‘മൈമൂൻ ഖാൻ എന്നായിരുന്നു അവളുടെ പേര്’; റമദാൻ ഓർമകളുമായി ദിവ്യ എസ്. അയ്യർ
text_fieldsദിവ്യ എസ്. അയ്യർ (ചിത്രം: പി.ബി. ബിജു)
സ്കൂൾ കാലത്താണ് റമദാനെക്കുറിച്ച് ഏറ്റവും ആദ്യമായി അറിയുന്നത്. ആ കാലഘട്ടത്തിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള സുഹൃത്ത് നോമ്പെടുക്കുമായിരുന്നു. അവരുടെ വീട്ടിലേക്ക് പോകുമ്പോഴെല്ലാം അവിടെ അനുഭവപ്പെട്ട ഊഷ്മളതയും സ്നേഹവും ആളുകളുടെ അടുപ്പവും ഓർമയിൽ ഇന്നും തങ്ങിനിൽക്കുന്നു. ബന്ധുക്കളും കൂട്ടുകാരുമായി എപ്പോഴും സജീവമായ കുടുംബം. അന്നത്തെ കൊച്ചുപ്രായത്തിൽ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയത്, സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളകളിൽ ഞങ്ങളെല്ലാം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ഒന്നും കഴിക്കാതെ ഇരിക്കുന്നതായിരുന്നു. കാണുമ്പോൾ ചങ്ക് പൊട്ടിയിരുന്നു. കഴിക്കാൻ പറ്റാത്തതിനെക്കുറിച്ചോ വിശക്കുന്നതിനെക്കുറിച്ചോ ഒരിക്കൽപോലും അവൾ പരാതി പറഞ്ഞു കേട്ടിട്ടില്ല. മൈമൂൻ ഖാൻ എന്നായിരുന്നു അവളുടെ പേര്.
ആ ചെറിയ പ്രായത്തിലാണെങ്കിൽപോലും അത്രയധികം നോമ്പിനെ ഉൾക്കൊണ്ടു കൊണ്ടായിരുന്നു അവൾ ജീവിച്ചതും വളർന്നതും. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്ന ആശ്ചര്യം മാത്രമായിരുന്നു എന്റെ ഉള്ളിൽ. റമദാനെക്കുറിച്ചുള്ള ആദ്യ ഓർമ അവൾ തന്നെയാണ്. സ്കൂൾ കാലം കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഇരുവഴിക്കായി. അടുത്തിടെ കുഞ്ഞു ജനിച്ചപ്പോൾ അവൾ എന്നെ കാണാൻ വന്നിരുന്നു.
ഇപ്പോഴുള്ളതിനെക്കാൾ സ്വകാര്യതയും സമഭാവനയും ഉണ്ടായിരുന്ന കാലത്താണ് നമ്മൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നതിൽ സന്തോഷം തോന്നുന്നു. കൂട്ടുകാരുടെ പേരുകൾ കേട്ടിട്ട് അക്കാലത്ത് പ്രത്യേക സമുദായത്തെ കുറിക്കുന്നതാണെന്ന് ഞങ്ങളാരും ഓർക്കുകയോ ചിന്തിക്കുകയോ പോലും ചെയ്തിട്ടില്ല.
പിന്നീട് വെല്ലൂരിൽ എം.ബി.ബി.എസ് പഠിക്കുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് ഡോക്ടർ അതിയ റഹ്മാനായിരുന്നു. ബംഗളൂരുവിൽ സെറ്റിലായ ഡൽഹി മുസ്‍ലിം കുടുംബമായിരുന്നു അവളുടേത്. എന്റെ സീനിയറും മനസ്സാക്ഷി സൂക്ഷിപ്പുകാരിയും അവളായിരുന്നു. അതിയയും എല്ലാ റമദാനിലും നോമ്പെടുക്കുമായിരുന്നു. അവളുടെ മുറിയിലേക്ക് പോകുമ്പോൾ പ്രാർഥന സമയമാണെങ്കിൽ പലപ്രാവശ്യം ആ പ്രാർഥന അടുത്തിരുന്ന് കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ആ പ്രാർഥന എപ്പോഴും എനിക്കൊരു കവചം പോലെ തോന്നിയിട്ടുണ്ട്.
