Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightറമദാനിൻ രാവിൽ...

റമദാനിൻ രാവിൽ കുരുന്നുകളുടെ ആഘോഷമായി ഖരൻഖഷോ

text_fields
bookmark_border
റമദാനിൻ രാവിൽ കുരുന്നുകളുടെ ആഘോഷമായി ഖരൻഖഷോ
cancel
camera_alt

ഖരൻഖഷോ ആഘോഷത്തിൽ പരമ്പരാഗത ഒമാനി വസ്ത്രങ്ങളണി​െഞ്ഞത്തിയ കുട്ടികൾ

മത്ര: റമദാനിന്റെ പതിനഞ്ചാം രാവിൽ ഒമാനിന്റെ നഗരവീഥികളിലും ഗ്രാമവീഥികളിലും സമ്മാനങ്ങൾ തേടി പാടിപ്പാടി നടന്ന് കുരുന്നുകളുടെ ഖരൻഖഷോ ആഘോഷം. മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന കുട്ടിക്കൂട്ടങ്ങള്‍ പാട്ടുപാടി സന്തോഷങ്ങള്‍ പങ്കിട്ട് കൊണ്ട് നാട്ടിന്‍പുറങ്ങളിലെ തെരുവുകളിൽ നിറഞ്ഞു. ചില ഭാഗങ്ങളില്‍ പ്രവാസി കുട്ടികളും ആഘോഷത്തിന്‍റെ ഭാഗമായി മാറി. മത്ര സൂഖിൽ ഇത്തവണയും കെങ്കേമമായി ഖരൻഖഷോ സംഘടിപ്പിച്ചു. ഇഫ്താറിന് ശേഷം പ്രദേശങ്ങൾ മുഴുവൻ ഉത്സവചൈതന്യത്തോടെ കുട്ടികളാൽ നിറഞ്ഞു.

കുട്ടികളും കൗമാരക്കാരും അടങ്ങുന്ന സംഘം കൊട്ടും കുരവയുമായി പാട്ടുകള്‍ പാടി വീടുകൾ കയറിയിറങ്ങുന്നതാണ് ഖരൻഖഷോ ആഘോഷ രിതി. കുട്ടിക്കൂട്ടങ്ങള്‍ കൊട്ടിപ്പാടി കടന്ന് വരുമ്പോൾ വീട്ടകങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങള്‍ കരുതി വെച്ച് വരവേല്‍ക്കും. മധുരപലഹാരങ്ങളും അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, വാൾനട്ട്, ഈത്തപ്പഴം തുടങ്ങിയവയം സമ്മാനങ്ങളും നൽകി അവരെ സ്വീകരിക്കും. ഹൃദയഹാരിയായ ഉത്സവാന്തരീക്ഷമാണ് എല്ലായിടത്തും നിറയുക. വര്‍ണ ബലൂണുകളും ആകര്‍ഷമായ തോരണങ്ങളും അലങ്കാര വിളക്കുകളും കെട്ടി ഗലികളെയും വീട്ടുമുറ്റങ്ങളെയും ആഘോഷത്തിനായി അലങ്കരിക്കുന്നു. വിവിധതരം പലഹാരങ്ങളും സ്നാക്സുകളും നാണയങ്ങളും അടങ്ങുന്ന സമ്മാനങ്ങള്‍ കയറിപ്പോകുന്നിടങ്ങളില്‍ നിന്നെല്ലാം സഞ്ചി നിറയെ തന്നെ ലഭിക്കും. റമദാനിൽ സമൂഹത്തെ ഏകോപിപ്പിക്കുന്ന ദാനശീലവും ഐക്യബോധവും പ്രതിഫലിപ്പിക്കുന്നതുകൂടിയാണ് ആഘോഷം. കുട്ടികൾക്ക് ആനന്ദനിശ സമ്മാനിക്കുന്നതിനൊപ്പം പങ്കിടലിന്റെയും സാമൂഹിക പങ്കാളിത്തത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഈ ആചാരം നിർണായകമാണ്.

ഇവയെല്ലാം വരാന്‍ പോകുന്ന പെരുന്നാൾ സുദിനത്തിലേക്ക് വരവ് വെക്കുന്ന കുട്ടികളുമുണ്ട്. റമദാന്‍ തുടക്കത്തില്‍ തന്നെ വീട്ടമ്മമാര്‍ ഖരൻഖഷോവിന് വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തി ആകാംക്ഷയോടെ കാത്തിരിക്കുന്നത് കാണാം. ഖരൻഖഷോവിനായി നിരവധി ഉല്‍പന്നങ്ങൾ വിപണിയിൽ സ്ഥാനം പിടിച്ചിരുന്നു. ഖരൻഖഷോ ചിഹ്നങ്ങൾ ആലേഖനം ചെയ്ത ബാഗുകള്‍ കുട്ടിയുടുപ്പുകള്‍ അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയും അവയില്‍‌ പെടുന്നു. ഈയിടെയായി വിപണികളില്‍ സ്ഥലം പിടിച്ച പ്രത്യേക വസ്ത്രങ്ങള്‍ സ്ത്രീകളും കുട്ടികളും അണിയുകയും ചെയ്യുന്നത് ഇപ്പോള്‍ ഖറന്‍ഖശു ട്രെന്‍റായി മാറിയിട്ടുണ്ട്.

വിവിധ വിലായത്തുകളില്‍ കുട്ടികള്‍ക്കായി ആകര്‍ഷകമായ വിവിധ പരിപാടികളാണ് ഔദ്യോഗികമായി സംഘടിപ്പിച്ചത്. നിരവധി സ്കൂളുകളും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഖറൻഖഷോയുടെ ചരിത്രവും പ്രാധാന്യവും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. സാമൂഹിക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും പൊതുസ്ഥലങ്ങളിലും കമ്മ്യൂണിറ്റി ഹാളുകളിലും സംഗമങ്ങൾ സംഘടിപ്പിച്ച് ആഘോഷങ്ങൾക്ക് നിറം പകരുന്നു.

പാരമ്പര്യവും പൈതൃകവും ഉള്‍ചേര്‍ന്നവ എന്ന നിലയിൽ പരമ്പരാഗതമായി ആഘോഷിക്കുന്ന ചടങ്ങായ ഖരൻഖശൂ ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചലുകളോടെ വ്യത്യസ്ത രൂപ ഭാവങ്ങളില്‍ നടന്നു വരാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsramadan specialgulf news malayalam
News Summary - Kharankhasho, a celebration for children on the night of Ramadan
Next Story