ആത്മനിയന്ത്രണം വലിയ പാഠം
text_fieldsറമദാൻ മാസത്തിലെ പുണ്യദിനങ്ങൾ നമ്മോട് വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ, കഴിഞ്ഞുപോയ ദിവസങ്ങളിൽ നമ്മൾ എന്ത് നേടിയെടുത്തു എന്നത് ഗൗരവമായി ആലോചിക്കണം. വ്രതാനുഷ്ഠാനത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ വശം ക്ഷമയാണ്, സഹനമാണ്.
ജീവിതത്തിൽ എല്ലാം ക്ഷമിച്ചും സഹിച്ചും നേരായ മാർഗത്തിലൂടെ മുന്നോട്ടുപോകാനുള്ള പരിശീലന കാലമാണിത്. നബിതിരുമേനി (സ) പറഞ്ഞത് വ്രതം ഒരു പരിചയാണെന്നാണ്. പരിച, യുദ്ധത്തിൽ ശത്രുവിന്‍റെ വെട്ടും കുത്തും ഏൽക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. ഇവിടെ നമ്മൾ ഒരു യുദ്ധമുഖത്താണെന്ന് സങ്കൽപിക്കുക. നമ്മെ ആക്രമിക്കാൻ വരുന്ന ഒരുപാട് പേരുണ്ട്. നമ്മെ തിന്മയിലേക്ക് പിടിച്ചുവലിക്കുന്നവരുണ്ട്. ഭൗതികമായ പ്രലോഭനങ്ങളിൽ പെടുത്തി നമ്മെ നശിപ്പിക്കാൻ കാത്തിരിക്കുന്നവരുണ്ട്.
പൈശാചികമായ പ്രവണതകളിലേക്ക് നമ്മെ നയിക്കുന്നവരുണ്ട്. ഇതൊക്കെ നമ്മൾ അനുഭവിക്കുന്ന വെട്ടും കുത്തുമാണ്. ഈ പോർക്കളത്തിൽ നമുക്ക് രക്ഷപ്പെടാൻ നമ്മുടെ കൈയിൽ എന്താണുള്ളത്? ശക്തമായ പ്രതിരോധം തീർത്തേ മതിയാകൂ. ആയുധങ്ങളുണ്ടാകണം. ആ ആയുധമാണ് വ്രതം. വ്രതം അനുഷ്ഠിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അവനിലേക്ക് പൈശാചികമായ ഒരു ആക്രമണവും ഏൽക്കുകയില്ല.
റമദാൻ മാസമായാൽ സ്വർഗ കവാടങ്ങൾ തുറന്നുവെക്കപ്പെടും, നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടും, പിശാചുക്കളെ ബന്ധനസ്ഥരാക്കുകയും ചെയ്യുമെന്ന് നബിവചനമുണ്ട്. ഇതിന്‍റെ ആശയം, കൂടുതൽ നന്മയിലേക്ക് എത്താനുള്ള വഴിതുറക്കുമെന്നും തിന്മയിൽനിന്ന് മാറിനിൽക്കാനുള്ള മാർഗങ്ങൾ ഉണ്ടാകുമെന്നും പിശാചുക്കൾ നമ്മെ ആക്രമിക്കാതിരിക്കാൻ അവ ബന്ധിതരായ അവസ്ഥയിലാകുമെന്നുമാണ്. അതുകൊണ്ടുതന്നെ, നാം നമ്മെ നിയന്ത്രിക്കാനും നമ്മെ ഉപദ്രവിക്കുന്ന ദുഃശക്തികളെ നേരിടാനും ആവശ്യമായ സഹനം നേടിയെടുക്കുക എന്നത് വ്രതത്തിൽനിന്ന് നമ്മൾ നേടിയെടുക്കേണ്ട പ്രധാന പാഠമാണ്.
നമുക്ക് നമ്മെ നിയന്ത്രിക്കാൻ കഴിയാത്ത അവസരങ്ങൾ ഏറെയുണ്ട്. നമ്മുടെ വ്യക്തിപരമായ താൽപര്യങ്ങൾ, അഭിമാന ബോധം, നമുക്ക് കിട്ടേണ്ട നേട്ടങ്ങൾ അങ്ങനെ പലതും സ്വന്തത്തിനുവേണ്ടിയോ കുടുംബത്തിന് വേണ്ടിയോ സംഘത്തിന് വേണ്ടിയോ പാർട്ടിക്ക് വേണ്ടിയോ ഒക്കെ ഭൗതിക താൽപര്യങ്ങൾക്കായി ചിന്തിക്കുന്ന അവസ്ഥയുണ്ടാവുക. അവിടെയാണ് ഇതൊന്നുമല്ല തന്‍റെ ലക്ഷ്യമെന്നും ഇതിനൊന്നുമല്ല, തന്നെ സൃഷ്ടിച്ചതെന്നുമുള്ള ബോധ്യത്തോടെ ക്ഷമിച്ചും സഹിച്ചും മുന്നോട്ടുപോകാനുള്ള ആർജവം കാണിക്കേണ്ടത്.
ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനുള്ള ആഗ്രഹമുള്ളവരാണ് മനുഷ്യർ. അതുപോലെ വിരോധിക്കപ്പെട്ടത് പലപ്പോഴും അനുഭവിക്കാൻ കൊതിക്കുന്നതാണ് മനുഷ്യ മനസ്സ്. ഇത്തരം ആളുകളെയാണ് ഒരുമാസക്കാലം പരിശീലിപ്പിക്കുന്നത്. വിശപ്പുണ്ടായിട്ടും പകൽ ഭക്ഷണം കഴിക്കാതെയും ദാഹമുണ്ടായിട്ടും വെള്ളം കുടിക്കാതെയും പല വാക്കുകൾ കേൾക്കുമ്പോഴും മറുപടി പറയാനുണ്ടായിട്ടും പറയാതെയും ആത്മനിയന്ത്രണം പാലിക്കുന്നു. ഇതൊക്കെ ക്ഷമയുടെയും സഹനത്തിന്‍റെയും വലിയ പാഠങ്ങൾ മനുഷ്യനിൽ ശീലിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

