അലങ്കാരത്തിന്റെ ചേരുവ
text_fieldsഇസ്ലാമിന്റെ അടിത്തറയാണ് വിശ്വാസ കാര്യങ്ങൾ. അതിന്റെ തൂണുകൾ ഇസ്ലാം കാര്യങ്ങളും. അവക്ക് മുകളിലാണ് ഇസ്ലാമിക ജീവിതമാകുന്ന സൗധം നിർമ്മിക്കപ്പെടുന്നത്. ആ സൗധത്തിന് ഭംഗിയും സൗന്ദര്യവും അലങ്കാരവും നൽകുന്ന ഘടകം എന്താണ്? ഇസ്ലാമിക ജീവിതത്തെ ആകർഷണീയമാക്കി മാറ്റുന്ന, അതിന് ഇലാസ്തികതയും പ്രായോഗിക ലാളിത്യവും നൽകുന്ന വല്ല ചേരുവയും ഉണ്ടോ?
ഖുർആനിക കാഴ്ചപ്പാടിൽ, വിശ്വാസത്തെയും കർമങ്ങളെയും മികവുറ്റതും ഭംഗിയുള്ളതുമാക്കുന്ന ചേരുവയാണ് ഇഹ്സാൻ. ഓരോ വ്യക്തിക്കും സാധ്യമാകുന്ന ഏറ്റവും മികവുള്ള നിലവാരത്തിൽ പ്രവർത്തിക്കാനും ജീവിക്കാനും പഠിപ്പിക്കുന്ന മൂല്യം. സ്വാഭാവികമായും അതിന് ഉപകാരപ്രദമായ സൽഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നാം ഏറ്റവും മികവ് തെളിയിക്കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിന്റെ മുമ്പിലാണ്. പ്രവാചകൻ ഇഹ്സാനിനെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “അല്ലാഹുവിനെ കാണുന്നുവെന്നപോലെ അവനെ ആരാധിക്കുകയും അവന് വഴിപ്പെടുകയും ചെയ്യലാണ് ഇഹ്സാൻ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ടല്ലോ”.
അല്ലാഹുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള പരമാവധി ബോധവും ബോധ്യവുമാണത്. ആരാധനകളിൽ മനസ്സാനിധ്യം, അവക്ക് വേണ്ടിയുള്ള ഒരുക്കം, നിർവഹണത്തിന്റെ രൂപവും സമയവും പാലിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം മികവ് പുലർത്തുന്നത് ഇഹ്സാനാണ്. എന്നാൽ, ആരാധനയിൽ മാത്രം ഒതുങ്ങേണ്ടതല്ല; ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കേണ്ട മൂല്യമാണത്. കർമങ്ങളുടെ പുറം നന്നാക്കുന്നതിനേക്കാൾ പ്രധാനമാണ് അവയുടെ ഉദ്ദേശവും അകവും നന്നാക്കൽ. ഒരു കാര്യം ചെയ്യുക എന്നതിൽ നിന്ന് അതിനെ ഏറ്റവും നന്നായി ചെയ്യുക എന്ന നിലയിലേക്കുള്ള ഉയർച്ചയാണത്.
ഇഹ്സാനിന് പരിധി നിശ്ചയിക്കുന്ന ഒരു രേഖയില്ല. അകത്തും പുറത്തും മികവ് വരുത്താനുള്ള, സാധ്യമാവുന്നതിന്റെ പരമാവധി ശ്രമമാണത്. മറ്റുള്ളവർ കാണുന്നുവോ ഇല്ലയോ എന്നതല്ല പ്രധാനം. അല്ലാഹു കാണുന്നുവെന്ന ബോധ്യമാണ് നിർണായകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

