എഴുത്തും വരയുമായി തിരക്കേറിയ വിശ്രമജീവിതം
text_fieldsഡോ. പി.കെ. ഭാഗ്യലക്ഷ്മി
ജോലിയിൽനിന്ന് വിരമിക്കുന്നതോടെ വിശ്രമകാലം തുടങ്ങുകയായി എന്നൊരു എഴുതാപ്പുറം വായിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗംപേരും. എന്നാൽ, കണ്ണൂരിലെ പഴയങ്ങാടി എരിപുരത്തുള്ള ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെന്ന റിട്ട. അധ്യാപികക്ക് അത് തിരക്കിന്‍റെ കാലമാണ്. എഴുത്തും വരയും യാത്രയുമായി ‘വിശ്രമജീവിതം’ സാർഥകമാക്കുകയാണ് ടീച്ചർ.
2017ൽ യു.പി സ്കൂൾ അധ്യാപികയായി വിരമിച്ചുവെങ്കിലും നിരവധി പുസ്തകങ്ങൾ എഴുതുകയും നൂറുകണക്കിന് പെയിന്‍റിങ്ങുകൾക്ക് നിറമേകുകയും ഇടയിൽ യാത്രകൾക്കായി സമയം നീക്കിവെക്കുകയും ചെയ്യുന്നതിലൂടെ തനിക്കുചുറ്റിലും സർഗാത്മകതയുടെ ഒരു ലോകംതന്നെ ഇവർ സൃഷ്ടിച്ചെടുത്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് എരിപുരത്തുള്ള ‘കാർത്തിക’ എന്ന വീടിനോട് ചേർന്ന് സ്വന്തമായി ‘ആർട്ട് ഗാലറി’ നിർമിച്ചിരിക്കുന്നത്.
അധ്യാപക ജോലിത്തിരക്കുകൾക്കിടയിൽ ഇവർ മലയാളത്തിലും ഗാന്ധിയൻ പഠനത്തിലും ബിരുദാനന്തര ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി.
എഴുത്തിന്‍റെ കാര്യത്തിലാണെങ്കിൽ ഇവർ കൈവെക്കാത്ത മേഖലകളില്ല. നോവൽ, കഥ, പഠനം, കവിത, ബാലസാഹിത്യം, ജീവചരിത്രം എന്നിങ്ങനെ 20ഓളം പുസ്തകങ്ങൾ. പ്രഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഭീമാ സാഹിത്യ അവാർഡ്, എസ്.ബി.ടി അവാർഡ്, കൈരളി കഥാ പുരസ്കാരം, ദേവകി വാര്യർ സ്മാരക അവാർഡ്, പാലാ കെ.എം. മാത്യു അവാർഡ്, മനോരമ കഥാപുരസ്കാരം, അധ്യാപക പ്രതിഭ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ മാത്രമല്ല തായ്ലൻഡ്, ദുബൈ, ഗോവ, കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന പെയിന്‍റിങ് പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ആഴ്ചയിൽ രണ്ടോ മൂന്നോ പെയിന്‍റിങ്ങുകൾ കാൻവാസിൽ അക്രലിക് കളറും ഓയിൽ കളറും ഉപയോഗിച്ച് വരച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ടീച്ചർ കോവിഡ് കാലത്തെ അടച്ചിരിപ്പിനെ അതിജീവിച്ചത്. ഇതോടെ വീടിനകം പെയിന്‍റിങ്ങുകൾകൊണ്ട് നിറഞ്ഞു. മിക്കതും പ്രകൃതി ദൃശ്യങ്ങൾതന്നെയായിരുന്നു. കാടും നാട്ടിൻപുറത്തെ ഇലച്ചാർത്തുകളും കാൻവാസുകളിൽ പടർന്നുകയറി.
ഇവയിൽ പലതും ഇഷ്ടക്കാർക്ക് നൽകുകയും ചിലരെല്ലാം ചോദിച്ച് വാങ്ങിക്കൊണ്ടുപോകുകയും ചെയ്തു. ആർക്കും വിട്ടുകൊടുക്കാൻ മനസ്സനുവദിക്കാതിരുന്നവയിൽനിന്ന് തെരഞ്ഞെടുത്ത 40 പെയിന്‍റിങ്ങുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുകൂടിയാണ് വീടിനോട് ചേർന്ന് ‘ഭാഗ്യ ആർട്ട് ഗാലറി ആൻഡ് സ്റ്റുഡിയോ’ നിർമിച്ചത്.
സർക്കാർ-സ്വകാര്യ മേഖലകളിൽ നിരവധി ആർട്ട് ഗാലറികളുണ്ടെങ്കിലും വീട്ടിൽ സ്വന്തമായൊരു ആർട്ട് ഗാലറി എന്ന സങ്കൽപം അപൂർവമാണ്. കോവിഡ് കാലത്ത് ടീച്ചർ ഒരു നോവലുമെഴുതി. ‘നീരാളിച്ചൂണ്ട’ ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഇതിന്‍റെ തുടർച്ചയായി ഒരു പുസ്തകംകൂടി പിറവികൊണ്ടു.
വീടിനോട് ചേർന്ന് ഒരുക്കിയ ആർട്ട് ഗാലറി
മരണത്തെ കലയായി സങ്കൽപിച്ചിരുന്ന സിൽവിയാ പ്ലാത്ത് മുതൽ കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച് വിഷവാതകം ശ്വസിച്ച് മരണത്തിലേക്കു പോയ അമേരിക്കൻ കവയിത്രി ഷിർലെ ഫ്രാൻസിസ് ബാർക്കർ വരെയുള്ളവരുടെ ജീവിതവും രചനകളും പഠനവിധേയമാക്കുന്ന ‘തണുപ്പിന്‍റെ പരവതാനികൾ’ എന്ന പഠന ഗ്രന്ഥമായിരുന്നു അത്. സർഗാത്മകമായി സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരുന്ന, ലോക ക്ലാസിക്കുകൾ രചിച്ച പതിനഞ്ചോളം എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽതന്നെ ഈ കൃതിയിൽ അനാവരണം ചെയ്യുന്നുണ്ട്.
ടീച്ചർ എഴുതിയ പുസ്തകങ്ങൾ
യാത്രകളാണ് ടീച്ചറുടെ മറ്റൊരു ഇഷ്ടവിനോദം. പ്രശസ്തമായ സ്ഥലങ്ങളേക്കാളുപരി ഗ്രാമങ്ങളിലൂടെയും നഗരപ്രാന്തങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് ഇവർക്കിഷ്ടം. ജീവിതമെന്ന യാത്രയിൽ സ്വന്തം ഇഷ്ടങ്ങളെ അവഗണിക്കാതെ, ഉള്ളിലുള്ള സർഗാത്മകത മറ്റുള്ളവർക്കു വേണ്ടി നൽകമെന്ന ആഗ്രഹവും ആത്മസംതൃപ്തിയും മാത്രമാണ് എഴുത്തിനും വരകൾക്കും പിറകിലുള്ളതെന്നാണ് ഇവർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.