച്ച ജാനകിയാണ് തൃശൂർ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടർ. മക്കളോടും കൊച്ചുമക്കളോടും ഒപ്പമാണ് താമസം. വയസ്സ് 111 ആയെങ്കിലും ആരോഗ്യവതിയാണ്. കേൾവിക്ക് അൽപം കുറവുണ്ടെന്നതു മാത്രമാണ് ആരോഗ്യപ്രശ്നം. പഴയ കാര്യങ്ങൾ ഇപ്പോഴും ഓർത്തെടുത്ത് പറയും. ചെറുപ്പകാലത്ത് മണലൂരിലായിരുന്നു താമസം.
ചകിരിത്തൊഴിലാളിയായിട്ടായിരുന്നു ജീവിതം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇ.എം.എസ് കേരളത്തിൽ അധികാരത്തിലെത്തിയത് മുതൽ വോട്ട് ചെയ്തതായി ഈ മുത്തശ്ശി ഓർത്തെടുക്കുന്നു. ഭർത്താവ് രാവുണ്ണി വർഷങ്ങൾക്കുമുമ്പ് മരിച്ചു. സി.പി.എം പ്രവർത്തകനായ മകൻ സുബ്രഹ്മണ്യനൊപ്പമാണ് ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

