സ്തുതി: നാവിലെ സൗന്ദര്യം
text_fieldsനന്ദി പോലെ പ്രധാനമാണ് സ്തുതിയും. നന്ദിയേക്കാൾ വിശാലമായ ആശയം ഉൾക്കൊള്ളുന്ന പദമാണത്. സ്മരിച്ചുകൊണ്ടും പറഞ്ഞുകൊണ്ടും പ്രവർത്തിച്ചുകൊണ്ടുമാണ് വിശ്വാസി അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നത്. എന്നാൽ അനുഗ്രഹങ്ങളുടെ പേരിൽ മാത്രമല്ല, അനുഗ്രഹ ദാദാവിന്റെ ഉത്തമമായ ഗുണ വിശേഷണങ്ങളെ മാത്രം പരിഗണിച്ചും സ്തുതി നിർവ്വഹിക്കാവുന്നതാണ്.
അല്ലാഹുവിന്റെ കഴിവുകളെയും ഗുണ വിശേഷണങ്ങളെയും നിരുപാധികം വാഴ്ത്തുന്നതാണ് സ്തുതിയുടെ ഒരു രൂപം. പരിശുദ്ധ ഖുർആൻ ആരംഭിക്കുന്നത് തന്നെ ‘ലോകരുടെ പരിപാലകൻ’ എന്ന വിശേഷണത്തിന് ഉടമയായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടാണ്. അമൂല്യവും അറ്റമില്ലാത്തതുമായ അനുഗ്രഹങ്ങളുടെ പേരിൽ അവനെ വാഴ്ത്തലാണ് സ്തുതിയുടെ രണ്ടാമത്തെ രൂപം. ഉദാഹരണത്തിന്, ഭക്ഷണം കഴിച്ചാൽ അത് അനുഗ്രഹിച്ച് നൽകിയ അല്ലാഹുവിനെ സ്തുതിക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
എല്ലാ സ്തുതികളും അനുഗ്രഹങ്ങൾക്കുള്ള നന്ദിപ്രകടനം ആയിക്കൊള്ളണമെന്നില്ല, എന്നാൽ എല്ലാ നന്ദിയും സ്തുതി എന്ന ആശയത്തിന് കീഴിൽ വരുന്നതാണ്. രണ്ട് കാരണങ്ങളാൽ ഏറ്റവും സ്തുതിയർഹിക്കുന്നവൻ അല്ലാഹുവാണ്. ഒന്ന്, അവനാണ് എല്ലാ അനുഗ്രഹങ്ങളുടെയും ദാദാവ്. രണ്ട്, അവൻ എല്ലാ ഉത്തമ ഗുണങ്ങളുടെയും വിശേഷണങ്ങളുടെയും ഉടമയാണ്. ഈ കാര്യങ്ങളിൽ അവന് തുല്യരോ പങ്കാളികളോ ഇല്ല. ‘ഹംദ്’ എന്നതാണ് സ്തുതിയുടെ ഖുർആനിക പദം. ഇസ്ലാമിക ജീവിതത്തിന്റെ അടിത്തറയായ ഏകദൈവ വിശ്വാസവുമായി അഭേദ്യ ബന്ധമുള്ള ഒന്നാണത്.
ഒരു വിശ്വാസി എല്ലാ സമയങ്ങളിലും സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തെയും അനുഗ്രഹങ്ങളെയും ഉൾകൊള്ളുകയും അവനെ വാഴ്ത്തുകയും ചെയ്യുന്നവനാണ്. വിശ്വാസിയുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന സ്വഭാവിക പ്രതികരണമാണ് “അൽഹംദു ലില്ലാഹ്” (അല്ലാഹുവിന് സ്തുതി) എന്ന വചനം. സ്തുതി മനുഷ്യനെ വിനയത്തിലേക്കും ആത്മീയ ബോധത്തിലേക്കും നയിക്കുന്നു. തന്റെ ജീവിതത്തിലെ എല്ലാം സ്രഷ്ടാവിന്റെ അനുഗ്രഹമാണെന്ന തിരിച്ചറിവ് അവനെ അഹങ്കാരത്തിൽ നിന്ന് അകറ്റുന്നു. വിശ്വാസിയുടെ നാവിൽ ഏറ്റവും മനോഹരമായി മുഴങ്ങുന്ന വാക്കും ഹംദ് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

