Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightറമദാൻ:...

റമദാൻ: ആത്മനിയന്ത്രണത്തിന്റെ വെളിച്ചത്തിലേക്ക്

text_fields
bookmark_border
Ramadan
cancel

ലോകം അതിവേഗം പുരോഗതി കൈവരിക്കുന്നു എന്ന് നാം അഭിമാനിക്കുമ്പോൾ തന്നെയും, ദിനംപ്രതി വായിക്കുന്ന വാർത്തകളും ചുറ്റിലും കാണുന്ന യാഥാർഥ്യങ്ങളും ഒട്ടും ആശാവഹമല്ല. സാമൂഹിക ജീർണ്ണതകളും സാങ്കേതികവിദ്യകളിലെ വളർച്ചയും സമാന്തരരേഖകളായി മുന്നോട്ട് പോകുന്ന അവസ്ഥ. വിരൽത്തുമ്പിലെ സ്ക്രീനുകളിൽ വിരിയുന്ന കൊടിയ അധർമ്മങ്ങളും ലഹരി ഉപയോഗശീലങ്ങളും പുതിയ തലമുറയെ ‘ആഘോഷങ്ങളുടെ അടിമത്തത്തിലേക്ക്’ അതിവേഗം വഴിതിരിച്ചുവിടുന്നുണ്ട്. ധാർമ്മികതയും മൂല്യബോധവും എല്ലാം വെറും ‘Boring’ ആയി തുടങ്ങുമ്പോൾ ജീവിതത്തിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും എല്ലാം ആഘോഷമാക്കുക മാത്രമാണ് ലക്ഷ്യമെന്നും പഠിപ്പിക്കുന്ന ഒരു ഉദാര നവലോക ക്രമം (Liberal World Order) യുവത്വത്തെ അതിവേഗം സ്വാധീനിക്കുന്നുണ്ട്.

ഈ ലക്ഷ്യമില്ലാത്ത, ജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടുകളില്ലാത്ത മുന്നോട്ടുപോക്ക് ഭയാനകമായ മാനസിക സംഘർഷങ്ങളിലേക്കും വഴിവിട്ട ജീവിതരീതികളിലേക്കുമാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ആത്മഹത്യകളിൽ അഭയം കണ്ടെത്തുന്നവർ, സിന്തറ്റിക് ലഹരികൾ ഉപയോഗിക്കുന്നവർ, പെട്ടെന്ന് പണം ഉണ്ടാക്കാം എന്ന പേരിൽ വലിയ തട്ടിപ്പുകളിൽ പെടുന്നവർ, സ്ത്രീ-പുരുഷ അതിർവരമ്പുകൾ പ്രാകൃതമാക്കിയവർ തന്നെ ലൈംഗിക അക്രമങ്ങൾക്കും സാമൂഹിക രോഗങ്ങൾക്കും അടിമയാകുന്ന കാഴ്ചകൾ. ആധുനിക ലോകം നേരിടുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ദൈവിക നിയമങ്ങളെ പിന്തുടരുക മാത്രമാണ്. വികാരങ്ങളെ ശമിപ്പിച്ച് വിവേകത്തോടെ ഒരു പുനർചിന്തനം നടത്താൻ നിർദ്ദേശിക്കുന്ന പരിശുദ്ധ റമദാൻ ഈ ആസക്തികൾക്കെതിരെയുള്ള വലിയൊരു പ്രതിരോധമാണ്.

