കാരുണ്യത്തിന്റെ കുടയായി സ്വയം മാറുന്ന ചില മനുഷ്യർ
text_fieldsഭക്തിയുടെ വസന്തോത്സവത്തിന്റെ പകലിരവുകൾ ഒരിക്കൽകൂടി വിശ്വാസ ജീവിതങ്ങളിൽ പുളകച്ചാർത്തണിയിച്ച് കൊണ്ട് ഒരു വ്രതകാലം കൂടി വിരുന്നുവന്നിരിക്കുന്നു. ഓർമകളുടെ പുസ്തകത്തിന്റെ താളുകൾ മെല്ലെ മെല്ലെ പിറകോട്ടേക്ക് മറിക്കുമ്പോൾ വ്രതകാലവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന നിറമുള്ള ഓർമകളുടെ സുരഭില മുഹൂർത്തങ്ങൾ ഹൃദയത്തിൽ നിറഞ്ഞ് തുളുമ്പുന്നു. പ്രവാസം എന്നതുതന്നെ ഓരോ മനുഷ്യനിലും സൃഷ്ടിക്കുന്നത് അനുഭവങ്ങളുടെ പേമാരി തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. നീണ്ട 20 വർഷത്തെ പ്രവാസത്തിനിടയിൽ പല നേരങ്ങളിൽ കയറിയിറങ്ങിപ്പോയ മനുഷ്യരിൽ മട്ടാഞ്ചേരിക്കാരനായ ദന്ത ഡോക്ടർ അബ്ദുക്കയെ മറവിക്ക് വിട്ട് കൊടുക്കാൻ മനസ്സ് ഒരിക്കലും സമ്മതിക്കാറില്ല.
ഒരു നോമ്പ് കാലത്താണ് അദ്ദേഹം ഞങ്ങളുടെ കടയുടെ മുകളിൽ ചെറിയൊരു ക്ലിനിക് തുടങ്ങുന്നത്. ഉയർന്ന വരുമാനമുണ്ടായിട്ടും അയാളുടെ വളരെ ചുരുക്കിയുള്ള ജീവിതം എന്നിൽ അയാൾക്കുണ്ടാക്കിയത് ഒരു അറുപിശുക്കന്റെ പരിവേഷമായിരുന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല.
ഞങ്ങൾ രഹസ്യമായി കഞ്ഞി ഡോക്ടർ എന്നാണ് വിളിച്ചിരുന്നത്. ഇയാൾക്ക് വരുമാനത്തിനനുസരിച്ചു കുറച്ചുകൂടി നന്നായി പണം ചെലവാക്കി ജീവിച്ചുകൂടെ എന്നു പലവട്ടം ചിന്തിച്ചുപോയിട്ടുമുണ്ട്. പക്ഷേ, അയാളെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴാണ് നമുക്ക് പിടികിട്ടാത്ത അല്ലെങ്കിൽ പിടിതരാത്ത മനുഷ്യരുണ്ട് എന്ന സത്യം ഒരിക്കൽകൂടി ഞാൻ തിരിച്ചറിയുന്നത്. ചിറകറ്റ ഇയ്യാംപാറ്റകളെപ്പോലെ ജീവിതപ്രയാസങ്ങളിൽ വട്ടംകറങ്ങുന്ന ഒരു പാട് മനുഷ്യർക്ക് താങ്ങും തണലുമായി മനുഷ്യസ്നേഹത്തിന്റെ മഹാ മാതൃക തീർത്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നറിഞ്ഞപ്പോൾ അറിയാതെ എന്റെ ഇമകൾ നനഞ്ഞു. കടബാധ്യതയാൽ ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തിന്റെ മുഴുവൻ ബാധ്യതകളും ഏറ്റെടുത്ത് കൊണ്ട് മരണത്തിൽനിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് വലിച്ചുകയറ്റിയതും അയാളാണ് എന്നറിഞ്ഞപ്പോൾ ആ മനുഷ്യനോടുള്ള ബഹുമാനാദരവുകൾ മനസ്സിൽ നുരഞ്ഞുപൊന്തി.
തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു പദ്ധതികൂടി അദ്ദേഹത്തിനുണ്ടെന്നും അത് നോക്കിനടത്തുന്നത് ഭാര്യയായത് കൊണ്ടാണ് അവളെ ഇങ്ങോട്ട് കൊണ്ടുവരാത്തത് എന്നതുകൂടി ആ മനുഷ്യനോടുള്ള ബഹുമാനം വല്ലാതെ വർധിക്കുകയായിരുന്നു. ഏതെങ്കിലും ഒരു കാലത്തു മണ്ണിനു ഭക്ഷണമാകേണ്ട, അല്ലെങ്കിൽ ഏതാനും വർഷത്തെ ജീവിതത്തിനുമേൽ അവസാനം വന്നുവീഴാനുള്ളത് മൂന്നു പിടി മണ്ണ് മാത്രമാണെന്ന തിരിച്ചറിവിൽ നമ്മൾ മനുഷ്യർ പരസ്പരം ചേർത്ത് പിടിക്കേണ്ടവരാണെന്ന വലിയ പാഠം ജീവിതം കൊണ്ട് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യൻ എന്റെ ഓർമയിൽ വർഷങ്ങൾക്കിപ്പുറവും നിറഞ്ഞുതന്നെ നിൽക്കുന്നുണ്ട്.
എല്ലാം ഒഴിവാക്കി നാട്ടിലേക്ക് പോകുന്നതിന്റെ മുമ്പേ കടന്നുവന്ന ഒരു നോമ്പ് കാലത്തു അദ്ദേഹത്തിന്റെ മുറിയിൽവെച്ച് നടത്തിയ ഇഫ്താർ കഴിഞ്ഞു ആ മനുഷ്യനെ ഗാഢമായി ആലിംഗനം ചെയ്തു തിരിച്ചു നടക്കുമ്പോൾ ഒരു വലിയ വ്യക്തിത്വത്തെ തെറ്റായി ധരിച്ചതിന്റെയും കളിയാക്കിയതിന്റെയും കുറ്റബോധമായിരുന്നു മനസ്സ് നിറയെ. എന്റെ മുൻവിധികളെ മാറ്റിമറിച്ച അനുകമ്പയുടെ ആ മനുഷ്യരൂപത്തെപ്പറ്റിയല്ലാതെ ഈ റമദാനിൽ മറ്റാരെപ്പറ്റി എഴുതാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

