ദിവസം മൂന്ന് നേരം അടിച്ചുവാരും, പ്ലാസ്റ്റിക്കിന് നോ എൻട്രി: ഇവിടെ മാലിന്യം വലിച്ചെറിഞ്ഞാൽ പണി കിട്ടും; ഇന്ത്യക്ക് മാതൃകയായി ഒഡീഷയിലെ ഒരു ഗ്രാമം
text_fieldsബബോജോല ഗ്രാമം
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ആദിവാസി ഗ്രാമമായ ബബോജോലയിൽ ശുചിത്വം വർഷത്തിലൊരിക്കലുള്ള ക്യാമ്പയിൻ അല്ല, ജീവിതരീതിയാണ്. ദിവസത്തിൽ മൂന്ന് നേരം ഗ്രാമവാസികൾ തെരുവുകൾ അടിച്ചുവാരും. പ്ലാസ്റ്റിക് ഗ്രാമത്തിൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. മാലിന്യം തരംതിരിച്ച് കമ്പോസ്റ്റാക്കും. റോഡിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴയുണ്ട്. അത് ഗ്രാമത്തിലുള്ളവരാണെങ്കിലും പുറത്തുനിന്ന് വരുന്ന സന്ദർശകനായാലും നിയമം ഒന്നുതന്നെ.
15 വർഷം മുൻപ് ഒരു സർക്കാർ സ്കൂൾ അധ്യാപകനിൽ നിന്നാണ് എല്ലാം തുടങ്ങിയത്. മധുസൂദൻ മാരണ്ടി എന്ന അധ്യാപകന് തന്റെ ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കണം എന്നായിരുന്നു ആഗ്രഹം. തുടക്കത്തിൽ ഒറ്റപ്പെട്ട ശബ്ദമായിരുന്നെങ്കിലും, പതിയെ ആ ആശയം ഗ്രാമം മുഴുവൻ ഏറ്റെടുത്തു. ശുചിത്വം നോക്കാൻ ഗ്രാമവാസികൾ ചേർന്ന് ഒരു ക്ലബ്ബ് രൂപീകരിച്ചു. സിസിടിവി കാമറകൾ സ്ഥാപിക്കാനും, എല്ലായിടത്തും മാലിന്യക്കൂടകൾ വെക്കാനും, സോളാർ പാനലുകൾ സ്ഥാപിക്കാനും അവർ സ്വന്തമായി പണം സ്വരൂപിച്ചു.
ഒരു ക്യാമ്പയിന്റെ ഭാഗമായി മാത്രം ചെയ്യേണ്ട കാര്യങ്ങൾ ഇവിടെ ദിനചര്യയുടെ ഭാഗമായി. പുകവലി നിരോധിച്ചിരിക്കുന്നു. തുപ്പുന്നതും പുകയില ചവയ്ക്കുന്നതും നിരോധിച്ചിരിക്കുന്നു. പുറത്തുനിന്ന് വരുന്ന ടൂറിസ്റ്റുകൾ പോലും ഈ നിയമങ്ങൾ അനുസരിച്ചേ മതിയാകൂ. തെറ്റിച്ചാൽ പിഴ ഉറപ്പ്. ബബോജോലയിൽ മൂന്ന് നേരവും ഓരോ വീട്ടുകാരും തങ്ങളുടെ ഭാഗത്തെ തെരുവ് വൃത്തിയാക്കും.
പൊതു ഇടം വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിലാണ് ഈ സംവിധാനം. റോഡിൽ മാലിന്യം വലിച്ചെറിയാതിരിക്കുക, പൊതു ഇടം വൃത്തിയാക്കുക, മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, പുറത്തുനിന്ന് വരുന്നവരും അതേ നിയമം അനുസരിക്കണമെന്ന് നിർബന്ധം പിടിക്കുക - ചെറിയ ചെറിയ ശീലങ്ങളിലൂടെയാണ് വലിയ മാറ്റം ഉണ്ടായത്.
70 കുടുംബങ്ങൾ മാത്രമുള്ള ചെറിയ ഗ്രാമമാണ് ബബോജോല. ഇവിടുത്തെ വീടുകളിൽ പലതും ഓല മേഞ്ഞതാണ്. എന്നാൽ ഓരോ വീടിന്റെ ചുമരും ഒരു ചിത്രശാലയാണ്. പൂക്കളും ഇലകളും മൃഗങ്ങളും പരമ്പരാഗത ചിത്രങ്ങളും 'ഭിത്ത് പൊട്ടാവ്' എന്നാണ് ഈ കലാരൂപത്തിന് പേര്. ഗ്രാമത്തിലെ സ്ത്രീകളാണ് ഈ ചിത്രങ്ങൾ വരക്കുന്നത്. നദിക്കരയിലെ കളിമണ്ണും, കല്ലുകളും, മരത്തിന്റെ തൊലിയും, പൂക്കളും ഉപയോഗിച്ചാണ് ഇതിനുള്ള നിറങ്ങൾ ഉണ്ടാക്കുന്നത്.
അതായത്, ഈ ഗ്രാമത്തിന്റെ പ്രകൃതിയോടുള്ള ബന്ധം തെരുവുകളിൽ മാത്രമല്ല, വീടിന്റെ ചുമരുകളിൽ വരെ കാണാം. ഇന്ത്യ വർഷങ്ങളായി ശുചിത്വ ക്യാമ്പയിനുകൾ നടത്തുന്നു, മാലിന്യ സംസ്കരണ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നു, പൗരന്മാരോട് ശീലങ്ങൾ മാറ്റാൻ ആവശ്യപ്പെടുന്നു. എന്നാൽ ബബോജോല മറ്റൊരു ചോദ്യമാണ് മുന്നോട്ട് വെക്കുന്നത്. ശുചിത്വം ഒരു ക്യാമ്പയിൻ സന്ദേശമല്ലാതെ, ഒരു സമൂഹത്തിന്റെ ഭാഗമായാൽ മാറിയാൽ എന്ത് സംഭവിക്കും?
ഇവിടെ സങ്കീർണ്ണമായ ഫോർമുലകളൊന്നുമില്ല. ഒരു അധ്യാപകൻ തുടങ്ങി വെച്ചു. ഗ്രാമവാസികൾ അതിനൊപ്പം നിന്നു. അവർ നിയമങ്ങൾ ഉണ്ടാക്കി, അടിസ്ഥാന സൗകര്യങ്ങൾക്കായി പണം കണ്ടെത്തി, ആ ശീലങ്ങൾ ദിനചര്യയുടെ ഭാഗമാകുന്നതുവരെ ആവർത്തിച്ചുകൊണ്ടേയിരുന്നു. ബബോജോല നൽകുന്ന പാഠം വ്യക്തമാണ്. ദൈനംദിന ചര്യകൾ മാറാതെ, എത്ര വലിയ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പയിനുകളും കൊണ്ടുവന്നാലും കാര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

