റമദാൻ ഹെൽത്ത് ടിപ്സ് ; വെള്ളം കുടിക്കാം, ഭക്ഷണം ശ്രദ്ധിക്കാം
text_fieldsകുവൈത്തിൽ ഇപ്പോൾ തണുപ്പു കാലമാണ്. അതിനാൽ തന്നെ ദാഹവും വെള്ളം കുടിക്കലും കുറവായിരിക്കും. ഇതിനൊപ്പം നോമ്പും കൂടി എത്തിയതോടെ പകലുടനീളം വെള്ളമോ മറ്റ് പാനീയങ്ങളോ കുടിക്കുന്നതും മുടങ്ങും. ഇതിൽ വലിയ ശ്രദ്ധ അനിവാര്യമാണ്. നോമ്പിന് പകൽ സമയം വെള്ളം കഴിക്കാനാകില്ല എന്നതിനാൽ നോമ്പ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും ശരീരത്തിന് ആവശ്യമായ വെള്ളം കഴിക്കാൻ ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണവും ജലാംശമടങ്ങിയതാവാൻ ശ്രദ്ധിക്കണം. ഇതുമൂലം ശരീരത്തിലെ ജലാംശം നിലനിർത്താനും നിർജലീകരണം തടയാനും സഹായിക്കും.
നിർജലീകരണം തലവേദന, ക്ഷീണം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇത് നോമ്പിനെ കഠിനമാക്കുകയും ചെയ്യും. ശരീരത്തിൽ ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ നോമ്പുകാലത്ത് പഴങ്ങളും പച്ചക്കറികളും പോലുള്ളവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഭക്ഷണം പോഷകസമൃദ്ധമാകണം
നോമ്പ് സമയത്തും അല്ലാത്തപ്പോഴും ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനഘടമാണ്. ദീർഘസമയം ഭക്ഷണം കഴിക്കാത്തതിനാൽ നോമ്പുകാലത്ത് ഇതിൽ പ്രത്യേക ശ്രദ്ധ നൽകണം. നോമ്പു തുടങ്ങുന്നതിനു മുമ്പും തുറന്ന ശേഷവും കഴിക്കുന്ന ഭക്ഷണ പദാർഥങ്ങൾ പോഷകസമൃദ്ധമായിരിക്കണം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ മാംസ്യമടങ്ങിയ മത്സ്യം, പയറുവർഗങ്ങൾ തുടങ്ങിയവ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജം നിലനിർത്താനും പകൽസമയങ്ങളിൽ വിശപ്പിനെ അതിജീവിക്കാനും സഹായിക്കും.
നോമ്പ് തുറന്നുകഴിഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തെരഞ്ഞെടുത്താൽ അമിത കൊഴുപ്പിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ കാക്കാം. ഇതിനായി പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തിനേടാനുള്ള നല്ലൊരു കാലയളവാണ് നോമ്പുകാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

