റമദാൻ അവസാന ആഴ്ചയിലേക്ക്; പ്രാർഥനാനിർഭരമായി പള്ളികൾ
text_fieldsബൗഷറിലെ അൽ അമീൻ മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ പ്രാർഥന നടത്തുന്ന വിശ്വാസികൾ - ഫോട്ടോ വി.കെ ഷഫീർ
മസ്കത്ത്: പുണ്യ റമദാൻ വിടവാങ്ങലിന്റെ നൊമ്പരത്തോടെ അവസാന ആഴ്ചയിലേക്ക്. വെള്ളിയാഴ്ച ഒമാനിലെ മസ്ജിദുകൾ പ്രാർഥനാ നിർഭരമായി. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌ക് മുതൽ ഉൾനാടൻ ഗ്രാമങ്ങളിലെ പള്ളികൾ വരെ വെള്ളിയാഴ്ച വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുചേർന്നത്. പള്ളിയുടെ അകത്തളങ്ങൾ നിറഞ്ഞതിനെത്തുടർന്ന് പുറത്തെ മുറ്റങ്ങളിലും വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. റൂവി, വാദി കബീർ, സീബ് തുടങ്ങി പ്രവാസികൾ കൂടുതലുള്ള മേഖലകളിലും പള്ളികൾ തിങ്ങിനിറഞ്ഞു.
റമദാനിലെ അവസാന വെള്ളിയാഴ്ചയായിരിക്കുമെന്ന് ്തപ്രതീക്ഷിക്കുന്നതിനാൽ തന്നെ ഖുതുബകളിൽ റമദാൻ നൽകിയ പാഠങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇമാമുമാർ സംസാരിച്ചത്. ദാനധർമ്മങ്ങൾ, സഹാനുഭൂതി, പ്രാർത്ഥന എന്നിവയിൽ തുടർച്ചയുണ്ടാകണമെന്നും വരും വർഷങ്ങളിലും ഈ പുണ്യം അനുഭവിക്കാൻ ഭാഗ്യമുണ്ടാകട്ടെയെന്നും പ്രാർഥനകൾ ഉയർന്നു.
വിശ്വാസികൾക്കായി പലയിടങ്ങളിലും നോമ്പുതുറ വിഭവങ്ങളും പാനീയങ്ങളും വിതരണം ചെയ്യാനായി സ്വദേശി യുവാക്കളുടെയും സന്നദ്ധ സംഘടനകളുടെയും വലിയ നിര തന്നെയുണ്ടായിരുന്നു. റമദാൻ അവസാത്തെ പത്തിലെത്തിയതോടെ തറാവീഹും പകലും രാത്രിയും മസ്ജിദുകളിൽ പ്രാർഥനയിൽ ചെലവിടുന്ന ഇഅ്തികാഫുമൊക്കെയായി പകലും രാത്രിയും പള്ളികൾ പ്രാർഥനയാൽ നിറയുകയാണ്. കൂട്ടായ്മകളുടെ നോമ്പുതുറകളും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഫ്താർ സംഗമങ്ങളും സജീവമാണ്. റമദാൻ അവസാന ആഴ്ചയിലേക്ക് കടക്കുന്നതോടെ ഇനി നാടെങ്ങും ചെറിയ പെരുന്നാളിനായുള്ള തയാറെടുപ്പുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