വൈദ്യശാസ്ത്രത്തിലെന്നപോലെ ഇസ്‌ലാമും മുന്നോട്ടുവെക്കുന്ന പ്രധാന തത്വം "Prevention is better than cure" എന്നതാണ്. തിന്മകളെ കേവലം വിലക്കുക മാത്രമല്ല, തിന്മകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയും വഴികളെയും കൊട്ടിയടക്കുക എന്നതാണ് ഇസ്‌ലാമിക രീതി. തിന്മകളെ അതിന്റെ വേരറുത്ത് മാറ്റാനാണ് റമദാൻ ശ്രമിക്കുന്നത്. ഇന്ന് ലോകം മനുഷ്യരെ അച്ചടക്കമുള്ളവരാക്കാൻ സി.സി.ടി.വി. ക്യാമറകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ മനുഷ്യനിർമ്മിതമായ സംവിധാനങ്ങൾക്കെല്ലാം പരിമിതികളുണ്ട്. അവിടെയാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ അദൃശ്യമായ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധം പ്രസക്തമാകുന്നത്. താൻ ചെയ്യുന്നത് മറ്റാരും കാണുന്നില്ലെങ്കിലും സർവ്വശക്തനായ അല്ലാഹു കാണുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് (ഇഹ്സാൻ) ഒരു മാസത്തെ നോമ്പിലൂടെ വിശ്വാസി നേടിയെടുക്കുന്നത്. ഇന്ന് നാം കാണുന്ന സാമൂഹിക ജീർണ്ണതകളെല്ലാം 60-70 വർഷങ്ങൾക്ക് മുമ്പ് യൂറോപ്യൻ-അമേരിക്കൻ പരിസരങ്ങളെ പിടിച്ചുലച്ച സമയം ഉണ്ടായിരുന്നു. അധർമ്മികതയെ ന്യായീകരിച്ച്, തെറ്റ്-ശരി എന്നൊന്നുമില്ല എന്ന് പറഞ്ഞ് അവിടെ ഉണ്ടായ വലിയ വിപ്ലവങ്ങൾക്ക് മുന്നിൽ അവിടെയുള്ള സാമൂഹിക ക്രമങ്ങൾ തകർന്നപ്പോൾ 60 വർഷങ്ങൾക്കിപ്പുറം ലോകത്താകമാനം ഏറ്റവും വേഗത്തിൽ മനുഷ്യർ ആശ്ലേഷിക്കുന്ന മതമായി ഇസ്‌ലാം മാറുന്നതും വ്യക്തമായ പാഠം നമുക്ക് നൽകുന്നുണ്ട്. എപ്സ്റ്റീൻ ഫയലുകളും, മീ ടൂ വിവാദങ്ങളും, ഹേമ കമ്മിറ്റി റിപ്പോർട്ടും മുതൽ വ്യക്തിജീവിതത്തിൽ ദൈവിക നിയമങ്ങളെ അവഗണിക്കുമ്പോൾ സംഭവിക്കുന്ന ദുരന്തഫലങ്ങൾ നാം കാണുന്നു. ദൈവിക നിയമങ്ങളും വിശ്വാസ ദൃഢതയും ആത്മീയ അനുഷ്ഠാനങ്ങളിൽ ഉള്ള കൃത്യതയും മനുഷ്യന് നൽകുന്ന ജീവിത ലക്ഷ്യവും സമാധാനവും തന്നെയാണ് ഇതിൽ നിന്ന് നാം വായിക്കേണ്ട പാഠം.

