വിവേകം ഒരു കാവൽക്കാരൻ
text_fieldsനൈമിഷികമായ ആവേശവും വരുംവരായ്കകൾ നോക്കാതെയുള്ള പ്രതികരണങ്ങളും ചിലപ്പോൾ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. പിഴവ് മനസ്സിലാക്കി തിരുത്തുമ്പോഴേക്കും സമയം കടന്നുപോയിട്ടുണ്ടാകും. എന്നാൽ വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയാണെങ്കിൽ ഒരു പരിധി വരെ പിഴവുകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കുന്നു. സന്തുലിത വ്യക്തിത്വമുള്ള മനുഷ്യന്റെ അടയാളങ്ങളിലൊന്നാണ് വിവേകം. വിശാല ചിന്തയും നല്ല മനസ്സും പ്രായോഗിക അറിവുകളും ഉള്ളവർ വിവേകത്തോടെ പെരുമാറുകയും അവധാനതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.
കുറച്ചാളുകൾ മദീനയിൽ പ്രവാചകനെ കാണാൻ വന്നു. അവർ പ്രവാചക സന്നിധിയിൽ അമിതാവേശം കാണിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മുൻദിറുൽ അശജ്ജ് എന്നയാൾ വളരെ സൗമ്യമായും ആദരവോടെയുമാണ് പ്രവാചകരെ സമീപിച്ചത്. അവിടുന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘താങ്കളിൽ വിവേകവും അവധാനതയും ഉണ്ട്. അവ രണ്ടും അല്ലാഹുവിന് ഇഷ്ടമുള്ള ഗുണങ്ങളാണ്’.
വിവേകമില്ലാതെ പ്രവർത്തിക്കുന്നത് നല്ല മനുഷ്യർക്ക് ഭൂഷണമല്ല. ചിന്തയും ആലോചനകളും ആവശ്യമുള്ള ഗൗരവതരമായ വിഷയങ്ങളിൽ പോലും ചിലയാളുകൾ വിവേകമില്ലാതെ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും തീരുമാനങ്ങൾ പറയുകയും ചെയ്യാറുണ്ട്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന കുടുംബ-സമൂഹിക പ്രശ്നങ്ങൾ കൂടുതൽ പ്രശ്ന കലുഷിതമാകുന്നത് ചില വ്യക്തികളുടെ അവിവേകം കാരണമാകാം.
അവധാനത ദൈവികവും അനാവശ്യ ധിറുതി പൈശാചികവുമാണ്. സന്ദർഭോചിതം വിവേകത്തോടെ ചുവടുകൾ വെക്കുന്നവർക്ക് ജനങ്ങളുമായി നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും പ്രശ്നങ്ങളെ ശാന്തമായി പരിഹരിക്കാനും സാധിക്കുന്നു. അവരുടെ ജീവിതം സമാധാനമുള്ളതും അസങ്കീർണവുമായിരിക്കും. കോപം നിയന്ത്രിക്കുക, ക്ഷമയോടെ പെരുമാറുക, ചിന്തിച്ച് പ്രതികരിക്കുക തുടങ്ങിയ ഗുണങ്ങൾ അവരിലുണ്ടാകും. വിവേകം പരിശീലിക്കാവുന്ന ഗുണമാണ്. കോപം വരുമ്പോൾ നിശ്ശബ്ദമാകുക, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ശാന്തമായി ചിന്തിക്കുക, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അതിന്റെ ഫലങ്ങൾ പരിഗണിക്കുക ഇതെല്ലാം വിവേകം പരിശീലിക്കാനുള്ള മാർഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

