Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഉരുൾ തകർക്കാത്ത...

ഉരുൾ തകർക്കാത്ത നോമ്പോർമകൾ

text_fields
bookmark_border
Ramadan Memories of Wayanad Landslide Place People
cancel
camera_alt

1. ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ 2. ഹാനി

‘വ​ല്യുമ്മാ...എല്ലാവരും പോയി, ഇനി നിങ്ങളേയുള്ളൂ എനിക്ക്.. എന്നെ നോക്കൂല്ലേ’ ആർത്തലച്ചുവന്ന ഉരുൾ തുടച്ചുനീക്കിയ വീടിന്റെ ജനൽ കമ്പിയിൽ മരണം മുമ്പിൽ കണ്ട് തൂങ്ങിനിൽക്കുമ്പോൾ ചളിയിൽ പൂണ്ട് കൈ മാത്രം പുറത്തുകാണുന്ന തന്റെ വല്യുമ്മയെ കൈപിടിച്ച് മുകളിലേക്ക് ഉയർത്തി രക്ഷകനായ ഹാനിയെന്ന 15കാരന്റെ ചോദ്യമായിരുന്നു അത്. പ്രായത്തിന്റെ അവശതകൊണ്ട് ഒന്നു തൊട്ടാൽപോലും വീഴുന്ന വല്യുമ്മ ഹാനിയോട് ഉറച്ചശബ്ദത്തിൽ മറുപടി പറഞ്ഞു: ‘മോനേ ഞാൻ നിന്നെ നോക്കും’.

കഴിഞ്ഞ ജൂലൈ 30ന് രണ്ടു ഗ്രാമങ്ങളെ പാടെ തുടച്ചുനീക്കുകയും അനേകം ജീവനുകളും ആയുഷ്കാല സമ്പാദ്യങ്ങളും കശക്കിയെറിയുകയും ചെയ്ത ഉരുൾദുരന്തത്തിൽ മുണ്ടക്കൈയിലെ കൂളിയോടൻ ഹാനിക്ക് മാതാപിതാക്കളും സഹോദരിമാരുമടക്കം ഒമ്പതുപേരാണ് നഷ്ടപ്പെട്ടത്. നാലു മണിക്കൂറാണ് ഉരുളിലൊലിച്ചുപോയ വീടിന്റെ ജനൽ കമ്പിയിൽ പിടിച്ച് ജീവനുവേണ്ടി അന്ന് ഹാനി കരഞ്ഞത്. കുടുംബത്തിലിപ്പോൾ ഹാനിയും എളാപ്പയുടെ മകൾ അഞ്ചുവയസ്സുകാരി സിദ്റയും മാത്രം ബാക്കി.

ദുരന്തദിനത്തിൽ മഴ തിമിർത്ത് പെയ്തപ്പോൾ സുരക്ഷക്കുവേണ്ടി പുഞ്ചിരിമട്ടത്തുനിന്ന് മുണ്ടക്കൈയിലുള്ള വീട്ടിലേക്ക് മാറിയതായിരുന്നു ഹാനിയും കുടുംബവും. അന്ന് രാത്രി പതിവിൽനിന്ന് വിപരീതമായി ഉമ്മ നേരത്തേ ചോറുവിളമ്പി. ‘ഇതെന്താ ഉമ്മച്ചീ ഇത്ര നേരത്തേ, ഉരുൾപൊട്ടിയാൽ ഉമ്മച്ചിക്കും ഒപ്പം പോകാനാണോ’ എന്ന ഹാനിയുടെ ചോദ്യം കേട്ട് ‘എല്ലാർക്കും ഒപ്പം പോകാല്ലോ, അതല്ലേ നല്ലതെ’ന്ന് ചിരിച്ചുകൊണ്ടായിരുന്നു ഉമ്മയുടെ മറുപടിയെന്ന് ഹാനി ഓർക്കുന്നു.

