ഒമാനിലെ ജീവിതമാണ് എന്നെ നോമ്പുകാരനാക്കിയത്
text_fieldsആലപ്പുഴ ജില്ലയിലെ ചേർത്തലയിൽനിന്ന് ജോലി ആവശ്യാർഥം ഒമാനിലെത്തിയിട്ട് 28 വർഷങ്ങൾ പിന്നിട്ടു. ഹിന്ദു മതവിശ്വാസിയായ എനിക്ക് റമദാൻ നോമ്പും നോമ്പുതുറയുമൊക്കെ മനസ്സിലാകുന്നത് എന്റെ ഈ ഗൾഫ് ജീവിതത്തിൽനിന്നുതന്നെയാണ്. ഇത്ര കൃത്യതയുള്ളതാണ് ഈ പ്രാർഥനയെന്ന് എനിക്കറിയില്ലായിരുന്നു.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള തർക്കവിതർക്കങ്ങളും, വഴക്കു കൂടലുകളും നിത്യ സംഭവങ്ങളായ നമ്മുടെ സഹോദരങ്ങൾ കണ്ടുപഠിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഒമാനിലെ പ്രവാസി ജീവിതത്തിൽനിന്ന്മനസ്സിലാക്കാനായി. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധ മതവിഭാഗത്തിലുള്ളവർ ഒരേ സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഒരിടം അതുവരെ എന്റെ സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ല.
ഓരോ സ്ഥാപനങ്ങളിൽ, വില്ലകളിൽ, ഫ്ലാറ്റിൽ, ക്യാമ്പുകളിൽ നിത്യം ഇടപഴകുന്ന മനുഷ്യർ തമ്മിലെല്ലാം പരസ്പര സ്നേഹവിശ്വാസത്തോടെ കഴിയുന്നതിന് ഒരു വിശ്വാസവും ചിന്തയും ഒട്ടും തടസ്സവുമാവുന്നില്ല. നാട്ടിൽനിന്ന് ആലോചിക്കാനോ, അനുഭവിക്കാനോ കഴിയാത്ത തികച്ചും അതിശയകരമായ ഈ അനുഭവം ഏറെ ചിന്തിപ്പിക്കുന്നത് തന്നെയാണ്. ഇവിടുത്തെ സ്വദേശികൾ പുലർത്തുന്ന സ്നേഹവും സൗഹാർദവും നമ്മളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എനിക്ക് തോന്നി.
അതിനനുസരിച്ചു ജീവിതത്തെ ക്രമീകരിക്കാൻ നമുക്കും സാധിക്കുമെന്ന് മനസ്സിലായി. ഒമാനിലെ വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുന്നവരായി ഇടപഴകാനും, അങ്ങനെ അനവധിയാളുകളെ പരിചയപ്പെടാനും കഴിഞ്ഞപ്പോൾ ഈ ചിന്ത ശരിവെക്കുന്നതായി മനസ്സിലായി. അകൽച്ചയിൽ നിൽക്കുന്നിടങ്ങളിൽ വേണ്ടത് തിരിച്ചറിവ് കൊണ്ടുള്ള ഒരു ഐസ് ബ്രേക്കിങ്, മഞ്ഞുരുക്കൽ മാത്രമാണ്.
റമദാൻ മാസത്തിൽ ഒമാനിലെ എല്ലാ സംഘടനകളും നോമ്പുതുറ സംഘടിപ്പിക്കുന്നത് പതിവാണ്. ഇവിടത്തെ മലയാളി സാംസ്കാരിക കൂട്ടായ്മകൾ നോമ്പിനെ സ്വീകരിക്കുന്നതേറേ ആവേശത്തോടെയാണെന്നാണ് എന്റെ അനുഭവം. പ്രതീക്ഷ ഒമാൻ, ആക്സിഡന്റ് ആൻഡ് ഡിമൈസസ്, വീ ഹെൽപ്, തണൽ ഒമാൻ, ധ്വനി മസ്കത്ത് തുടങ്ങിയ സംഘടനകളുമായടുത്തു പ്രവർത്തിച്ചത് മുതലാണ് ഞാൻ നോമ്പ് നോൽക്കാൻ തുടങ്ങിയതും ഇഫ്താറിൽ പങ്കെടുക്കാൻ തുടങ്ങിയതും. ജീവിതത്തിലെ എന്റെ നോമ്പ് അനുഭവങ്ങൾ അവിടെ തുടങ്ങുന്നു. മസ്കത്തിലുള്ള മുസ്ലിം സഹോദരന്മാർ കൂടെയുണ്ടായിരുന്നു. ഈ നോമ്പ് പിടിച്ചത് എന്റെ ജീവിതത്തിലെ അതുവരെ അറിയാത്ത ഒരു ആരാധനയുടെ വ്യത്യസ്തമായൊരനുഭവം തന്നെയായിരുന്നു. റമദാൻ മാസത്തിൽ നോമ്പ് നോൽക്കുന്നത് പുണ്യവും, ഒരു നേരത്തേ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നയാൾക്ക് എത്തിച്ചു കൊടുക്കുന്നതും മഹത്തായ ഒരു സന്ദേശം തന്നെയാണ് എന്ന് ബോധ്യമായി.
റമദാനിൽ നന്മനിറഞ്ഞ പ്രവൃത്തികളിൽ മുഴുകുന്ന വിശ്വാസികൾ അവരുടെ മാനസികവും ശാരീരികവുമായ അച്ചടക്കത്തോടൊപ്പം, മാനവ ജീവിതത്തിന് നൽകുന്ന സഹവർതിത്ത്വത്തിന്റെ സന്ദേശം അമൂല്യമാണ്.
ഈശ്വരന്റെ സൃഷ്ടികളെല്ലാം തുല്യരാണെന്നും അപരന്റെ വിശപ്പും, ദാഹവുമകറ്റാൻ ഓരോരുത്തരും സാധ്യമായത് ചെയ്യണമെന്ന സന്ദേശം എത്ര മഹത്തരമാണ്. ഓരോരോ വിശ്വാസിയുടെ സമ്പത്തിലും കൊടുത്ത് വീട്ടേണ്ട സകാത് ധർമത്തെ കുറിച്ചും ഇസ്ലാം വിശ്വാസം പഠിപ്പിക്കുന്നു. അത് ദരിദ്രന്റെ അവകാശമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈശ്വര കൃപാകടാക്ഷം നേടാൻ വിശ്വാസികൾ നോമ്പും, സകാതും അനുഷ്ഠിച്ചു വിശുദ്ധി നേടുകയാണ്. എല്ലാവർക്കും ജീവിത സൗഭാഗ്യങ്ങളും, പ്രാർഥനയുടെ പുണ്യങ്ങളും ആവോളം നേടുവാൻ ഈ റമദാനിലൂടെ കഴിയട്ടെ.
വായനക്കാർക്ക് തങ്ങളുടെ മറക്കാൻ പറ്റാത്ത നോമ്പനുഭവങ്ങൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. 79103221 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ oman@gulfmadhyamam.net എന്ന മെയിലേക്ക് അയക്കുകയോ ചെയ്യാം. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മധുരകാരക്ക കോളത്തിലുടെ പ്രസിദ്ധീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.