Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൈലാഞ്ചിച്ചോപ്പിൽ തുടുത്ത ചെറിയ പെരുന്നാൾ
cancel

ഒമാനിലെ പെരുന്നാൾ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാംസ്കാരിക പാരമ്പര്യമാണ് മൈലാഞ്ചിയിടൽ. ഒരു കാലത്ത് വീടുകളിൽ ഒത്തുചേർന്ന് നടത്തിയിരുന്ന ഈ ചടങ്ങ് ഇന്ന് വലിയ ആഘോഷമായി മാറിയിരിക്കുന്നു. പെണ്ണുങ്ങളെല്ലാം കൈകളിലും കാലുകളിലും മൈലാഞ്ചി ചാർത്തി സുന്ദരികളാവും. മൈലാഞ്ചിയിടൽ മനോഹരമായ ചടങ്ങാണ്. യു.എ.ഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനി മൈലാഞ്ചി കലക്ക് അതിന്റേതായ ചില പ്രത്യേകതകളുണ്ട്.

ആഘോഷ ദിനങ്ങൾക്ക് നിറം പകരുന്ന വിസ്മയമാണ് ‘ഹെന്ന’ എന്ന് വിളിക്കുന്ന മൈലാഞ്ചി. പെരുന്നാൾ തലേന്ന് മൈലാഞ്ചിയിട്ടാൽ അതിന്റെ പകിട്ട് നാൾ കഴിയും തോറും കൂടിവരും.പണ്ട് കാലത്ത് പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ മൈലാഞ്ചി ഇലകൾ പറിച്ചുണക്കി പൊടിച്ച് കുഴമ്പുരൂപത്തിലാക്കി തയാറാക്കുമായിരുന്നു. ഈ മിശ്രിതത്തിൽ ഉണങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് പാകപ്പെടുത്തിയെടുക്കും. ഈ പാരമ്പര്യം ഇന്നും ഒമാനിന്റെ ഉൾഗ്രാമങ്ങളിൽ സജീവമാണ്.

പെരുന്നാളിന്റെ തലേന്നോ അതിന് രണ്ടു മൂന്നു ദിവസം മുമ്പോ ആണ് സാധാരണയായി മൈലാഞ്ചി ഇടുന്നത്. സ്ത്രീകൾ ഒരുമിച്ച് കൂടി പരസ്പരം മൈലാഞ്ചിയിടുന്ന പതിവ് പണ്ട് മുതൽക്കേയുണ്ട്. മുത്തശ്ശിമാർ കൊച്ചുകുട്ടികളുടെ കൈകളിലും കാലുകളിലും മൈലാഞ്ചി അണിയിക്കുന്നത് സ്നേഹത്തിന്റെ പ്രതീകമായി കാണുന്നു. ഒമാനിലെ മൈലാഞ്ചി കലയിൽ തനതായ ശൈലികളുണ്ട്. പ്രകൃതിദത്തമായ പൂക്കൾ, വള്ളികൾ, നക്ഷത്രങ്ങൾ, ചന്ദ്രക്കല തുടങ്ങിയവയാണ് സാധാരണയായി മൈലാഞ്ചി ഡിസൈനുകളിൽ വരക്കാറുള്ളത്.

ഒമാനി മൈലാഞ്ചി ഡിസൈനുകൾ പൊതുവെ ലളിതവും മനോഹരവുമാണ്. കൈപ്പത്തിയുടെ നടുവിൽ വലിയൊരു വട്ടവും വിരലുകളുടെ അറ്റത്ത് കടുപ്പത്തിൽ മൈലാഞ്ചി പൂശുന്നതുമാണ് പണ്ടുകാലം മുതലുള്ള ഒമാനി ശൈലി. ലളിതമായി വരക്കുന്ന ഈ പരമ്പരാഗത ശൈലിയെ ‘ഖസ്സ’ എന്നാണ് വിളിക്കാറുള്ളത്. ഒമാനിലെയും യു.എ.ഇയിലെയും സ്ത്രീകൾ പെരുന്നാൾ പോലുള്ള ആഘോഷങ്ങൾക്ക് ക്ലാസിക് ലുക്ക് ലഭിക്കാൻ ഈ ശൈലി തെരഞ്ഞെടുക്കാറുണ്ട്.

ഒമാനിലെ സ്ത്രീകൾക്കിടയിൽ കറുത്ത മൈലാഞ്ചിക്ക് വലിയ പ്രിയമാണ്. സാധാരണ ചുവന്ന മൈലാഞ്ചിക്ക് പുറമെ കറുത്ത ബോർഡറുകൾ നൽകി ഡിസൈനുകൾ കൂടുതൽ ആകർഷകമാക്കാറുണ്ട്. ഇന്ന് മസ്കത്ത് പോലുള്ള നഗരങ്ങളിൽ മൈലാഞ്ചി ഇടാനായി പ്രത്യേക പാർലറുകളിലോ എക്സിബിഷനുകളിലോ സ്ത്രീകൾ ഒത്തുചേരുന്നു. വീട്ടിലെത്തി സേവനം നൽകുന്ന മൈലാഞ്ചി കലാകാരികളും സജീവമാണ്. മൈലാഞ്ചി ഒമാനികൾക്ക് വെറുമൊരു അലങ്കാരമല്ല, മറിച്ച് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമാണ്. പെരുന്നാൾ പുത്തൻ വസ്ത്രങ്ങളോടൊപ്പം മൈലാഞ്ചി അണിഞ്ഞ കൈകൾ ഒമാനി സ്ത്രീകളുടെ ആഘോഷത്തിന്റെ പൂർണതയായി കണക്കാക്കപ്പെടുന്നു.

