സാർഥകമാകുന്ന നോമ്പും മറ്റ് ആരാധനകളും
text_fieldsആരാധനകളുടെ ലക്ഷ്യം സംസ്കരണമാണ്. ഓരോ ആരാധനയും ദൈവത്തിനു വേണ്ടിയാകാതെ സ്വീകരിക്കപ്പെടില്ല. എല്ലാ ആരാധനകൾക്കും രണ്ട് മുഖങ്ങളുണ്ട് -ദൈവികതയുടേയും മാനുഷികതയുടേയും. അതുകൊണ്ടുതന്നെ ദ്വിമാന ലക്ഷ്യ സാക്ഷാത്കാരത്തിലൂടെ മാത്രമേ നമ്മുടെ ആരാധനകൾ സാർഥകമാകൂ. ഉദാഹരണത്തിന്, അഞ്ചു നേരത്തെ നമസ്കാരങ്ങളിലൂടെ ദൈവപ്രീതിയും സമത്വബോധവും ഉണ്ടായിത്തീരുന്നു.
പണക്കാരനും പണിക്കാരനും തോളോടുതോൾ ചേർന്ന് അതിനായി നിൽക്കുമ്പോൾ മനസ്സിന്റെ ഉള്ളിലുള്ള താൻപോരിമയും അഹങ്കാരവും അലിഞ്ഞ് ഇല്ലാതാകുന്നു. ഒരിക്കൽ ജവഹർലാൽ നെഹ്റു തന്റെ സുഹൃത്തായ മൗലാന അബുൽ കലാം ആസാദിനെ സന്ദർശിക്കുന്നതിനായി ഡൽഹി ജുമാ മസ്ജിദിൽ എത്തിച്ചേർന്ന അനുഭവം പറയാറുണ്ട്. മൗലാന ആസാദ് പ്രാർഥനയിൽ ആയിരുന്നു. നെഹ്റുവിനെ അത്ഭുതപ്പെടുത്തിയത് ആസാദ് സുജൂദിൽ കിടക്കുമ്പോൾ തന്റെ മുന്നിലെ വരിയിൽ ഉണ്ടായിരുന്ന ഭൃത്യന്റെ കാൽ ആസാദിന്റെ തലയിൽ മുട്ടിനിൽക്കുന്നതാണ്.
തന്റെ ഉറ്റ ചങ്ങാതിയും സ്വാതന്ത്ര്യ സമര സേനാനിയും രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ ആസാദിന്റെ ശിരസ്സിൽ കാൽ ചേർത്തുവെച്ച് പ്രാർഥിക്കുന്ന സേവകന്റ ദൃശ്യം നെഹ്റു ഉണർത്തിയപ്പോൾ ‘അതിൽ എന്തിരിക്കുന്നു, ദൈവത്തിന്റെ മുന്നിൽ നമ്മളെല്ലാം സമന്മാരല്ലേ’ എന്നായിരുന്നു ആസാദിന്റെ പ്രതികരണം. ഇസ്ലാമിലെ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഭാഗമായ സകാത് പദ്ധതി പണത്തിന്റെ പേരിലുള്ള ഔന്നത്യം ഇല്ലാതാക്കുന്നു.
ലോക്കറിൽ സൂക്ഷിക്കുന്ന ആഭരണത്തിനും ബാങ്ക് െഡപ്പോസിറ്റിനും കാർഷിക വരുമാനങ്ങൾക്കും കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത ശതമാനം നിർബന്ധദാനം നൽകണം. അത് പാവപ്പെട്ടവന്റെ അവകാശമാണ്. ഇത് ധനപൂജയും പണത്തോടുള്ള പരിധി വിട്ട ആർത്തിയും ചൂഷണവും ഇല്ലാതാക്കുന്നു.
ഇസ്ലാമിലെ ഹജ്ജും വിശ്വ സാഹോദര്യത്തിന്റെ മഹത്തായ വിളംബരമാണ്. ലോകത്തിന്റെ മുഴുവൻ പ്രദേശങ്ങളിൽനിന്നുള്ളവരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒത്തുചേർന്ന് നടത്തുന്ന ഈ ആരാധന ഞങ്ങൾ ഒന്നാെണന്ന ചിന്തയാണ് ധ്വനിപ്പിക്കുന്നത്. നോമ്പിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ശരീരവും മനസ്സും ആത്മാവും വ്രതാനുഷ്ഠാനത്തിൽ ആകുമ്പോൾ സമ്പൂർണ സംസ്കരണം ലഭ്യമാകുന്നു.
വിശപ്പിന്റ വിളിയും സഹജീവികളുടെ ആകുലതകളും അവനിലേക്ക് ആവാഹിക്കപ്പെടുന്നു. ചുരുക്കത്തിൽ, ആരാധനകളിലുള്ള ദൈവികതയും അതിൽ അടങ്ങിയ മാനുഷികതയും ഒരാളിൽ ഒത്തുചേരുമ്പോഴാണ് എല്ലാ ആരാധനകളും സാർഥകമാവുന്നത്. അതുതന്നെയാണ് ആരാധനകളുടെ ലക്ഷ്യവും എന്ന കാര്യം നാം മറക്കാതിരിക്കുക. ഇതാണ് ആരാധനകഴ്, പ്രത്യേകിച്ച് നോമ്പിനെ, സാർഥകമാക്കുന്ന ഒറ്റമൂലി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.