ചെറുപ്പം മുതലേ വെജിറ്റേറിയനായിരുന്ന എനിക്ക് വെല്ലൂരിൽ പഠിക്കുമ്പോഴും അങ്ങനെ തുടരാനായി എന്നത് അത്ഭുതമാണ്. അക്കാലത്ത് റമദാൻ വിഭവങ്ങൾ ഒന്നും കൊണ്ടുതരാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞ് കൂട്ടുകാർ വിഷമിക്കുമായിരുന്നു. പെരുന്നാളിനൊക്കെ അതിയ ബംഗളൂരുവിലെ വീട്ടിൽ പോയി വരുമ്പോൾ എനിക്ക് മാത്രമായി പ്രത്യേകം സ്വീറ്റ്സ് കൊണ്ടുവരുമായിരുന്നു. മറ്റൊന്നും കൊണ്ടുവന്നിട്ട് കാര്യമില്ലല്ലോ എന്ന് അവൾ പറയും. സ്വീറ്റ്സ് കഴിച്ച് റമദാൻ വ്രതത്തിൽ പങ്കുചേർന്ന ഓർമയും സന്തോഷമേകുന്ന നിമിഷങ്ങളായി ഉള്ളിലിപ്പോഴും പതിഞ്ഞു കിടക്കുന്നുണ്ട്.
പിന്നീട് കോട്ടയം അസിസ്റ്റന്റ് കലക്ടറായിരുന്നപ്പോഴും തിരുവനന്തപുരം സബ് കലക്ടറായിരുന്നപ്പോഴും പത്തനംതിട്ടയിൽ ജില്ല കലക്ടറായിരുന്നപ്പോഴും ഓരോ റമദാൻ കാലവും ജനങ്ങൾക്കൊപ്പമായിരുന്നു. ഓരോ ജമാഅത്തുകാരും സംഘടിപ്പിക്കുന്ന നോമ്പുതുറകൾ, ഇഫ്താറുകൾ അങ്ങനെ സജീവമായ സാമൂഹിക ജീവിതത്തിന്റെ കാലം. അപ്പോഴാണ് അല്ലെങ്കിൽ ആ സമയത്താണ് പൂർണമായും ആ വിശ്വാസത്തിലും ചടങ്ങിലും യഥാർഥത്തിൽ പങ്കാളിയാകുന്നത്.
സിവിൽ സർവിസ് പരീക്ഷക്കാലത്താണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് പകൽ സമയങ്ങളിലായിരുന്നു പഠനം. ഏറ്റവും വലിയ ലക്ഷ്യം എന്ന നിലയിൽ സിവിൽ സർവിസ് മാത്രമായിരുന്നു തലയിൽ. ടെക്സ്റ്റ് ബുക്കുകൾ മാത്രം വായിക്കുന്നത് അല്ലല്ലോ സിവിൽ സർവിസ് പഠനം. അതിനായി ഒട്ടേെറ പുസ്തകങ്ങൾ വായിക്കേണ്ടതുണ്ട്. ആ വായനയിൽ എല്ലാം ഉൾക്കൊള്ളിച്ചു. ആ സമയത്ത് ഒരുപാട് വായിക്കാനുള്ള സമയവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. വായന ഇഷ്ടമുള്ളതുകൊണ്ട് ആ സമയത്തെ നല്ലപോലെ ഉപയോഗിച്ചു. ഈ സമയത്താണ് മതഗ്രന്ഥങ്ങളും പൂർണമായും വായിച്ചത്. അതിനുമുമ്പ് അൽപ സ്വൽപം മാത്രമായിരുന്നു മതഗ്രന്ഥങ്ങളുടെ വായന. പഠിച്ചത് ക്രിസ്ത്യൻ വിദ്യാലയങ്ങളിലായതിനാൽ ബൈബിളും മറ്റും നേരത്തേ സുപരിചിതമായിരുന്നു.
അതുപോലെതന്നെ ഭഗവത് ഗീതയും സ്തോത്രങ്ങളും ഖുർആനും കുറച്ചറിയാമായിരുന്നു. എന്നാൽ, സിവിൽ സർവിസ് പരിശീലന കാലത്താണ് ഈ മതഗ്രന്ഥങ്ങൾ എല്ലാം ഏകാഗ്രതയോടും സൂക്ഷ്മതയോടും വായിക്കുന്നത്. ആ വായന വലിയൊരു വെളിപാട് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ ഈ മൂന്ന് ഗ്രന്ഥങ്ങളും ഒരുമിച്ച് വായിക്കാൻ കഴിഞ്ഞു എന്നത് വലിയ സൗഭാഗ്യമായി തോന്നിയിട്ടുണ്ട്. അതായത് ആ കാലഘട്ടത്തിൽ നമ്മുടെ മനസ്സും ചിന്തകളും ഒരു പ്രത്യേക തലത്തിൽ പക്വമായി കഴിഞ്ഞല്ലോ. ആ സമയത്താണ് മൂന്ന് മതഗ്രന്ഥങ്ങൾ വായിക്കാൻ സാധിച്ചത് എന്നതാണ് പ്രധാനം. കാണാതെ പഠിച്ചു എന്നല്ല ഇതിനർഥം, വായിച്ചു മനസ്സിലാക്കി എന്നാണ്. വായിച്ചു കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചുള്ള ഗ്രാഹ്യം മാറി. അത്തരം പുസ്തകങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ പുസ്തകങ്ങളും വായിക്കാൻ ശ്രമിച്ചിരുന്നു.
