നന്മകളുടെ സൗമ്യ സ്വാധീനം
text_fieldsസ്നേഹവും സൗഹൃദങ്ങളും മനുഷ്യബന്ധങ്ങളും വഴി സാമൂഹികവും സാംസ്കാരികവുമായ സൗമ്യ സ്വാധീനം ഉണ്ടാക്കിയെടുക്കാനുള്ള ഇസ്ലാമിന്റെ ശക്തി അപാരമാണ്. അല്ലാഹുവുമായുള്ള ബന്ധം നിലനിർത്താനാവശ്യമായ നിർദേശങ്ങൾ പോലെതന്നെ, നല്ല സമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള വഴികളും ഖുർആനിക ദർശനം പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ സൽഫലങ്ങൾ വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല. അത് സമൂഹത്തിൽ പരക്കണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്.
മദീനയിലേക്ക് വന്ന പ്രവാചകനെ കാണാൻ വേണ്ടി ജനങ്ങൾ തടിച്ചുകൂടി. അവരെ അഭിസംബോധന ചെയ്ത് അവിടുന്ന് നടത്തിയ ആദ്യ പ്രഭാഷണത്തിൽ ഇപ്രകാരം കാണാം: ‘മനുഷ്യരേ, നിങ്ങൾ പരസ്പരം സലാം പറയുക, ഭക്ഷണം നൽകുക, കുടുംബ ബന്ധങ്ങൾ ചേർക്കുക, രാത്രിയുടെ നിശബ്ദതയിൽ പ്രാർത്ഥിക്കുക. നിങ്ങൾക്ക് സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കാം’.
സലാം പറയുക എന്നത് ഒരു അഭിവാദ്യവചനവും സമാധാനത്തിന്റെ പ്രാർഥനയുമാണ്. മറ്റുള്ളവർക്ക് സുരക്ഷയും സമാധാനവും ആശംസിക്കുന്ന ഈ ലളിത വചനം മനുഷ്യരുടെ ഹൃദയങ്ങളിൽ അടുപ്പവും സ്നേഹവും വളർത്തുന്നു. ഭക്ഷണം നൽകുക, ബന്ധങ്ങൾ ചേർക്കുക തുടങ്ങിയ കാര്യങ്ങൾ മനുഷ്യന് സാമൂഹിക ഔന്നിത്യം നൽകുന്ന പ്രവർത്തികളാണ്. അവന്റെ ഉള്ളിലെ മനുഷ്യത്വത്തെ ഉണർത്താൻ അവക്ക് കഴിയുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ അല്ലാഹുവിന്റെ മുമ്പിൽ പ്രാർഥനാ നിരതനാകാനുള്ള നിർദേശവും പ്രവാചകന്റെ പ്രഭാഷണത്തിലുണ്ട്. സാമൂഹിക ബന്ധങ്ങളെയും ആത്മീയതയെയും ചേർത്ത് നിർത്തുന്ന ഇസ്ലാമിന്റെ മഹത്തായ ഉള്ളടക്കമാണിത്.
ഏതൊരു ചെറിയ സമാധാന ശ്രമവും സമൂഹത്തിൽ സ്വാധീനം ചെലുത്തും. അവിടെ പരസ്പര വിശ്വാസവും സ്നേഹവും നിറയും. സമാധാനത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും വാഹകരാകാൻ മനുഷ്യർ തയാറാകുമ്പോൾ അസമാധാനത്തിന്റെ വേരുകൾ പിഴുതെറിയാൻ സാധിക്കുന്നു. അത് ഒരു നല്ല ലോകത്തെ സൃഷ്ടിക്കുന്നു. സമാധാനവും സുരക്ഷയും ഐശ്വര്യവും നിറഞ്ഞ സമൂഹവും ലോകവുമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

