പെരുന്നാൾ പൈസയുടെ ഓർമയിൽ
text_fieldsമധുരമുള്ളതും മണമുള്ളതുമായ ചില ഓർമകൾ എത്ര കാലം കഴിഞ്ഞാലും മനസ്സിൽ മായായെ നിൽക്കും. പ്രവാസലോകത്തുനിന്നും അത്തരം ചില ഓർമകളെ ചികഞ്ഞെടുക്കുമ്പോൾ മനസ്സിന് വല്ലാത്തൊരനുഭൂതിയാണ്. വിശക്കുന്നവന് മുന്നിൽ പണക്കാരനും പാവപ്പെട്ടവനും പണ്ഡിതനും പാമരനും എന്ന വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന ബോധം മനുഷ്യനെ ഓർമിപ്പിക്കുക കൂടിചെയ്യുന്നതാണ് റമദാനിലെ നോമ്പ്.
പകൽമുഴുവൻ അന്നപാനീയങ്ങുളുപേക്ഷിച്ച് മനസ്സും ശരീരവും ശുദ്ധിയാക്കി വ്രതമനുഷ്ഠിക്കുന്ന ഓരോ മനുഷ്യനും സ്നേഹത്തിന്റെയും സഹനത്തിന്റെയും ചേർത്തുപിടക്കലിന്റെയും ദിവസങ്ങൾകൂടിയാണ്. നോമ്പിനെക്കുറിച്ച് വ്യക്തമായ അറിവൊന്നുമില്ലാത്ത കുട്ടിക്കാലത്ത് നോമ്പ് കഴിഞ്ഞുള്ള ചെറിയപെരുന്നാളിനുള്ള കാത്തിരിപ്പാണ് ഞങ്ങൾ കുട്ടികൾ. പെരുന്നാളിന്റന്ന് അടുത്ത വീടുകളിലെ കദീശത്തായും അലിഹാജിയുമൊക്കെ ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പെരുന്നാൾ പൈസ തരും.
അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളായ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി പെരുന്നാളിന് രാവിലെമുതൽ അയൽപക്കങ്ങളിലെ വീടുകളിലെത്തും. നിറഞ്ഞ ചിരുയുമായി കദീശത്തായും മറ്റുള്ളവരും സ്നേഹത്തിൽ പൊതിഞ്ഞ പുത്തൻമണമുള്ള നോട്ടുകളും ചില്ലറ പൈസകളും കൈകളിലേക്ക് വെച്ച് തരും. അത് കിട്ടുമ്പോഴുള്ള സന്തോഷത്തിന്റെ നിമിഷത്തെപ്പറ്റി പറയുമ്പോൾ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് മനസ്സിലാവണമെന്നില്ല, കാരണം അവർ ജനിക്കുന്നത് തന്നെ എല്ലാ സുഖസൗകര്യങ്ങൾക്കും നടുവിലാണ്.
പണത്തിന്റെ മൂല്യമോ വിശപ്പിന്റെ വിലയോ അവർക്കറിയില്ല. അന്ന് അങ്ങനെയല്ല, വറുതിയുടെ കാലത്തിലൂടെയാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. അതുകൊണ്ടുതന്നെ അന്നത്തെ ഇത്തരത്തിലുള്ള മധുരമുള്ള ഓർമകൾ മറവിയുടെ ആഴത്തിലേക്കാഴ്ന്നുപോവുകയേയില്ല. വയറുനിറച്ചും നെയ്ച്ചോറും കോഴിക്കറിയും കഴിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ ഞങ്ങളോരുത്തരും അവരവർക്ക് കിട്ടിയ പെരുന്നാൾ പൈസകളെണ്ണിത്തിട്ടപ്പെടുത്തുകയായിരിക്കും.
അപ്പോൾ വീട്ടിൽ അരി വറുത്തിടിച്ച് വെള്ളവും തേങ്ങയും ചേർത്ത് ഉണ്ടയിടിക്കുകയായിരിക്കും, അമ്മ അടുത്തവീടുകളിലേക്ക് കൊടുക്കാൻ. മതിലുകളില്ലാത്ത സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകൾ. വർഷങ്ങൾക്കിപ്പുറം പ്രവാസലോകത്തുനിന്നും ഈ റമദാൻ കാലത്ത് അതൊക്കെ ഓർക്കുമ്പോൾ വലുതാകേണ്ടായിരുന്നു എന്ന് ഉള്ളിലെ ബാല്യം വെറുതെ ഓർമിപ്പിക്കുന്നു..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.