വിശുദ്ധ ഖുർആൻ നോമ്പിന്റെ ലക്ഷ്യമായി വിവരിക്കുന്നത് 'സൂക്ഷ്മത' (തഖ്‌വ) കൈവരിക്കുക എന്നതാണ് (അൽ ബഖറ: 183). തിന്മകളിൽ നിന്ന് അകന്നുനിൽക്കുക, നന്മകളിൽ മത്സരിക്കുക, ഇഖ്‌ലാസ് അഥവാ ആത്മാർത്ഥത നിലനിർത്തുക എന്നീ മൂന്ന് തലങ്ങളാണ് തഖ്‌വക്കുള്ളത്. ജീവിതം ഈ ലോകം കൊണ്ടുമാത്രം അവസാനിക്കുന്നതാണെന്ന് കരുതുന്നവർക്ക് ഇവിടെ ആഘോഷിക്കാനുള്ള ഇടം മാത്രമാണ്. എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷാ ഹാൾ മാത്രമാണ്. തിരക്കുപിടിച്ച ജീവിതരീതിയിൽ ഒരു 'ആത്മീയ വർക്ക് ഷോപ്പ്' കൂടിയാണ് റമദാൻ. വിശ്വാസി സമൂഹത്തിന് മാത്രം അവകാശപ്പെടാവുന്ന അനുഗ്രഹം കൂടിയാണത്. ഇന്നലെകളിൽ സംഭവിച്ച തിന്മകൾ 'ഡിലീറ്റ്' ചെയ്യാനുള്ള സുവർണ്ണാവസരമായി മാത്രമല്ല, ചുറ്റുമുള്ള സഹജീവികളോടുള്ള ബന്ധങ്ങൾ സുദൃഢമാക്കാനും, അതിൽ വരുന്ന വീഴ്ചകൾ നാം ചെയ്യുന്ന സൽക്കർമ്മങ്ങൾ പോലും പ്രപഞ്ചസ്രഷ്ടാവ് സ്വീകരിക്കാതിരിക്കാൻ കാരണമാകും എന്ന് പഠിപ്പിക്കുന്നത് വഴി ജീവിതത്തിന്റെ ഓരോ തുറകളിലും ദൈവികമായ ഇടപെടൽ നടത്തുകയാണ് ഇസ്‌ലാം ആരാധനകളിലൂടെ. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാതെ ആകാശത്തുള്ളവന്റെ കരുണ ലഭിക്കില്ലെന്ന പ്രവാചക വചനം നാം ഓർക്കുക. ഹൃദയത്തിൽ വിദ്വേഷം വെച്ചുപുലർത്തി റമദാനിലേക്ക് പ്രവേശിക്കരുതെന്ന പ്രവാചകാനുചരരുടെ മാതൃക ഇവിടെ പ്രസക്തമാണ്.

റമദാൻ വിശ്വാസികൾക്ക് ആത്മീയ അനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; ജീവിതത്തിലെ സമയം, ബന്ധങ്ങൾ, ഇടപാടുകൾ, ശാരീരികവും മാനസികവും ബൗദ്ധികവുമായ ഉന്മേഷം എല്ലാം നൽകുന്ന ഒന്ന് കൂടിയാണ്. തീർച്ചയായും പുതിയ കാലത്ത് ഒരുപാട് നന്മകൾ ഉണ്ടെങ്കിലും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയും മൊബൈൽ ഫോണും നമ്മുടെ റമദാനിലെ അമൂല്യമായ സമയങ്ങളെ കവർന്നെടുക്കുന്നുണ്ട്. സ്ക്രീൻ ടൈം കുറച്ചും അനാവശ്യ കൂട്ടുകെട്ടുകളും സംസാരങ്ങളും ഒഴിവാക്കിയും ഉപകാരമില്ലാത്ത സ്ക്രോളിംഗ് അവസാനിപ്പിച്ചും ഖുർആനുമായി കൂടുതൽ സമയം ചെലവഴിക്കാൻ വിശ്വാസിക്ക് കഴിയണം. റമദാനിൽ മാത്രം നന്മ ചെയ്യുന്ന ‘റമദാനി’കളാകാതെ, ജീവിതകാലം മുഴുവൻ ആ നന്മകൾ നിലനിർത്തി പ്രപഞ്ചസ്രഷ്ടാവായ റബ്ബിന്റെ ആളുകളാകുന്ന ‘റബ്ബാനി’കളാകാൻ നമുക്ക് സാധിക്കണം. തിന്മകൾക്ക് നേരെയും വ്യക്തിപരമായ ആസക്തികൾക്ക് നേരെയും ‘‘ഇല്ല’’ എന്ന് ഉറക്കെ പറയാൻ ഈ പരിശീലനം നമ്മെ പ്രാപ്തരാക്കട്ടെ. ആത്മീയവും മാനസികവുമായ ഈ കരുത്ത് നേടിയെടുക്കാൻ ഈ വിശുദ്ധ മാസം നമുക്ക് പ്രയോജനപ്പെടുത്താം.

(ലേഖകൻ വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanRamadan TalkSpiritual
News Summary - Ramadan: Towards the Light of Self-Control
Next Story