ഇസ്ലാം സരളം സുന്ദരം
text_fieldsഇസ്ലാം സിദ്ധാന്തങ്ങളിലും പ്രയോഗങ്ങളിലും കൃത്യതയും വ്യക്തതയുമുള്ള ദർശനമാണ്. വിശ്വാസ പ്രമാണങ്ങൾ മാറ്റത്തിന് വിധേയമാകാത്ത കാര്യങ്ങളാണെങ്കിലും, പ്രായോഗിക രംഗത്ത് സാഹചര്യങ്ങളേയും വ്യക്തികളുടെ പ്രത്യേകതകളെയും പരിഗണിക്കുന്ന ഇലാസ്തികതയും ലാളിത്യവും ഇസ്ലാമിനുണ്ട്. രണ്ട് നേരത്തെ നമസ്കാരങ്ങൾ ഒരു നേരത്ത് ചുരുക്കി നമസ്കരിക്കാൻ യാത്രക്കാരന് അനുവാദം നൽകപ്പെട്ടത് അതിനുദാഹരണമാണ്. “അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുന്നില്ല”, “നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല” തുടങ്ങിയ ഖുർആനിക വചനങ്ങൾ ഈ പ്രായോഗിക ക്ഷമതയെ സൂചിപ്പിക്കുന്നു.
മനുഷ്യരുടെ ശേഷി, സാഹചര്യം, സാമ്പത്തികാവസ്ഥ, ആരോഗ്യം, അറിവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നിയമങ്ങൾ നടപ്പാക്കപ്പെടുന്നത്. എന്നാൽ അനിവാര്യമായി അറിയേണ്ടതും ചെയ്യേണ്ടതുമായ മിനിമം കാര്യങ്ങളിൽ വ്യക്തികൾക്ക് ഇളവ് നൽകപ്പെടുന്നുമില്ല. വ്യക്തികളെയും സമൂഹത്തെയും ബുദ്ധിമുട്ടിലാക്കുക എന്നതല്ല, മറിച്ച് വ്യക്തിക്ക് എളുപ്പവും സമൂഹത്തിന് പൊതുനന്മയും സാധ്യമാക്കുക എന്നതാണ് ദൈവിക ദർശനം ആഗ്രഹിക്കുന്നത്. ഇത് പ്രവാചക ദൗത്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഖുർആൻ പറയുന്നത്: “പ്രവാചകൻ ജനങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള് അനുവദിക്കുകയും ചീത്ത വസ്തുക്കൾ നിഷിദ്ധമാക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ഭാരം ലഘൂകരിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു”.
ഇസ്ലാമിക കാഴ്ചപ്പാടിൽ ആരാധനകളും നിയമങ്ങളും മനുഷ്യനെ ബുദ്ധിമുട്ടിക്കാനുള്ളതല്ല. ആത്മീയവും വ്യക്തിപരവും സാമൂഹികവുമായ ജീവിതം സുഗമമാക്കാൻ വേണ്ടിയുള്ളതാണ്. അവ വ്യക്തികളെ ശുദ്ധീകരിക്കുകയും വളർത്തുകയും ജീവിതം സന്തുലിതമാക്കുകയും ചെയ്യുന്നു. ഇസ്ലാമിക നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭാരമായി കാണേണ്ടതില്ല. ഇസ്ലാമിന്റെ ലാളിത്യത്തെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്താൽ അതിനെ ആത്മവിശ്വാസത്തോടെ പ്രയോഗവൽകരിക്കാനും ഇസ്ലാമിക ജീവിതത്തെ ആസ്വദിക്കാനും സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