ഉരുൾപൊട്ടലിൽ തകർന്ന മുസ് ലിം പള്ളി

ദുരന്തം നടന്ന് ആറുമാസത്തിന് ശേഷം പുണ്യങ്ങളുടെ പൂക്കാലമെത്തുമ്പോൾ പാലവയലിലെ ക്വോർട്ടേഴ്സിൽ ഇരുന്ന് തന്റെ പഴയ നോമ്പോർമകളെ ഓർത്തെടുക്കുകയാണ് ഹാനി. സ്കൂൾ വിട്ട് നേരെ പള്ളിയിൽ പോയി നമസ്കരിച്ചുവന്ന് അടുക്കളയിലേക്ക് ചെല്ലും. ഉമ്മച്ചി നോമ്പുതുറക്കാനുള്ള വിഭവങ്ങളൊരുക്കുകയായിരിക്കും. ഇന്നെന്താ സ്പെഷൽ എന്നും ചോദിച്ച് എന്തെങ്കിലുമൊക്കെ ഉമ്മച്ചിയെ സഹായിച്ച് കുറേനേരം സംസാരിച്ചിരിക്കും. വല്ലാത്തൊരു വൈബാണ് ഉമ്മച്ചി. ചിലപ്പോൾ പള്ളിയിൽ പോയി ഖുർആൻ ഓതിയിരിക്കും. ഖത്തീബുമായി നല്ല കൂട്ടായിരുന്നു.

ചിലപ്പോൾ കൂട്ടുകാരൊത്ത് ഫുട്ബാൾ കളിക്കാൻ പോകും. നോമ്പായാൽ വിശാലമായ വീട്ടുമുറ്റം തന്നെയാണ് ഗ്രൗണ്ട്. കൂട്ടുകാരെല്ലാം അവിടേക്കാണ് വരിക. ഇന്നവിടെ വലിയ പാറക്കല്ലുകളും മൺകൂനകളുമാണ് ഉള്ളത്. പ്രിയപ്പെട്ട രണ്ടു കൂട്ടുകാരെയും ഉരുൾ കൊണ്ടുപോയി. സ്കൂളില്ലാത്ത ദിവസങ്ങളിൽ തൊട്ടടുത്ത വനം ചുറ്റിക്കറങ്ങാൻ കൂട്ടുകാരുമൊത്ത് പോകും. ബാങ്ക് വിളിക്കാറാകുമ്പോഴേക്കും വീട്ടിൽ പോയി കുറേ വിഭവങ്ങളുമെടുത്ത് പള്ളിയിലേക്ക് ഓടും. പള്ളിയിലുള്ളവർക്ക് അത് നൽകും. എല്ലാ വർഷവും കുടുംബത്തിന്റെ വക നിരവധി ദിവസങ്ങൾ പള്ളിയിൽ നോമ്പ് വിഭവങ്ങൾ എത്തിക്കാറുണ്ട്. ഇപ്പോൾ അവിടെ പള്ളിപോലുമില്ല.

കഥ പറഞ്ഞിരിക്കാൻ ഉമ്മച്ചിയോ കുശുമ്പുണ്ടാക്കാൻ അനുജത്തിയോ ഫുട്ബാൾ കളിക്കാൻ വീട്ടുമുറ്റമോ കൂട്ടുകാരോ ഇല്ല. നാട് വിറങ്ങലിച്ച ദുരന്തത്തിനിടെ ചളിയിൽ പൂണ്ട വല്യുമ്മയെ രക്ഷിച്ചതിന് കഴിഞ്ഞ ജനുവരി 26ന് ന്യൂഡൽഹിയിൽ ചെന്ന് ധീരതക്കുള്ള അവാർഡ് വാങ്ങിയ ഹാനിയെന്ന വെള്ളാർമല സ്കൂളിലെ 10ാം ക്ലാസുകാരൻ ഇന്ന് നാട്ടുകാരുടെ അഭിമാനമായിരിക്കുകയാണ്.

