സ്നേഹം വിളമ്പിയ ആ ഇഫ്താറുകൾ
text_fieldsപന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, അന്ന് ഞാൻ മസ്കത്തിൽ എത്തിയിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ.വീടിന്റെ നേരെ എതിരെ യുള്ള വില്ലയിൽ ഞങ്ങളുടെ ചില സുഹൃത്തുക്കൾ കുടുംബവുമായി താമസിച്ചിരുന്നു.എന്ത് ആവശ്യമുണ്ടെങ്കിലും അവര് വിളിപ്പുറത്തുണ്ടാകും.പക്ഷേ റമദാൻ തുടങ്ങുന്ന മുമ്പ് അവരുടെ കുടുംബങ്ങൾ നാട്ടിലേക്ക് പോയി.
മൂന്ന് ഇക്കമാർ മാത്രമായി അവിടെ.ഷിഹാബിക്ക, ശാഹിദ് ചേട്ടൻ, ഷമീമേട്ടൻ (ഞാൻ ഇങ്ങനെയാണവരെ വിളിക്കാറ് ).ഞാൻ എട്ട് മാസം ഗർഭിണി ആയിരിക്കുന്ന സമയമാണ് അന്ന്.അത്കൊണ്ട്തന്നെ എന്നും വൈകീട്ട് വീടിന്റെ പരിസരത്ത് കൂടി ഞാനും ഭർത്താവ് സന്ദീപും കുറച്ചു നേരം വൈകുന്നേരം നടക്കാനിറങ്ങുന്ന പതിവ് ഉണ്ടായിരുന്നു.നോമ്പ് തുടങ്ങുന്ന ദിവസം അവർ ഞങ്ങളെ നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു.
എനിക്കന്ന് നോമ്പു തുറ ആദ്യത്തെ അനുഭവമാണ്.ഗർഭിണിയായത് കൊണ്ടുതന്നെ നല്ല രുചിയുള്ള വിഭവങ്ങൾ കഴിക്കാൻ ഏറെ കൊതി തോന്നുന്ന സമയവുമാണല്ലോ.പക്ഷേ ഞാൻ കരുതി ഫാമിലി നാട്ടിലായതുകൊണ്ട് അവർ പുറത്ത് നിന്നും ഭക്ഷണം വാങ്ങിയിട്ടാകും ഞങ്ങളെ ക്ഷണിക്കുന്നതെന്ന്.അവരിൽ പാചകപ്പുലികളുണ്ടെന്ന് അതുവരെ ഞങ്ങൾ അറിഞ്ഞിരുന്നില്ല.
ഞങ്ങൾ എത്തുന്നതിനു മുമ്പേ തന്നെ വിഭവങ്ങൾ നിരന്നു.ജ്യൂസ്, സ്നാക്ക്സ്, ഫ്രൂട്ട്സ്, ബിരിയാണി, ചിക്കൻ ചുക്ക...ഒന്നും പറയേണ്ട.നിരനിരയായി ഭക്ഷണ വിഭവങ്ങൾ. ‘വാവ് ! കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ’ എന്ന് പറഞ്ഞാൽ മതിയല്ലോ... ഈത്തപ്പഴവും, വെള്ളവും കഴിച്ച് അവർ നോമ്പു തുറന്നു.പിന്നെ നമസ്കാരവും കഴിഞ്ഞു ഞങ്ങൾ ഒരുമിച്ച് ആഹാരം കഴിക്കാനിരുന്നു.അന്നാണ് ഷിഹാബിക്കയുടെ പാചകകലയിലെ കൈപ്പുണ്യം ഞങ്ങളറിയുറിയുന്നത്.സ്നേഹം വിളമ്പിയ ആ നോമ്പു തുറ ഇപ്പോഴും ഓർമയിലുണ്ട്.
മനസ്സും വയറും നിറഞ്ഞ് വളരെ സന്തോഷ പുഞ്ചിരിയോടെയാണ് അവിടെനിന്ന് മടങ്ങിയത്. അത് കൊണ്ട് തീർന്നു എന്നൊന്നും കരുതണ്ട.അടുത്ത ദിവസങ്ങളിലും ഞങ്ങളുടെ വൈകീട്ടുള്ള നടത്തം അവസാനിക്കുന്നത് ഇഫ്ത്താർ സമയത്ത് തന്നെയായിരിക്കും. ഇതൊക്കെ തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ് ട്ടോ... അല്ലാതെ മനപൂർവമാണെന്നാരും കരുതല്ലേ. ആദ്യമൊക്കെ ഒരു മടി തോന്നിയിരുന്നു.പിന്നീട് അങ്ങനെ തോന്നിയിട്ടില്ല.
റമദാൻ ഇഫ്താർ ഞങ്ങളുടെ ഒരു പതിവ് ശീലമായി. ഓരോ ദിവസവും പല തരത്തിലുള്ള വിഭവങ്ങൾ ഇക്കമാർ സ്നേഹത്തോടെ വിളമ്പി. ആ നോമ്പുകാലം തീരുന്ന വരെ ഇതൊരു തുടർക്കഥയായി. ഇന്നും ഇടക്കൊക്കെ ഞങ്ങൾ തമ്മിൽ കാണുമ്പോൾ പറയാറുണ്ട് .എത്ര രുചിയുള്ള വിഭവങ്ങളാണ് കഴിക്കാൻ ആഗ്രഹം തോന്നിയ ആ സമയത്ത് അവർ മൂന്നുപേരും ചേർന്ന് വിളമ്പിയത്. അതിനാൽ ഈ ഇഫ്താർ ഞങ്ങൾക്ക് സ്നേഹ വിരുന്നാണ്.വിരുന്നുകാരെ, വീട്ടുകാരാക്കുന്ന ഒരു ‘കെമിസ്ട്രി’ ഇഫ്താറിലുണ്ട്. ഞങ്ങളെ ഇതുപോലെ സ്നേഹിച്ചവരെ ജീവിതത്തിൽ മറക്കാൻ ഞങ്ങൾക്ക് കഴിയുമോ..
ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി സ്വന്തം നാടുവിട്ട് മറ്റൊരു നാട്ടിൽ എത്തിപ്പെടുന്ന നമുക്ക്, ഒരു പരിചയവും ഇല്ലാത്തവർ നമ്മളെ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നു. മനുഷ്യസ്നേഹവും സഹോദര്യവും പഠിപ്പിക്കുന്ന റമദാൻ പ്രാർഥന നന്മയുള്ള മനുഷ്യരെയും.. സമൂഹത്തേയും സൃഷ്ടിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.സ്നേഹബന്ധങ്ങൾ എക്കാലത്തും നിലനിർത്തി മുമ്പോട്ട് പോകാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ. പുണ്യങ്ങൾ പെയ്തിറങ്ങുന്ന ഈ നോമ്പുകാലം എല്ലാവർക്കും സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ഞാൻ പ്രാർഥിക്കാം. എല്ലാവർക്കും റമദാൻ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

