മറക്കാനാവാത്ത സൗഹൃദങ്ങൾ
text_fieldsസൗദിയിലെ അൽ ഖോബാർ എന്ന സ്ഥലത്തേക്കാണ് എന്റെ പ്രവാസ ജോലിയുടെ തുടക്കമായിട്ടുള്ള ഇന്റർവ്യൂ അറിയിപ്പ് കിട്ടിയത്. തൊണ്ണൂറുകളുടെ ആദ്യകാലം, രണ്ടാം തവണ ബോംബെയിൽ ട്രാവൽ ഏജൻസി തപ്പി ചെന്നപ്പോഴാണ് ഷെരീഫിനെ ആദ്യം കണ്ടത്. മുമ്പ് സൗദിയിൽ ജോലി ചെയ്ത ഷെരീഫ് എന്റെ ആശങ്കകളോരോന്നും അകറ്റാൻ ഏറെ സഹായിച്ചു. കുറച്ചു മാസം കഴിഞ്ഞപ്പോൾ ഒരു റമദാൻ കാലത്ത് സ്ഥിരമായി ഒരു തലവേദന പിടിപെട്ടപ്പോൾ ജോലി മതിയാക്കി നാട്ടിൽ പോകാൻ തീരുമാനിച്ചു.
ഏകദേശം 76 കി.മീറ്റർ ദൂരത്തുള്ള പ്രോജക്ട് ഓഫിസ് ഉള്ള റഹീമയിൽനിന്നും ഷെരീഫ് എന്നെ നാട്ടിൽ പോകാനായി കൊണ്ടുപോവുകയായിരുന്നു. മനസ്സിലെ ആകുലതകൾ മാറ്റിയെടുത്ത് ഷെരീഫ് സൗദി വിടാനുള്ള തീരുമാനം എടുപ്പിക്കുകയായിരുന്നു. പ്രവാസ ജീവിതം ഇപ്പോഴും തുടരുവാൻ നിരവധി മുസ്ലിം സൗഹൃദങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്. അതുപോലെ മറ്റൊരു സംഭവമാണ് ദമ്മാമിലുണ്ടായത്.
അൽ ഖോബാർ ഹൈവേയിൽ സുഹൃത്തിനോടൊപ്പം കാറിൽ വരുന്ന സമയം. കാറന്റെ ടയർ പെട്ടെന്ന് പഞ്ചറായി. എന്റെ കുടുംബവും, ബാല എന്ന സുഹൃത്തിന്റെ കുടുംബവും (കോവിഡ് സമയത്ത് കാനഡയിൽവെച്ച് വിടവാങ്ങിയ സ്നേഹിതൻ) ചീറിപ്പായുന്ന വണ്ടികളുടെ അരികിൽ പേടിച്ചരണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.
പെട്ടെന്ന് ഒരു സൗദി സഹോദരൻ അദ്ദേഹത്തിന്റെ വലിയ ഒരു വാഹനം തൊട്ടടുത്ത് കൊണ്ടുവന്നു നിർത്തി. ഞങ്ങളോട് ദയ തോന്നിയ അദ്ദേഹം തനിയെ ടയർ മാറ്റിയിട്ട് ഞങ്ങളെ സഹായിച്ചു. ഒരു പുണ്യ റമദാനിലായിരുന്നു അത്. ഇന്ന് മറക്കാൻ കഴിയാത്ത ഒരു അനുഭവമായി ഇന്നും മനസ്സിൽ നിൽക്കുന്നു. കരുണയും, പരസ്പര സഹായവുമായെത്തുന്ന ഈ വിശ്വാസി സഹോദരങ്ങൾക്ക് റമദാൻ പോലുള്ള പ്രാർഥനകൾ കാരണമാകുന്നുണ്ടാവാം.
വീണ്ടും നമ്മിലേക്കെത്തിയ ഈ പുണ്യദിനങ്ങൾ എല്ലാവർക്കും നന്മ നിറഞ്ഞതാകട്ടെ എന്ന് പ്രാർഥിക്കുന്നു. നമ്മുടെ കരങ്ങൾ അല്ലാഹുവിന്റെ കരങ്ങളായി എല്ലാവർക്കും സഹായമായിത്തീരാനും എന്നെന്നും ഓർത്തെടുക്കാൻ കഴിയുന്ന നന്മകൾ ചെയ്യാനും നമുക്ക് കഴിയട്ടെ. ഒന്നുമില്ലെങ്കിലും മനുഷ്യ നിർമിത തിന്മകളിൽനിന്ന് അകന്നു നിൽക്കാനെങ്കിലും നമുക്ക് കഴിയുമല്ലോ. അതിന് ഈ പുണ്യ റമദാൻ പ്രേരണയാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

