പുണ്യങ്ങളുടെ വസന്തകാലം
text_fieldsമനസ്സും ശരീരവും ജീവിതപരിസരവും ഒരുപോലെ ശുദ്ധീകരിച്ചുകൊണ്ട് വിശ്വാസികൾ വീണ്ടും വസന്തകാലത്തെ വരവേറ്റിരിക്കുകയാണ്.ഇനിയുള്ള ഒരുമാസക്കാലം ആത്മസംസ്കരണത്തിന്റെയും വിശുദ്ധിയുടെയും നാളുകളാണ്. തിന്മകളിൽനിന്നെല്ലാം മാറിനിന്ന് ആത്മവിശുദ്ധിയുടെ തെളിനീരുറവക്കായി പകല്‍സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും ഖുർആൻ പാരായണത്തിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും രാത്രിയിൽ ദീർഘമായി നമസ്കരിച്ചും പള്ളികളിൽ ഇഅ്തികാഫ് ഇരുന്നും വ്രതത്തിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കുകയാണ് വിശ്വാസികൾ.
ആത്മനിയന്ത്രണമാണ് വ്രതത്തിലൂടെ വിശ്വാസികൾ നേടിയെടുക്കേണ്ടത്. പകൽ മുഴുവനും ഭക്ഷണപാനീയങ്ങൾ ഒഴിവാക്കി പട്ടിണികിടന്നത് കൊണ്ടുമാത്രം നോമ്പുകാരനാവുന്നില്ല. ഒരാള്‍ തെറ്റായ വാക്കും പ്രവൃത്തിയും ഒഴിവാക്കാന്‍ തയാറായില്ലെങ്കില്‍ അവന് ഭക്ഷണപാനീയങ്ങൾ വെടിഞ്ഞതുകൊണ്ട് മാത്രം ദൈവത്തിന് ഒരാവശ്യവുമില്ല എന്ന പ്രവാചക വചനം നോമ്പിന്റെ ഗൗരവത്തെ വെളിവാക്കുന്നുണ്ട്.
പിടിച്ചുവെക്കുക (ഇംസാക്ക്) എന്ന ആശയമാണ് സൗമ് (നോമ്പ്) എന്ന അറബി പദം കൊണ്ട് അർഥമാക്കുന്നത്. കളവ്, അസൂയ, അഹങ്കാരം, ദേഷ്യം, ഏഷണി, പരദൂഷണം, സ്വാർഥത, അക്രമവാസന തുടങ്ങിയ മനുഷ്യസഹജമായ മുഴുവൻ ദുഷ്ചിന്തകളെയും പ്രവർത്തനങ്ങളെയും സമ്പൂർണമായി നിയന്ത്രിക്കുമ്പോൾ മാത്രമാണ് നോമ്പ് അർഥപൂർണവും പ്രതിഫലാർഹവുമാകുന്നത്.
സമൂഹത്തിലെ കഷ്ടപ്പെടുന്നവരോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും പാവപ്പെട്ടവരുടെയും അഗതി-അനാഥകളുടെയും വിധവകളുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കി ദാനധർമങ്ങൾ ചെയ്യുവാൻ റമദാൻ വഴിയൊരുക്കുന്നു.
അഗതിയുടെയും വിധവയുടെയും കാര്യത്തിൽ പരിശ്രമിക്കുന്നവർ ദൈവത്തിന്റെ മാർഗത്തിൽ ധർമസമരം ചെയ്യുന്നവനെപ്പോലയാണെന്ന പ്രവാചകവചനം ഉൾക്കൊള്ളുകയും നന്മകൾ ചെയ്ത് ഹൃദയത്തെ നന്മവിളയുന്ന ഇടമാക്കി മാറ്റാനും റമദാനിനെ ഉപയോഗപ്പെടുത്തണം. വ്രതാനുഷ്ഠാനം വഴി ശാരീരികമായ ചില ക്രമീകരണങ്ങളേക്കാള്‍ ആത്മീയവിശുദ്ധിയാണ് പൂര്‍ത്തീകരിക്കേണ്ടത്.
മറ്റ് ആരാധനാ കർമങ്ങളെ അപേക്ഷിച്ച് ഒരു പ്രത്യേകതരത്തിലുള്ള ആരാധനയാണ് നോമ്പ്. നോമ്പ് അനുഷ്ഠിക്കുന്നവനും ദൈവവത്തിനും മാത്രം അറിയാവുന്ന ഒരു രഹസ്യ ആരാധനയാണ് നോമ്പ്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യസ്വഭാവമില്ല. അതുകൊണ്ട് തന്നെ ‘നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്കുന്നവനും ഞാന്‍ തന്നെ’ എന്ന ദൈവവചനം നമുക്ക് പ്രവാചകൻ പഠിപ്പിച്ചുതന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

