""ഹൃദയവിശുദ്ധിയുടെ അകംമോടികൾ''
text_fieldsഇസ്ലാമിലെ മുഴുവന്‍ ആരാധനാകർമങ്ങളുടെയും ആത്യന്തിക ലക്ഷ്യം ആത്മ സംസ്കരണമാണ്. ആത്മവിശുദ്ധിയുടെ പ്രകാശത്തോടെയുള്ളതല്ലാത്ത ആരാധനാ കർമങ്ങളൊന്നും പ്രപഞ്ചനാഥന്റെ സവിധത്തില്‍ അംഗീകരിക്കപ്പെടില്ല. അല്ലാഹു അല്ലാത്തതിനെ ഖൽബിൽ പ്രതിഷ്ഠിച്ചും ദുനിയാവിനെ സ്നേഹിച്ചും ദുഷിച്ച സ്വഭാവങ്ങളും വിചാരങ്ങളും ഉള്ളിൽ പേറിയും ജീവിക്കുന്ന ഒരുവന്റെ ഹൃദയത്തിൽ എങ്ങനെയാണ് അല്ലാഹു പ്രവേശിക്കുക. അവിടം എങ്ങനെ അല്ലാഹുവിന്റെ അർഷായി (സാമ്രാജ്യം) ത്തീരും.
മനുഷ്യർ പൊതുവിൽ അകം ശുദ്ധിയാക്കുന്നതിനേക്കാൾ പുറം ശുദ്ധിയാക്കാൻ താൽപര്യമുള്ളവരാണ്. മറ്റുള്ളവരുടെ ശ്രദ്ധയിൽ വരുന്ന ഭാഗം മോടി കാണിച്ച് മേനി നടിക്കാനുള്ള പ്രവണത അധികമുണ്ട്. മറ്റുള്ളവർക്ക് കാണാൻ കഴിയാത്തതിനാൽ അകം ശുദ്ധിയാക്കുന്നതിൽ വിമുഖരാകുകയും ചെയ്യുന്നു. വാസ്തവത്തിൽ ശുദ്ധീകരണത്തിന്റെയും അലങ്കാരത്തിന്റെയും യഥാർഥ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയാണെങ്കിൽ അകം ശുദ്ധിയാക്കാനായിരിക്കും വിശ്വാസി ആദ്യം പരിശ്രമിക്കുക. സൃഷ്ടികളുടെ തൃപ്തി ലക്ഷ്യമാകുമ്പോഴാണ് പുറംമോടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. തിരുനബിയുടെ ഒരു വചനം ശ്രദ്ധേയമാണ്. തീർച്ചയായും അല്ലാഹു ബാഹ്യമായ മോടിയിലേക്കും ആകാരസൗഷ്ഠവത്തിലേക്കും നോക്കുന്നില്ല. ഹൃദയത്തിലേക്കും കർമങ്ങളിലേക്കും ആണ് അല്ലാഹു നോക്കുന്നത്. അകവും പുറവും ശുദ്ധിയായ ആളുകളാണ് അല്ലാഹുവിങ്കൽ ഏറ്റവും പ്രിയപ്പെട്ടവർ.
പൊതുവേ സാധാരണ വിശ്വാസികൾ സ്വന്തത്തെക്കുറിച്ച് വലിയ ആത്മവിശ്വാസം ഉള്ളവരാണ്. നിർബന്ധ അനുഷ്ഠാനങ്ങളിൽ വ്യാപൃതരാവുന്നു, അല്ലാഹു ഹറാമാക്കിയ കാര്യങ്ങൾ വർജിക്കുന്നു, പതിവായി നമസ്കരിക്കുന്നതിലൂടെയും ഖുർആൻ പാരായണം ചെയ്യുന്നതിലൂടെയും ശുദ്ധി കൈവരിക്കുന്നു. എന്നിട്ട് ഇനി എന്തിന് തൗബ ചെയ്യണം എന്നു ചിന്തിക്കുന്നു. പലരും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഈ വിചാരം ഒരുവനിൽ ഉണ്ടെങ്കിൽ അവന്റെ ഹൃദയത്തിന് ജീവനില്ല എന്നാണ് അർഥം.
നിങ്ങൾക്ക് ജീവൻ ഉണ്ടെങ്കിൽ ചെറിയൊരു സൂചിയുടെ കുത്തേറ്റാൽതന്നെ വേദന അനുഭവപ്പെടും, പ്രതികരിക്കും. ഇതുപോലെ ഹൃദയത്തിൽ ഈമാനിന്റെ ജീവനുള്ളവരെ സംബന്ധിച്ച് ഓരോ ചെറിയ പാപവും അവരിൽ വലിയ വേദന ഉണ്ടാക്കുകയും തൗബ ചെയ്ത് മാപ്പിരക്കുകയും ചെയ്യും. ഹൃദയത്തിൽ ഈമാനിന്റെ ജീവനുള്ളവർ ഹൃദയ മാലിന്യത്തെ നീക്കി ശുദ്ധി കൈവരിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. ഹൃദയം ശുദ്ധിയായാൽ ജീവിതമാസകലം ശുദ്ധിയായി. തിരുനബി പഠിപ്പിച്ചു: "തീർച്ചയായും മനുഷ്യശരീരത്തിൽ ഒരു മാംസപിണ്ഡം ഉണ്ട്. അതു നന്നായാൽ മനുഷ്യൻ ആസകലം നന്നായി. അതു ചീത്തയായാൽ മനുഷ്യൻ ചീത്തയായി, അറിയുക അതാണ് ഹൃദയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.