പ്ലസ് ടുക്കാരന്റെ വരികൾക്ക് ഒമ്പതാം ക്ലാസുകാരിയുടെ ഈണം; ഗാനം തീം സോങ്, കായിക മേള
text_fieldsതിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന 67-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയിലുയരുന്ന തീം സോങ്ങിന് ഈണം നൽകിയത് തിരുവനന്തപുരം സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശിവങ്കരി പി. തങ്കച്ചി.
പാലക്കാട് പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി വി. പ്രഫുൽദാസിന്റെ ‘പടുത്തുയർത്താം കായിക ലഹരി’ എന്നു തുടങ്ങുന്ന വരികൾക്കാണ് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശിവങ്കരി പി. തങ്കച്ചി സംഗീതമൊരുക്കിയത്.
ഒമ്പത് വര്‍ഷമായി പിയാനോയും മറ്റ് സംഗീത ഉപകരണങ്ങളും പഠിക്കുന്ന ശിവങ്കരി മുമ്പും നിരവധി ഗാനങ്ങള്‍ സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് മഹാമാരിക്കാലത്ത് കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്ത ‘ഫെസ്റ്റ് ബെല്‍’ എന്ന പരിപാടിയുടെ ടൈറ്റിൽ സോങ് ആലപിച്ചതും സിനിമ സംവിധായകനായ പത്മേന്ദ്രകുമാറിന്റെയും മാധ്യമപ്രവര്‍ത്തകയായിരുന്ന ഉമയുടെയും മകളായ ശിവങ്കരി പി. തങ്കച്ചി തന്നെയാണ്. കുട്ടിക്കാലം മുതൽ സംഗീതോപകരണങ്ങളോട് ഏറെ പ്രിയമുള്ള ശിവങ്കരി ഒന്നാം ക്ലാസ് മുതൽ പിയാനോ പഠിക്കുന്നു.
ഒമ്പതാം വയസില്‍ ആദ്യ ഗാനം ചിട്ടപ്പെട്ടുത്തി യൂട്യൂബില്‍ പ്രസിദ്ധീകരിച്ചു. കലോത്സവത്തില്‍ നിറസാന്നിധ്യമായ ശിവങ്കരിയെ കോട്ടണ്‍ഹില്‍ സ്കൂളിലെ അധ്യാപകരാണ് കായികമേളയുടെ തീം സോങ് ചിട്ടപ്പെടുത്തുകയെന്ന ഉത്തരവാദിത്തം ഏൽപ്പിച്ചത്. ആലപിച്ചതും ശിവങ്കരിയും കൂട്ടുകാരും ചേർന്നാണ്.
ശിവങ്കരിയെ കൂടാതെ കോട്ടണ്‍ഹില്‍ സ്കൂളിലെ നവമി ആർ. വിഷ്ണു, അനഘ എസ്. നായർ, ലയ വില്യം, കീർത്തന എ.പി എന്നിവരും തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നന്ദകിഷോർ കെ. ആർ, ഹരീഷ് പി., അഥിത്ത് ആർ എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മേളയുടെ സമാപന സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ പ്രഫുൽ ദാസിനെ മന്ത്രി നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

