റമദാൻ കാഴ്ചയൊരുക്കി ശൈഖ് സായിദ് മോസ്ക്
text_fieldsഅറബ് പാരമ്പര്യത്തനിമ വിളിച്ചോതി റമദാൻ പകലിരവുകളിലെ പീരങ്കി വെടികൾക്കായി ഒരുങ്ങിക്കഴിഞ്ഞു അബൂദബിയിലെ ശൈഖ് സായിദ് മോസ്ക്ക്. ആധുനിക സജ്ജീകരണങ്ങൾ ഏറ്റവും അനുയോജ്യമായി സന്നിവേശിപ്പിക്കുമ്പോഴും അറബ് പാരമ്പര്യത്തിന്റെ പ്രതീകമായി ആ പീരങ്കികൾ നോമ്പിന്റെ തുടക്കത്തിലും ഇഫ്താർ നേരമാവുമ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും. ഇത്തവണയും റമദാന് മുന്നോടിയായി എല്ലാവിധ ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇഫ്താര്‍, തറാവീഹ്, ഇഅ്തിക്കാഫ് തുടങ്ങി വിശ്വാസികളുടെ തിരക്ക് കൂടുതലുള്ള സാഹചര്യങ്ങളില്‍ ഇവ നിയന്ത്രിക്കുന്നതിനും പാര്‍ക്കിങ്ങിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അബൂദബിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി അതിവേഗം മാറിയ ശൈഖ് സായിദ് മോസ്കില്‍ റദമാനില്‍ വിശ്വാസികളും സന്ദര്‍ശകരുമായി വന്‍ തിരക്കാണ് എല്ലാക്കൊല്ലവും അനുഭവപ്പെടുക.
റമദാനില്‍ ഇഫ്താറിനും ആരാധനകൾക്കും സന്ദര്‍ശകരുടെ വന്‍തോതിലുള്ള ഒഴുക്ക് കൈകാര്യം ചെയ്യാന്‍ പരമാവധി തയ്യാറെടുപ്പ് ഉറപ്പാക്കുകയാണ് അധികൃതർ. ഗ്രാന്‍ഡ് മോസ്കിലേക്ക് എത്ര പേര് എത്തിയാലും അവരെയെല്ലാം വരവേല്‍ക്കാന്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് കർമ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുക, മസ്ജിദിന്റെ അതിഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഫീല്‍ഡ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കുക, ഒപ്പം ഒരു സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിലും അതീവ ശ്രദ്ധാലുക്കലാണിവര്. പ്രധാന ഹാളിലെ കാര്‍പ്പെറ്റ് കഴുകുക, വൃത്തിയാക്കുക, ആവശ്യമെങ്കില്‍ പുതിയത് വിരിക്കുക, അതിന്റെ ഗുണനിലവാരം സംരക്ഷിക്കുക, ഡോമുകള്‍ വൃത്തിയാക്കുക, മാര്‍ബിളിന്റെ രൂപകല്‍പ്പനയും മനോഹാരിതയും സംരക്ഷിക്കുക. 41 എയര്‍ കണ്ടീഷനിങ്, താപനില നിയന്ത്രണ എയര്‍ ഹാന്ഡ്ലിങ് യൂണിറ്റുകളുടെ കൃത്യമായ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുക, പ്രാര്‍ത്ഥന ഹാളുകളിലെ ആരാധകരുടെ എണ്ണം അനുസരിച്ച് വായു സഞ്ചാരവും താപനിലയും ക്രമപ്പെടുത്തുക തുടങ്ങിയവ റമദാന് ദിനങ്ങളില്‍ സ്ഥിരമായി ചെയ്തുവരുന്നു. പാര്‍ക്കിങ്, ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ 43 പരിശോധകരെയും മേല്‍നോട്ടക്കാരെയും ഉള്‍പ്പെടുത്തി ടീമുകള്‍ വിപുലപ്പെടുത്തും.
പാര്‍ക്കിങ് മേഖലകളിലും ടെന്റുകളിലുമുള്ള പരിശോധകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചു വേണം ആരാധനയ്ക്കെത്തുന്നവരും വ്രതമനുഷ്ടിക്കുന്നവരും ഇഫ്താര്‍, തറാവീഹ് നിസ്കാര കേന്ദ്രങ്ങളിലെത്തേണ്ടത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കും. കഴിഞ്ഞ തവണ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ റമദാനിലെ 27-ാം രാവില്‍ നിസ്കാരത്തിനെത്തിയത് 70000ത്തിലേറെ വിശ്വാസികളാണ്. അതേസമയം, ശൈഖ് സായിദ് മോസ്കില്‍ രാത്രികാലങ്ങളിലും സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട് അധികൃതര്‍.
രാത്രി 10 മുതല്‍ രാവിലെ 9 വരെ കൂടി സന്ദര്‍ശകരെ അനുവദിക്കാന്‍ തീരുമാനിച്ചതോടെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്ക് ചുറ്റിക്കാണാനാവും. രാത്രികാലങ്ങളില്‍ കൂടി സന്ദര്‍ശനം അനുവദിച്ചതോടെ പള്ളിയുടെ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളുമൊക്കെ ആളുകള്‍ക്ക് കാണാനാവും. പുരാതനവും സമകാലികവുമായ കലാസൃഷ്ടികള്‍, ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ കൈയെഴുത്തുപ്രതികള്‍, അലങ്കാരങ്ങള്‍, കാലിഗ്രാഫി, ലോഹം, മരം, മാര്‍ബിള്‍ കലാസൃഷ്ടികള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ‘ലൈറ്റ് ആന്‍ഡ് പീസ് മ്യൂസിയം’ അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അപൂര്‍വമായ പുസ്തകങ്ങളും ഇസ് ലാമിക സംസ്കാരത്തിന്റെ സമ്പന്നത ആഘോഷമാക്കുന്ന കൈയെഴുത്തുപ്രതികള്‍ അടക്കമുള്ള ലഭിക്കുന്ന അല്‍ ജാമി ലൈബ്രറിയും മസ്ദിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