മുണ്ടക്കൈയുടെ റമദാൻ കാലം

വർഷത്തിൽ ഒരിക്കൽ വിരുന്നുവരുന്ന പുണ്യങ്ങളുടെ പൂക്കാലത്തെ കാത്തിരിക്കാൻ വലിയ ഉത്സാഹമായിരുന്നു മുണ്ടക്കൈക്കാർക്ക്. ദാരിദ്ര്യത്തിന്റെ അതിപ്രസരം എസ്റ്റേറ്റ് മേഖലയിൽ പതിവ് കാഴ്ചകളാണെങ്കിലും പുണ്യ റമദാനിൽ അത്തരം മങ്ങിയ കാഴ്ചകളെ വകഞ്ഞുമാറ്റി മിക്ക വീടുകളും വീട്ടുകാരും ഉത്സാഹഭരിതരായിരിക്കും. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത സ്നേഹവും സൗഹാർദവും മുഖമുദ്രയാണിവിടത്തുകാർക്ക്. വിശുദ്ധ റമദാനെ വരവേൽക്കാൻ മുണ്ടക്കൈയിലെയും പുഞ്ചിരിവട്ടത്തെയുമെല്ലാം വീടുകൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങും തയാറെടുപ്പുകൾ.

വീടും നാടും പള്ളിയും ഇതരമതസ്ഥരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന നന്മകളുടെ വസന്തകാലമായിരുന്നു റമദാൻ. അമ്പലക്കമ്മിറ്റിയുടെയും ചർച്ചിന്റെയും ഭാരവാഹികളെയടക്കം അതിഥികളാക്കിയാണ് ഇവിടത്തെ പള്ളിയിൽ എല്ലാവർഷവും വലിയ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാറ്. പക്ഷേ, ഇത്തവണ റമദാനെ വരവേൽക്കാനും നോമ്പുതുറയൊരുക്കാനും പള്ളിയും പ്രദേശവും നാട്ടുകാരും അവിടെ കാത്തിരിക്കുന്നില്ല. സമാനതകളിലാത്ത ഉരുൾദുരന്തം മുണ്ടക്കൈയെന്ന പ്രദേശത്തെയാകെ കശക്കിയെറിഞ്ഞതോടെ പള്ളിയും മുണ്ടക്കൈ മഹല്ലും പള്ളിയിൽ കിടന്നുറങ്ങിയ ഖത്തീബുമെല്ലാം ഉരുളിനൊപ്പം ഒലിച്ചുപോയി.

കഴിഞ്ഞ തവണത്തെ നോമ്പോർമകളിൽ ഇന്ന് പലരുടെയും ചിത്രങ്ങൾമാത്രമാണ് ശേഷിക്കുന്നത്. അത്തരം നോമ്പോർമകളാവട്ടെ നിറം മങ്ങിയതുമാണിപ്പോൾ. അസാധാരണ മഴ പെയ്യുമ്പോൾ ആർത്തലച്ചുവരുന്ന മലവെള്ളപ്പാച്ചിലിനെ തടുക്കാൻ മുണ്ടക്കൈയുടെ കുന്നിൻമുകളിലുള്ള മിനാരങ്ങൾ രക്ഷയുടെ കരങ്ങളാണെന്ന് കരുതി അവിടേക്കായിരുന്നു എല്ലാവരും ഓടിയെത്താറ്. 2020ലെ പുത്തുമുല ദുരന്തം ഉണ്ടായപ്പോഴെല്ലാം പള്ളിയായിരുന്നു നാട്ടുകാരുടെ സുരക്ഷാകേന്ദ്രം. ഇതര മതവിഭാഗങ്ങളിൽപെട്ടവരും പള്ളിയുടെ മുകളിലെ നിലയിൽ അഭയം തേടും.

