ഗൃഹാതുരത നിറഞ്ഞ എന്റെ നോമ്പോർമകൾ
text_fieldsറമദാൻ എന്ന് കേൾക്കുമ്പോൾ ഓടിയെത്തുന്നത് കുട്ടിക്കാലത്തെ തണുപ്പുള്ള കാലങ്ങളിലെ റമദാൻ മാസങ്ങളാണ്. അത്താഴത്തിന് എഴുന്നേൽക്കാനായി വിളിച്ചു മടുക്കുമ്പോൾ ഉമ്മ ഇടുന്നൊരു അടവുണ്ട്.. “എന്നാ ഇന്ന് നോമ്പ് ആരും എടുക്കണ്ട..ദേ ഇപ്പൊ ബാങ്ക് കൊടുക്കു’’മെന്ന്... അത് കേട്ട പാടെ തണുപ്പൊക്കെ മറന്ന് എണീറ്റ് ഓടിപ്പോയി നല്ല ഗോപാൽ പൽപ്പൊടി ഇട്ട് പല്ലൊക്കെ തേച്ച് മിനുക്കി അത്താഴം കഴിക്കാനായി ഒരു ഇരിപ്പുണ്ട്..
അന്നൊക്കെ അത്താഴത്തിന്റെ മെയിൻ ഡിഷ് ചോറും പുളിച്ചാറും (കുരുമുളക് ചേർക്കാതെ പുളി പിഴിഞ്ഞ് പാലക്കാട്ടുകാർ ഉണ്ടാക്കുന്ന രസം പോലൊരു കറി) ഉണക്കമീൻ വറുത്തതും ആയിരിക്കും. ഉണക്കസ്രാവോ ഉണക്കമാന്തളോ വറുത്തത് കൂട്ടി ആ തണുപ്പത്ത് കഴിക്കുന്ന മട്ട അരി ചോറിന്റെയും പുളിച്ചാറിന്റെയും രുചിയുടെ ഓർമകൾ ഇടക്ക് ഓർത്ത് അതിപ്പോഴും ഉണ്ടാക്കാറുണ്ട്. അത് കഴിക്കുമ്പോഴൊക്കെയും ആ നോമ്പുകാല രാത്രികളുടെ തണുപ്പാണ് മനസ്സിന്.
അങ്ങനെ അത് കഴിച്ചിരിക്കുമ്പോൾ “അത്താഴത്തിന് സമയമായ്, ഉണരുവിൻ ഉണരുവിൻ” എന്ന് സൈക്കിളിൽ സ്പീക്കർ വെച്ച് പള്ളിയുമായി ബന്ധപ്പെട്ട ഇക്ക വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു. അതാരാണെന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. ഇടക്ക് ഉമ്മാടെ വീട്ടിൽ വിരുന്നിനു പോയി കൂടിയ അത്താഴങ്ങളും, ഉമ്മാമ്മാടെ മോരൊഴിച്ച ചോറും, മഴക്കാലത്ത് ആണെങ്കിൽ നല്ല നാടൻ കൂണ് കൊണ്ടുണ്ടാക്കിയ കറികളും, അത് കഴിക്കാൻ കുഞ്ഞുമ്മ വന്നു തട്ടി ഉണർത്തുന്നതും നോമ്പെടുത്ത് വീടിന്റെ അടുത്തുള്ള പുഴയിൽ മുങ്ങിക്കുളിക്കാൻ പോയപ്പോൾ ഒലിപ്പാറ വാപ്പ (ഉമ്മയുടെ വാപ്പ) വടി എടുത്ത് വന്നതും ഒക്കെ ചിരി ഉണർത്തുന്ന ഓർമകൾതന്നെ.
വളരെ കുഞ്ഞു പ്രായത്തിൽ നോമ്പില്ലാതെ നോമ്പുണ്ടെന്ന് കൂട്ടുകാരോട് ആളാവാൻ കള്ളം പറഞ്ഞതും, സ്കൂളിലെ ടാപ്പിൽനിന്നും ആരും കാണാതെ മുഖം കഴുകാനെന്ന വ്യാജേന വെള്ളം കുടിച്ചതും, സ്കൂൾ യൂനിഫോം പാവാടയുടെ പോക്കറ്റിൽ വഴിയിൽ നിന്ന് പെറുക്കി ഇട്ട കഴനിപ്പഴം പെറുക്കി ആരും കാണാതെ കഴിച്ചതുമൊക്കെ ഒരു ചെറു ചിരിയോടെ അല്ലാതെ എങ്ങനെ ഓർക്കാനാണ്.