പ്രവാസികളുടെ മൈലാഞ്ചിക്കാലം

മൈലാഞ്ചി അണിയാത്ത പെരുന്നാൾ ആരുടെയും ഓർമയിലില്ല എന്നുതന്നെയാണ് പ്രവാസികളിലെ പഴമക്കാർ പറയുന്നത്. പെരുന്നാൾ പിറ കണ്ടാൽ മൈലാഞ്ചിയിടാനുള്ള തത്രപ്പാടിലാണ് കൗമാരക്കാരും മുതിർന്ന സ്ത്രീകളും കുട്ടികളും. മുതിർന്ന പ്രവാസികൾക്ക് നാട്ടിലെ മൈലാഞ്ചിയിടൽ കാലം ഓർമയിലുണ്ടാവും. മൈലാഞ്ചി കമ്പ് വെട്ടി ചെടിയിൽ നിന്ന് ഇലകൾ നുള്ളിയെടുത്തു വീട്ടിലെ അമ്മിയിൽ അരച്ച് നാരങ്ങ നീര് ചേർത്ത് ഈർക്കിൽ കൊണ്ട് കൈയിലും കാലിലും വരച്ചുചേർക്കുന്ന കരവിരുതുകൾ.

ഇന്നത് മാറി ഹെന്ന വലിയ വിപണന ശാഖയായി രൂപപ്പെട്ടിട്ടുണ്ട്. മെഹന്ദി എന്ന മൈലാഞ്ചിയിടലിനായി ഉൽപന്നങ്ങൾ കമ്പനികൾ മാർക്കറ്റിൽ എത്തിക്കുന്നു. സോഷ്യൽ മീഡിയയും ഈ ആഘോഷത്തിന്റെ ഭാഗമായിട്ടുണ്ട്. മൈലാഞ്ചി ഡിസൈനുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് പ്രവാസികൾ അവരുടെ പെരുന്നാൾ സന്തോഷം ലോകവുമായി പങ്കിടുന്നു. കൂട്ടുകാരികളോ ബന്ധുക്കളോ ആരായാലും അൽപം കരവിരുതുള്ളവരെല്ലാം മൈലാഞ്ചിയിടാൻ മിടുക്കരാണ്. കാരണം സോഷ്യൽ മീഡിയയിൽ അതിന്റെ രീതികളും ഡിസൈനും ഇഷ്ടംപോലെ ലഭ്യവുമാണ്.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, ഈ ചെറിയ ആചാരങ്ങൾ സന്തോഷത്തിന്റെ വലിയ നിമിഷങ്ങളായി മാറുന്നു. നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ ആയിരുന്നാലും, കൈകളിലെ മൈലാഞ്ചി പടങ്ങൾ ഓരോ പ്രവാസിയുടെ മനസ്സിലും പെരുന്നാളിന്റെ നിറം കൂടുതൽ ഗാഢമാക്കുന്നു.

ഇന്ത്യൻ അറബിക് ബ്രൈഡൽ മൊറൊക്കോ, പാകിസ്താൻ, ഈജിപ്ത്‌, വെസ്റ്റേൺ എന്നിങ്ങനെ വ്യത്യസ്തവും വേറിട്ട ഡിസൈനും ഇന്ന് മാർക്കറ്റിൽ പ്രിയമുള്ളതാണ്. മൈലാഞ്ചി മൊഞ്ച് ശരിക്കും ആസ്വദിക്കാൻ അതിന്റെ ചുവപ്പ് പുറത്തുവരാൻ പെരുന്നാൾ കഴിയണം. പിന്നീടുള്ള കൂടിച്ചേരൽ സമയത്താണ് മൈലാഞ്ചി ചുവപ്പിന്റെ കഥകൾ പങ്കുവെക്കുക. കൈ മുഴുവനും ഡിസൈൻ ചെയ്യുന്ന പഴയ രീതി മാറി. കൈയിൽ അൽപം ഭാഗത്ത്‌ നേരിയ ഡിസൈനിൽ മൈലാഞ്ചി ഇടുന്നതാണ് പ്രവാസികൾക്കിടയിൽ ഇപ്പോഴത്തെ ട്രെന്റ്.

പാർക്കിലും ബീച്ചിലും ഫ്ലാറ്റിലും ഫാം ഹൗസിലും പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തുചേരുന്ന സ്ത്രീകളുടെ സംസാരം മൈലാഞ്ചി ഡിസൈനിലാണ്. മൈലാഞ്ചി ചോപ്പ് മാഞ്ഞു പോകുമ്പോൾ പെരുന്നാളോർമയും മാഞ്ഞു തുടങ്ങും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenfestivaleidul Fitrhennalife`
News Summary - eidul fitr with a touch of henna
Next Story