ആത്മീയ പാഠങ്ങൾ മാത്രമല്ല ഈ വായനകൾ തന്നത്. സിവിൽ സർവിസ് ഉദ്യോഗസ്ഥ എന്ന നിലയിൽ പിന്നീട് ഈ മതങ്ങൾക്കുള്ളിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ചും മറ്റും കൃത്യമായ ധാരണ ലഭിക്കാനും ആ വായന ഉപകാരപ്പെട്ടു. അതുവരെ പത്രവാർത്തകളിൽ കാണുന്ന വെറും പേരുകൾ മാത്രമായിരുന്നു വിവിധ വിഭാഗങ്ങൾ.
പത്തനംതിട്ടയിലായിരുന്നപ്പോൾ അവിടെ പള്ളിക്കു മുമ്പിൽ സംഘടിപ്പിച്ച ഇഫ്താർ വേദിയിൽ ഞാൻ പങ്കെടുത്തിരുന്നു. ആ ചടങ്ങിൽ അലക്സാണ്ടർ ജേക്കബ് സാറുമുണ്ടായിരുന്നു. ഈ അനുഭവങ്ങൾ അന്ന് ആ ചടങ്ങിൽ പറഞ്ഞിരുന്നു. ആ പരിപാടിയിൽ കുറേ കുട്ടികളും ഉണ്ടായിരുന്നു. മെറൂൺ നിറത്തിലുള്ള വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്. അതിൽ പങ്കെടുക്കാൻ എന്റെ മോനെയും ഞാൻ കൊണ്ടുപോയിരുന്നു. അവൻ ചേച്ചിമാരുമായി കൂട്ടുകൂടി ചിരിച്ചുലസിക്കുന്ന ചെറിയൊരു റീൽസ് എന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. അത്രയധികം ഉല്ലാസപൂർവം സന്തോഷിച്ച ഒരു ദിവസമായിരുന്നു അത്. സാറിനെ സ്റ്റേജിലിരുത്തി ഞാനും ആ കുഞ്ഞുങ്ങൾക്ക് ഇടയിലിരിക്കുകയായിരുന്നു. ആ സന്തോഷം വളരെ വലുതാണ്, വിവരണാതീതം. ഏറ്റവും നിറമാർന്ന റമദാൻ ഓർമ എന്ന് പറഞ്ഞാൽ പത്തനംതിട്ടയിലെ ആ ദിവസമാണ്.
ഇക്കാര്യം എടുത്തുപറയാൻ കാരണം, നേരത്തേ പറഞ്ഞ കാര്യങ്ങൾക്കെല്ലാം കാരണക്കാരൻ അലക്സാണ്ടർ ജേക്കബ് സാറാണ്. സാർ പഠിപ്പിക്കുന്നത് കേൾക്കുന്ന പലർക്കും പല രീതിയിലുമാണ് വന്നുഭവിക്കുക. ക്ലാസെടുക്കുന്ന സമയം അദ്ദേഹം പറയുമായിരുന്നു ബൈബിൾ, ഗീത, ഖുർആൻ ഇവയെല്ലാം വായിക്കണമെന്ന്. പലരും അന്ന് ചിന്തിച്ചിരുന്നു സിവിൽ സർവിസ് പാസാവാൻ ഈ മതഗ്രന്ഥങ്ങൾ വായിക്കുന്നത് എന്തിനാണെന്ന്. ആ രീതിയിൽ അദ്ദേഹത്തിന്റെ വാക്കുകളെ അവഗണിച്ചവരുണ്ട്. അന്ന് അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്കത് വലിയൊരു അവസരമാണല്ലോ എന്ന് ചിന്തയിലാണ് ഞാനാ ഉദ്യമം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ പത്തനംതിട്ടയിലെ ആ ഇഫ്താർ സദസ്സ് എന്റെ മനസ്സിലെ പ്രത്യേക അനുഭൂതിയായിരുന്നു. ഇപ്പോൾ വിഴിഞ്ഞത്ത് കുഞ്ഞുങ്ങളും സ്കൂളും ജമാഅത്തും ഒക്കെയാണ് എന്റെ റമദാൻ. വിഴിഞ്ഞത്ത് എൽ.പി സ്കൂളിനുവേണ്ടി പരമാവധി എന്തെങ്കിലും ചെയ്യണം എന്നുള്ള ചിന്ത ഉള്ളിലുണ്ട്. കഴിഞ്ഞ റമദാനിന് തൊട്ടുമുമ്പായി വിഴിഞ്ഞം എൽ.പി സ്കൂളിൽ പോയപ്പോൾ അവിടെ ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നത് കണ്ടു. അവരോടൊപ്പം ചേർന്ന് പാട്ടുകൾ പാടി സന്തോഷിച്ചു.
