ഖുർആൻ സൃഷ്ടിച്ച പുതിയ മനുഷ്യൻ
text_fieldsനബിയെക്കുറിച്ച് പഠനം നടത്തിയ എല്ലാ ഗവേഷകരും അംഗീകരിച്ച ഒരു വസ്തുത പ്രവാചകന്റെ സ്വഭാവം വളരെ ഉന്നതവും ഏവർക്കും മാതൃകാപരവുമായിരുന്നു എന്നതാണ്. പരുഷപ്രകൃതക്കാരായിരുന്ന പല സ്വഹാബികളും ഇസ്ലാമിലേക്ക് പ്രവേശിച്ചതോടെ അങ്ങേയറ്റം സഹാനുഭൂതിയും മനുഷ്യത്വവുമുള്ള ഉന്നത സ്വഭാവക്കാരായി എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇത് ഖുർആൻ സാധിച്ച ഒരു വിപ്ലവംതന്നെയാണ്.
ഖുർആൻ മനുഷ്യ സമൂഹങ്ങളിൽ വരുത്തിയ മാറ്റം ചെറുതല്ല. മദ്യത്തിലും മദിരാക്ഷിയിലും അഭിരമിച്ച്, കൊന്നും കൊലവിളിച്ചും പരുക്കൻ ജീവിതം നയിച്ചിരുന്ന അറബികളെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും സംസ്കാര സമ്പന്നരാക്കി. വൃത്തിയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ ശരീര ഭാഷകളും ശബ്ദക്രമീകരണവും സംസാരരീതികളുമെല്ലാം എങ്ങനെയാവണമെന്ന് അവരെ പഠിപ്പിച്ചു.
കുടുംബ ജീവിതത്തിലും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലും പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ആവശ്യമായ വിശദാംശങ്ങളോടെ പകർന്നു. ആദ്യകാലത്തെ സമൂഹങ്ങളെ ഖുർആൻ എങ്ങനെയാണോ എല്ലാവിധ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിച്ച്, മൃഗീയവും പൈശാചികവുമായ പ്രേരണകളിൽ നിന്നും സംരക്ഷിച്ച് മാതൃകായോഗ്യരാക്കിയത്, പിന്നീട് ചരിത്രത്തിലുടനീളം വിശ്വാസ സമൂഹങ്ങളെ ഉന്നതിയിൽ നിലനിർത്തിയത് അതുപോലെ ഇന്നും സാധ്യമാണ്. മനുഷ്യസമൂഹം നേരിടുന്ന എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഖുർആനിലുണ്ട്. ഖുർആനെ വേണ്ടവിധം പ്രയോജനപ്പെടുത്താത്തതാണ് സമുദായം ഇന്നു നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം.
ഫെബ്രുവരി 28, 2025ന് സി.ബി.എസ് ന്യൂസ് പുറത്തുവിട്ട വാർത്ത വെളിപ്പെടുത്തുന്നത് അമേരിക്കൻ തടവറകളിൽ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ആയിരങ്ങൾ ഓരോ വർഷവും ഇസ്ലാമിലേക്ക് കടന്നുവരുന്നു എന്നതാണ്. അങ്ങനെ ഒരാളായ മുഹമ്മദ് അമീൻ ആൻഡേർസൺ പറയുന്നത് “ഞാൻ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ എന്നിൽ മനുഷ്യത്വം ഉണ്ടായിരുന്നില്ല. അവിടെ ഇതര മതങ്ങൾ പഠിക്കുവാനായി വർഷങ്ങൾ ഞാൻ ചെലവഴിച്ചു.
ഇസ്ലാം മാത്രമാണ് ശരിയാണെന്നെനിക്ക് ബോധ്യപ്പെട്ടു.” ജയിൽമോചിതനായ ശേഷം അദ്ദേഹമെടുത്ത തീരുമാനം, മയക്കുമരുന്നിന് അടിമയായ കാലത്ത് ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി തന്റെ കൈകളാൽ വധിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും ഒപ്പം, മുഴുവൻ സമൂഹത്തിനും പരവാവധി നന്മ ചെയ്യുക എന്നതായിരുന്നു. വിശ്വാസികളുടെ മുന്നിലുള്ള ചോദ്യം ഇതാണ്: നാം ഈ ഗ്രന്ഥത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ; ഇതിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനായോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.