പുണ്യ റമദാൻ; വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsമസ്കത്ത്: പുണ്യ റമദാനെ വരവേൽക്കാനൊരുങ്ങി ഒമാനിലെ വിശ്വാസികൾ. ഒമാനി ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകളും സ്ഥാപനങ്ങളും പള്ളികളും തെരുവുകളുമെല്ലാം റമദാനിനായി ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ പതിവിന് വിപരീതമയി ഒമാനിൽ റമദാൻ മാസാരംഭത്തെ കുറിച്ച് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നതിനാൽ മാസപ്പിറവിയുടെ അനിശ്ചിതത്വങ്ങളില്ലാതെ ഒമാനിലെ വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിക്കുകയാണ്.
വ്യാഴാഴ്ചയാണ് റമദാൻ ആരംഭം. ബുധനാഴ്ച രാത്രി മസ്ജിദുകളിൽ ആദ്യ തറാവീഹിന് തുടക്കമാവും. പിന്നീടങ്ങോട്ട് രാവും പകലും പ്രാർഥനകളുടേതാണ്. റമദാനിലെ ഓരോ നിമിഷവും പ്രാർഥനകളുടേതാക്കാൻ വിശ്വാസികൾ പരസ്പരം മൽസരിക്കും. ആത്മീയാനുഭൂതി പകരുന്ന ആഘോഷങ്ങൾ റമദാനിന്റെ രാപകലുകൾക്ക് നിറംപകരും.
പുണ്യ റമദാനിനെ വരവേൽക്കാൻ, ഗ്രാമങ്ങളോ നഗരങ്ങളോയെന്ന വ്യാത്യാസമില്ലാതെ പാതകളും ഇടവഴികളും പൊതുസ്ഥലങ്ങളും വർണ ദീപങ്ങളാൽ അലങ്കരിച്ചുകഴിഞ്ഞു. വീടുകളും നിറങ്ങളാൽ പ്രകാശപൂരിതമാവും. ഇസ്കിയിലെ ഐൻ, നഖലിലെ ഗ്രാമപ്രദേശങ്ങളിലും നേരത്തെ തന്നെ റമദാൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
ചന്ദ്രദർശനം ഇല്ലാതെ ഒമാനിലെ റമദാൻ
ചന്ദ്രപ്പിറവിക്ക് കാത്തിക്കാതെയാണ് ഇത്തവണ ഒമാൻ സുൽത്താനേറ്റിൽ റമദാൻ മാസാരംഭം വഖഫ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റമദാൻ ആരംഭ തീയതി നേരത്തെ നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചന്ദ്രപ്പിറവി ദർശനം അസാധ്യമാകുന്ന സാഹചര്യങ്ങളിൽ ജ്യോതിശാസ്ത്ര കണക്കുകൾ ആശ്രയിക്കുന്ന രീതിയാണ് ഒമാൻ പിന്തുടരുന്നത്. ദർശനം സാധ്യമാണെങ്കിൽ പതിവുപോലെ ഹിജ്റ മാസത്തിലെ 29ാം തീയതി ചന്ദ്ര നിരീക്ഷണ കമ്മിറ്റികൾ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. എന്നാൽ ദർശനം അസാധ്യമാണെങ്കിൽ മുൻകൂട്ടി മാസപ്പിറവി പ്രഖ്യാപിക്കുമെന്നും വഖഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര വിഭാഗം ഡയറക്ടർ യൂസഫ് ബിൻ ഹമദ് അൽ റഹ്ബി പറഞ്ഞു. ജ്യോതിശാസ്ത്രം വിശ്വസനീയവും ശാസ്ത്രീയവുമായ ചട്ടക്കൂട് നൽകുന്നുവെന്നും മതപരവും ഭരണപരവുമായ അനുഷ്ഠാനങ്ങളിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2013ലും സമാന അനുഭവമുണ്ടായിരുന്നു. ഹിജ്റ വർഷം 1434 ൽ ശഅബാൻ 29ന് രണ്ടാഴ്ച മുമ്പ് തന്നെ ചന്ദ്രപ്പിറവി ദർശനം അസാധ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1447 ഹിജ്റ ശഅ്ബാൻ മാസത്തിലെ 29-ആം തീയതി അഥവാ ഫെബ്രുവരി 17ന്, ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ചന്ദ്രൻ സൂര്യാസ്തമയത്തിന് മുമ്പോ അതേ സമയത്തോ അസ്തമിക്കുമെന്ന് സ്ഥിരീകരിച്ച ജ്യോതിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്ര ദർശനം അസാധ്യമാണെന്നായിരുന്നു മുഖ്യ ചന്ദ്രനിരീക്ഷണ സമിതിയുടെ അറിയിപ്പ്. ഈദിവസം കണ്ണുകൊണ്ട് ചന്ദ്രനെ കാണാൻ സാധിക്കില്ലെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ വ്യക്തമാക്കുന്ന സാഹചര്യത്തിലും ശാസ്ത്രീയമായ വസ്തുതകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന ഒമാന്റെ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനമെടുത്തതെന്നും കമ്മിറ്റി വിശദീകരിച്ചിരുന്നു. അതുപ്രകാരം, ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാകുകയും വ്യാഴാഴ്ച 1447 ഹിജ്റ വർഷം റമദാൻ ഒന്നായി കണക്കാക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