എന്നാൽ, ഇക്കഴിഞ്ഞ ഉരുൾപൊട്ടൽ രാത്രിയിൽ അങ്ങോട്ടു പോകാൻ ആർക്കും സാധിച്ചില്ല. നിലയ്ക്കാത്ത പേമാരിയിൽ വലിയ ദുരന്തം പ്രതീക്ഷിച്ചതുപോലെ എല്ലാവരും ദിക്റുകൾ ഉരുവിട്ട് സുരക്ഷിത സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ മഹല്ല് നിവാസികൾക്ക് സന്ദേശമയച്ച മുണ്ടക്കൈ ജുമാമാസ്ജിദിലെ ഖത്തീബ് ശിഹാബ് ഫൈസിയെയും ഉരുൾ കൊണ്ടുപോയി. ദുരന്തത്തിൽ ബാക്കിയായവർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ക്വോർട്ടേഴ്സുകളിലാണ് താമസം. വലിയ ആവേശമായിരുന്നു നോമ്പുകാലമെന്ന് മുണ്ടക്കൈ മഹല്ല് ഭാരവാഹിയായ കാരക്കാടൻ സെയ്തലവി പറ‍യുന്നു.

എല്ലാ റമദാനിലും പള്ളിയിൽ വിപുലമായ സൗഹാർദ നോമ്പുതുറ സംഘടിപ്പിക്കും. അമ്പലക്കമ്മിറ്റിയുടെയും ക്രൈസ്തവ ആരാധനലായത്തിന്റെയും ഭാരവാഹികളെ പള്ളിയിലേക്ക് ക്ഷണിച്ചാണ് നോമ്പുതുറ സംഘടിപ്പിക്കുക. നാനാജാതി മതസ്ഥർക്കെല്ലാം അന്ന് പള്ളിയിൽനിന്ന് ഭക്ഷണം നൽകും. കിടപ്പുരോഗികളോ പ്രായമായവരോ ഉണ്ടെങ്കിൽ അവരുടെ വീടുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കും. പള്ളിയിലെ സമൂഹ നോമ്പുതുറ പ്രദേശത്തിന്റെ വലിയൊരു ആഘോഷമാണ്. രാവിലെമുതൽ എല്ലാവരും പള്ളിയിലെത്തും. നോമ്പ് തുറന്നേ പിരിയൂ.

അതിജീവനത്തിന്റെ കാലം

കഴിഞ്ഞ നോമ്പുതുറകൾക്ക് നേതൃത്വം നൽകിയ പലരും ഉരുളിൽ ഇല്ലാതായി. 184 വീട്ടുകാരുണ്ടായിരുന്ന മുണ്ടക്കൈ മഹല്ലിൽനിന്ന് മാത്രം 99 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒരാൾപോലും ബാക്കിയില്ലാതെ അഞ്ചുകുടുംബങ്ങൾ. ഒറ്റരാത്രിയിൽ അനേകം ജീവനുകളും ജീവിതങ്ങളും ജീവിതകാലത്തെ സമ്പാദ്യങ്ങളും ഉരുളെടുത്ത നടുക്കുന്ന ഓർമകളെ മറവിക്ക് വിട്ടുകൊടുത്ത് അതിജീവനത്തിനുള്ള പോരാട്ടങ്ങളിലാണിപ്പോൾ ദുരന്ത ബാധിതർ.

പള്ളിയും വീടുകളും മഹല്ലുകാരും ഇല്ലാത്ത മുണ്ടക്കൈയിൽ ഇത്തവണ സൗഹാർദത്തിന്റെ, സ്നേഹത്തിന്റെ കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാനാവില്ലല്ലോ എന്ന വിഷമം ബാക്കിയായവരുടെയെല്ലാം നെഞ്ചുലക്കുന്നുണ്ട്. എന്നാൽ, ചെറിയ പെരുന്നാൾ നമസ്കാരം മുണ്ടക്കൈയിലെ മദ്റസയിൽ നടത്താനുള്ള ആലോചനയുണ്ട് മഹല്ല് ഭാരവാഹികൾക്ക്. ഭാഗ്യം കൊണ്ട് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ചിതറപ്പോയ ദുരന്തബാധിതരെ ഒന്നിച്ചുകാണാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുകയാണ് ഉദ്ദേശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memoriesWayanad LandslideRamadan 2025
News Summary - Ramadan Memories of Wayanad Landslide Place People
Next Story