Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightലൈലത്തുല്‍ ഖദ്ർ എന്ന...

ലൈലത്തുല്‍ ഖദ്ർ എന്ന പുണ്യരാവ്

text_fields
bookmark_border
ലൈലത്തുല്‍ ഖദ്ർ എന്ന പുണ്യരാവ്
cancel

ആത്മശുദ്ധീകരണത്തിനും പാപമോചനത്തിനുമായി അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരാധനാകർമങ്ങളില്‍ നിമഗ്‌നനായ വിശ്വാസിക്ക് റമദാനിലെ ഓരോ ദിനരാത്രികളും ആനന്ദകരമാണ്. അവയില്‍, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായി അല്ലാഹു സംവിധാനിച്ച പുണ്യരാവാണ് ലൈലത്തുല്‍ ഖദ്ർ. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാവുകൂടിയാണ് ഖദ്റിന്റെ പവിത്ര നിശ. ‘‘നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ർ എന്താണെന്നാണ് അങ്ങ് ധരിച്ചത്. ലൈലത്തുല്‍ ഖദ്ർ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്’’എന്ന ഖുര്‍ആനിക വചനങ്ങള്‍ (97:1-3) ലൈലത്തുല്‍ ഖദ്റിന്റെ മഹത്വം വിളിച്ചോതുന്നുണ്ട്.

സത്യമാണെന്ന് വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിൽകാല പാപങ്ങളും പൊറുക്കപ്പെടുമെന്ന് മറ്റു ഹദീസുകളിലും കാണാം. നബി അവസാന പത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അരയും തലയും മുറുക്കി ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നുവെന്നാണ് ഹദീസ്.

ഗതകാല സമുദായങ്ങളില്‍നിന്ന് വിഭിന്നമായി, മുഹമ്മദിയ്യ സമുദായത്തിന് മാത്രമായി അല്ലാഹു സംവിധാനിച്ച അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ർ. മുന്‍കാല സമുദായങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സുണ്ടായിരുന്നതുകൊണ്ട് ദീര്‍ഘകാലം അല്ലാഹുവിനെ ആരാധിക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ഈ ഉമ്മത്തിന് ആയുസ്സ് വളരെ കുറവാണെങ്കിലും കുറഞ്ഞ സമയത്തിനകം അനേകമിരട്ടി പ്രതിഫലം കരസ്ഥമാക്കാന്‍ ലൈലത്തുല്‍ ഖദ്ർ വഴി അവസരം നല്‍കുകയാണ് അല്ലാഹു. ആയിരം മാസം എന്നാല്‍ എണ്‍പതിലധികം വര്‍ഷങ്ങള്‍ വരുമല്ലോ. ഓരോ വര്‍ഷവും ഖദ്റിന്റെ രാവുകള്‍ ആരാധനകളെ കൊണ്ട് ധന്യമാക്കുന്ന സത്യവിശ്വാസി നിരവധി നൂറ്റാണ്ടുകള്‍ ആരാധനയില്‍ ജീവിച്ചവര്‍ക്ക് തുല്യനാവുന്നു. അനസ് (റ) നിവേദനം ചെയ്യുന്നു: ‘‘ലൈലത്തുല്‍ ഖദ്റിലെ സുകൃതങ്ങള്‍, ദാനധര്‍മങ്ങള്‍, സകാത്, നമസ്‌കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്’’.

ലൈലത്തുല്‍ ഖദ്ർ ഏതു ദിനത്തിലായിരിക്കുമെന്ന് അല്ലാഹു നമുക്ക് അറിവ് നല്‍കിയിട്ടില്ല. അപ്രകാരം സംഭവിച്ചാല്‍ ആ രാവില്‍ മാത്രം വിശ്വാസികള്‍ നന്മകളില്‍ നിരതരാവുകയും ബാക്കി ദിനങ്ങളില്‍ ആരാധനാപരമായി മോശമാവുകയും ചെയ്തേക്കുമെന്നതാണ് ഇതിലെ യുക്തി. റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിലെ ഒറ്റയായ രാവുകൾ ലൈലത്തുല്‍ ഖദ്ർ കൂടുതല്‍ സാധ്യതയുള്ളവയാണ്. പ്രമുഖ സ്വഹാബിവര്യരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട നബിവചനങ്ങളാണ് അത്തരം നിഗമനങ്ങളുടെ അടിസ്ഥാനം.

ചുരുക്കത്തില്‍, ലൈലത്തുല്‍ ഖദ്റില്‍ ജീവിതത്തിലൊരു തവണയെങ്കിലും നന്മകള്‍കൊണ്ട് ധന്യമാക്കാന്‍ സാധിച്ചവര്‍ക്ക് എണ്‍പത്തിമൂന്നിലേറെ വര്‍ഷത്തെ ആരാധനാകര്‍മങ്ങളുടെ പുണ്യങ്ങള്‍ കരസ്ഥമാകുന്നു. വിശുദ്ധ റമദാന്‍ വിടപറയുമ്പോള്‍ ഓരോ വിശ്വാസിയും സുകൃതങ്ങളിലലിയുന്നു എന്ന് സാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanDharmapathaSpirituality
News Summary - The holy night of Laylatul Qadr
Next Story