വിട്ടുവീഴ്ച സമൂഹത്തിന്റെ ആണിക്കല്ല്
text_fieldsതൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ( ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ)
‘‘നന്മയും തിന്മയും സമമാകില്ല. നന്മകൊണ്ട് തിന്മയെ പ്രതിരോധിക്കുക, അപ്പോൾ ശത്രു മിത്രമായി മാറും. പ്രത്യേകം സൗഭാഗ്യം സിദ്ധിച്ച ക്ഷമാശീലർക്ക് മാത്രമേ ഇത് സാധ്യമാകൂ’’ (ഖുർആൻ 41:34-35).
23 വർഷക്കാലത്തെ ജീവിതംകൊണ്ട് പരിശുദ്ധ ഖുർആനിന്റെ സന്ദേശം സ്വാംശീകരിച്ച പ്രവാചകന് എല്ലാ വിഷയങ്ങളിലും എന്നപോലെ വിട്ടുവീഴ്ചയുടെ കാര്യത്തിലും മാതൃകയായിരുന്നു. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല പ്രതികാര മനഃസ്ഥിതി -ഇതിലെല്ലാം മുൻപന്തിയിലായിരുന്നു. ഹിജ്റ ആറാം വർഷം ആയിരത്തിനാന്നൂറ് അനുയായികളുമായി ഉംറ നിർവഹിക്കാൻ പുറപ്പെട്ട് ബഹുലമായ സംഭവങ്ങൾക്ക് ശേഷം ഹുദൈബിയയിൽ വെച്ച് നടന്ന സന്ധിയിൽ പ്രവാചകന്റെ വിട്ടുവീഴ്ച മനസ്സ് അതിന്റെ മഹോന്നതിയിൽ ദർശിക്കാനാകും.
ആ ചർച്ചക്ക് എത്തിയത് ഖുറൈശികളുടെ ഭാഗത്തുനിന്ന് സുഹൈൽ ഇബ്നു അംറ് ആയിരുന്നു. സന്ധി രേഖാമൂലമാകണമെന്ന് പ്രവാചകൻ ആവശ്യപ്പെടുകയും സുഹൈൽ അതംഗീകരിക്കുകയും ചെയ്തു. അലിയായിരുന്നു കരാർ എഴുതിയത്.
ബിസ്മി കൊണ്ട് തുടങ്ങിയപ്പോൾ സുഹൈൽ അത് സമ്മതിച്ചില്ല. ‘അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിൽനിന്നുള്ള കരാർ’ എന്നെഴുതിയപ്പോൾ അതും സുഹൈൽ സമ്മതിച്ചില്ല. തിരുനബി വിട്ടുവീഴ്ചമനോഭാവത്തോടെ അതെല്ലാം അംഗീകരിക്കാൻ തയാറായി. ഈ വർഷം മടങ്ങി അടുത്ത വർഷം വന്ന് ഉംറ ചെയ്യാമെന്ന വാദവും അംഗീകരിച്ചു. മക്കയിൽനിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാൽ അവരെ നിരുപാധികം തിരിച്ചയക്കണമെന്നും മദീനയിൽ നിന്ന് ആരെങ്കിലും മക്കയിലേക്ക് വന്നാൽ അവരെ മടക്കിയയക്കില്ല എന്ന നിബന്ധനയും വിട്ടുവീഴ്ചയുടെ ഭാഗമായി അംഗീകരിച്ചു.
ഈ സന്ധി ‘ഫത്ഹുൽ ഫത്ഹ്’ (വിജയത്തിന്റെ തുടക്കം) എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സന്ധിയിലൂടെ ഇസ്ലാമിന്റെ മഹത്ത്വം മനസ്സിലാക്കിയ ധാരാളം ആളുകൾ ഇസ്ലാമിലേക്ക് ഒഴുകിയെത്തി. അറബികളുടെ സേനാനായകനായിരുന്ന ഖാലിദുബ്നുൽ വലീദും രാഷ്ട്രീയ ധീഷണശാലിയായിരുന്ന അംറുബ്നുൽ ആസും ഇതിൽ ഉൾപ്പെടുന്നു. ഖാലിദിന്റെ പടവാൾ റോമിലും ശാമിലും പ്രകമ്പനം സൃഷ്ടിച്ചു. ഈജിപ്ത് കീഴടക്കിയത് അംറുബ്നുൽ ആസിന്റെ നേതൃത്വത്തിലായിരുന്നു. പ്രമുഖ സ്വഹാബി ബറത്തുബ്നു ആസ് പ്രസ്താവിച്ചതായി ബുഖാരി ഉദ്ധരിക്കുന്നു: ‘‘ഇസ്ലാമിന്റെ വിജയമായി എല്ലാവരും എണ്ണുന്നത് മക്കാ വിജയമാണ്. അത് വിജയംതന്നെ. എന്നാൽ, യഥാർഥ വിജയം അതിന് അടിപ്പടവായ ഹുദൈബിയ സന്ധിയാണ്’’. കുടുംബജീവിതവും സാമൂഹിക സാമുദായിക രാഷ്ട്രീയ സംഘടനകളും സമാധാനപൂർണമാകുന്നതിന് വിട്ടുവീഴ്ച അനിവാര്യ ഘടകമാണ്. ആത്മസംസ്കരണത്തിന്റെ മാസമായ റമദാൻ വിട്ടുവീഴ്ചയുടേയും കാലമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.