നോമ്പ് എടുത്ത് തളർന്നിരിക്കുമ്പോൾ ഉമ്മ ജീരകക്കഞ്ഞി വാങ്ങാൻ വിടുന്ന ഒരു സീനുണ്ട്..ദേഷ്യോം വിശപ്പും എല്ലാം സഹിച്ച് അവിടെ അടുത്തുള്ള എന്റെ മദ്റസ കൂട്ടുകാരായ ഷെറീനയുടെയും മറ്റു കൂട്ടുകാരികളുടെയും കൂടെ പോയി ആ വലിയ ചെമ്പിൽ തിളച്ചു മറിയുന്ന പഴയ മദ്റസ മുറ്റത്തുണ്ടാക്കുന്ന ജീരകക്കഞ്ഞിയും, നോമ്പ് പതിനേഴിനും ഇരുപത്തിയേഴിനും മാത്രം കിട്ടുന്ന തരിക്കഞ്ഞിയും ചൂടോടെ ആവി പറന്നിങ്ങനെ കോരി തൂക്കുള്ള ചോറ്റുപാത്രത്തിലേക്ക് ഒഴിക്കുന്നത് മറ്റൊരു മനോഹരമായ നോമ്പോർമയാണ്.
തറവാട്ടിൽ എല്ലാ വർഷങ്ങളിലും വെക്കാറുള്ള നോമ്പ് തുറയും, കസിൻസിന്റെ ഒത്തുകൂടലും ഉമ്മയും കുഞ്ഞുമ്മമാരും, മൂത്തുമ്മമാരും അമ്മായിയുമെല്ലാം ചേർന്ന് അടുപ്പ് കത്തിച്ചതിൽ ചുട്ടുണ്ടാക്കുന്ന പത്തിരിയുടെയും ആ അടുപ്പിൽതന്നെ വലിയ ഉരുളിയിൽ വറുത്തരച്ചു വെക്കുന്ന ഇറച്ചിക്കറിയുടെയും രുചിയൊന്നും ഒരു ഹോട്ടലിൽ നിന്നും ഞാൻ ഇതുവരെ കഴിച്ചിട്ടെനിക്ക് കിട്ടിയിട്ടില്ല. ഞാൻ കൂടിയ ഒരു ഫൈവ് സ്റ്റാർ ഇഫ്താർ പാർട്ടികളും ആ സന്തോഷം ഇതുവരെ തന്നിട്ടുമില്ല.
ശേഷം 27ാം രാവിന് ഉറക്കമൊഴിച്ചിരിക്കുന്ന മനസ്സ് ശാന്തമായ, നിഷ്കളങ്കമായ ആ ദിവസങ്ങൾ.. ഓർക്കുമ്പോൾ തന്നെ ആഹാ എന്തൊരു കുളിരാണെന്നോ...ബാല്യകാല ഓർമകളിൽ നോമ്പ് കാലമെന്നാൽ ഇത്രയേറെ ഗൃഹാതുരത ഉണർത്തുമെന്ന് ഈ പംക്തിയിലേക്ക് എഴുതാൻ തുടങ്ങിയപ്പോൾ മാത്രമാണ് സത്യത്തിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.. ലൈലത്തുൽ ഖദ്ർ വരുന്ന രാത്രികൾ ഉറങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പഠിപ്പിച്ച അബ്ബാസ് ഉസ്താദിന്റെ മുഖവും, പെരുന്നാളിന്റെ തലേന്ന് അരച്ചിടുന്ന മൈലാഞ്ചിയുടെ മണവും എങ്ങനെയാണ്, എന്തിനാണ് എന്റെ കണ്ണുകളെ ഇപ്പൊ നനച്ചതെന്ന് എനിക്കറിയില്ല.. ഇൻഷാ അല്ലാഹ്..നാട്ടിൽ ഒരു പെരുന്നാള് കൂടണം..
ഒരുപാട് സ്നേഹം പങ്കുവെക്കുകയും, ഈ കഥകളൊക്കെ എന്റെ അഞ്ചു മാസം പ്രായമുള്ള മോൾ കഥ കേൾക്കാറാവുന്ന പ്രായത്തിൽ അവളോട് പറയുകയും ചെയ്യണമെന്ന് ആലോചിച്ച് ഞാൻ നാളെ നോമ്പിന്റെ അത്താഴത്തിന് പുളിച്ചാറും ഉണക്കമീനും ഉണ്ടാക്കിയാലോന്ന് ചിന്തിച്ച് കിടന്നുറങ്ങി. ഇൻഷാ അല്ലാഹ്..നമ്മുടെ നോമ്പുകളും അതിന്റെ ഉദ്ദേശ്യങ്ങളുമെല്ലാം റബ്ബിന്റെ അടുക്കൽ സ്വീകരിക്കപ്പെടട്ടെ.
തയ്യാറാക്കിയത് : ജുമാന മുസ്തഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

