തങ്കേടത്തിയുടെ നെയ്യപ്പവും, മരക്കാർക്കാന്റെ ഐസും
text_fieldsഈ വർഷത്തെ റമദാൻ മാസവും അവസാനിക്കാൻ പോകുന്നു. എത്രയെത്ര നോമ്പു തുറകളിലാണ് പങ്കെടുത്തത്, എത്രയെത്ര കാണാവിഭവങ്ങളാണ് കഴിച്ചത് അപ്പോഴെല്ലാം ഓർമയിൽ മായാതെ കിടന്നത് ചെറുപ്പകാലത്തെ ഒട്ടനവധി നോമ്പോർമകളാണ്.
അതിൽ പ്രധാനമാണ് അവസാനരാവുകളിൽ ഞങ്ങളുടെ നാട്ടിൽ എല്ലാവരും കൂടി വിവിധതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി പള്ളികളിലേക്ക് കൊണ്ടുപോകുന്നതും അവിടെവെച്ച് എല്ലാവരും കൊണ്ടുവന്നത് മിക്സ് ചെയ്ത് പലർക്കും വീതിച്ചു നൽകുന്നതും. ഞങ്ങൾ അധികവർഷവും ഉണ്ടാക്കിയിരുന്നത് നെയ്യപ്പം ആയിരുന്നു, അതിനു ഞങ്ങൾ ആശ്രയിച്ചിരുന്നത് തങ്കേടത്തി എന്നു പറയുന്ന ഒരു അമ്മയെ ആയിരുന്നു. അതിനു പ്രധാന കാരണം ആ പരിസരത്ത് ഉരൽ ഉണ്ടായിരുന്നത് അവിടെമാത്രമായിരുന്നു. ആ ഉരലിലാണ് അരി കുത്തി പൊടിച്ചിരുന്നത്.
നോമ്പു തുറന്നതിനു ശേഷമാണ് നെയ്യപ്പം ചുടുന്നത്. നെയ്യപ്പം ചുട്ടു തുടങ്ങുമ്പോഴേക്കും വീശുന്ന കാറ്റിനു വരെ നെയ്യപ്പത്തിന്റെ ഗന്ധമായിരുന്നു. അയൽവക്കങ്ങളിലെ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും നെയ്യപ്പം വീതിച്ചു നൽകുമായിരുന്നു. അന്നത്തെ കാലത്ത് നോമ്പുതുറക്ക് തണുത്ത വെള്ളം നിർബന്ധമായിരുന്നു. കിലോമീറ്റർ നടന്നാൽ എവിടെയെങ്കിലും ഒരു ഫ്രിഡ്ജ് ഉണ്ടെങ്കിൽ ആയി അതിനും ഒരു പരിഹാരം കണ്ടെത്തിയിരുന്നത്. സാധാരണക്കാരെല്ലാം ഞങ്ങളുടെ നാട്ടിൽ ഒരു പെട്ടിക്കട നടത്തുന്ന ഒരു മരക്കാർ ഇക്ക ഉണ്ടായിരുന്നു.
റമദാനിന് അദ്ദേഹത്തിന്റെ പ്രധാനമായ കച്ചവടം ഉമിയിൽ പൊതിഞ്ഞ ഐസും കാരക്കയും ആയിരുന്നു. 50 പൈസക്ക് ഒരു ഐസ് കഷണം തീരും, അതുപോലെ അമ്പതു പൈസക്ക് അഞ്ചു കാരക്കയും. എല്ലാദിവസവും ഇതു വാങ്ങിയിട്ടാണ് നോമ്പുതുറ ജോറാക്കിയിരുന്നത്. പെരുന്നാളിന് ചൂടാനായി ബാപ്പ മുല്ലപ്പൂ കൊണ്ടുവരുമായിരുന്നു. ഫ്രിഡ്ജ് സൗകര്യമൊന്നുമില്ലാതിരുന്ന കാലമായതുകൊണ്ട് വാഴയിൽ പൊതിഞ്ഞ് ചെറിയ കയറുകെട്ടി കിണറ്റിൽ വെള്ളത്തിനു മേലെ ഇറക്കി വെക്കും.
പെരുന്നാളിന് ഭക്ഷണം എല്ലാം കഴിച്ചു, പുറത്തിറങ്ങുന്നതിനു മുമ്പ് കിണറ്റിൽ നിന്നും എടുത്തിട്ടാണ് തലയിൽ ചൂടാറ്. എല്ലാം എത്രപേർക്ക് വിശ്വാസയോഗ്യമാകുമോ എന്നറിയില്ല. പുതിയകാലത്തിലെ ആളുകൾക്ക് കേട്ടു കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ, എത്രയൊക്കെ സൗകര്യങ്ങളും സുഖങ്ങളും വർധിച്ചാലും ഏറ്റവും ഇഷ്ടപ്പെട്ട നോമ്പുകാലം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ ഞാൻ പറയും എന്റെ കുട്ടിക്കാലത്തെ നോമ്പുകാലമാണെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