എല്ലാത്തിന്റെയും നിർമലമായ ആത്മാവ് കുട്ടികളിലൂടെ കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ഉത്സവം എന്ന വാക്ക് ഉപയോഗിക്കുന്നത്. ഏതു ഉത്സവമായാലും അതിന്റെ നന്മ കുഞ്ഞുങ്ങളിലൂടെയാണ് പ്രകടമാകുന്നത്. കഴിഞ്ഞ ക്രിസ്മസിന് വീട്ടിലൊരുക്കിയ ക്രിസ്മസ് ട്രീ എടുത്തുമാറ്റാൻ മോൻ ഇപ്പോഴും സമ്മതിച്ചിട്ടില്ല. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഡിസംബർ എന്തിനാണ് കഴിഞ്ഞതെന്നാണ് അവൻ ചോദിക്കുന്നത്. നമ്മൾ എന്തെങ്കിലും കഥ പറഞ്ഞുകൊടുത്താൽ അത് നെഞ്ചിലേറ്റി സ്വയം ആവാഹിച്ച് ഇരിക്കുന്നവരാണ് കുട്ടികൾ. അവന്റെ ലോകം കുറച്ചുകൂടി നിർമലവും ഭാരം കുറഞ്ഞതും ആണല്ലോ. അതുകൊണ്ടുതന്നെ ഉത്സവങ്ങൾ എന്നു പറഞ്ഞാൽ പ്രത്യേകിച്ചും അവന്റെ കണ്ണിലൂടെ കാണുക എന്നുള്ളത് എന്റെ ശീലമായി മാറിയിരിക്കുന്നു. പണ്ടുമുതലേ കുഞ്ഞുങ്ങളുടെ കൂടെ ഇത്തരം ഉത്സവങ്ങൾ ആഘോഷിക്കുന്നത് വളരെ സന്തോഷകരമാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞത്തെ കുഞ്ഞുങ്ങളെ പ്രത്യേകിച്ച് പെൺകുട്ടികളെ കാണുമ്പോൾ വിശേഷമായ സ്നേഹം എനിക്ക് അവരോട് തോന്നാറുണ്ട്.
റമദാനിൽ എല്ലാ ദിവസവും എല്ലാവരുടെയും ഒത്തുചേരൽ എന്നത് അതിന്റെ സവിശേഷതയാണ്. ഇന്നത്തെ കാലത്ത് ഇഫ്താറുകൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഏത് ഉത്സവമായാലും ഒരു വാട്സ്ആപ് ഫോർവേഡിൽ ഒതുക്കിനിർത്തുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ എല്ലാ ദിവസവും നമ്മൾ ഒത്തുചേരുന്നു എന്നത് ഉറപ്പുവരുത്തുന്നത് ആളുകളുടെ മനസ്സിൽ വലിയ സ്വാധീനമാണ്. കുടുംബത്തിൽ ആണെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുന്നു എന്നുള്ളതും അതുപോലെ സാമൂഹിക തലത്തിലും ഈ കൂട്ടായ്മ പ്രകടമാണ്. വിദ്യാർഥികളുടെ എൻ.എസ്.എസ്, എൻ.സി.സി ക്യാമ്പുകളാണെങ്കിൽപോലും നോമ്പുതുറ എന്നതിനുവേണ്ടി മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ വരുന്ന എല്ലാ മതസ്ഥർക്കും അതിന്റെ ഒരു ആതിഥേയത്വം നൽകുന്നു. എല്ലാവരെയും ചേർത്തുപിടിക്കാനുള്ള വലിയൊരു ഉദ്യമമാണത്. ഒറ്റദിവസത്തെ പ്രയത്നമല്ല എന്നുള്ളതുകൊണ്ടാണ് ഇക്കാര്യം എടുത്തു പറയുന്നത്.
തയാറാക്കിയത്: സുധീർ മുക്കം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.