പ്രവാസികളുടെ ആഘോഷമാണ് ഇഫ്താർ
text_fieldsസി. നൗഷാദ്, മസ്കത്ത്
പ്രവാസികളുടെ ആഘോഷമാണ് ഇഫ്താർ ഇഫ്താർ വിരുന്നു കൊണ്ട് സമ്പന്നമാണ് മസ്കത്ത്. കമ്പനികളും സംഘടനകളും പള്ളികളിലും തെരുവോരങ്ങളിലെ ഇഫ്താർ സാഇം ടെൻ്റുകളും നോമ്പ് തുറ കൊണ്ട് പ്രവാസികൾക്ക് ഭക്ഷണത്തിന് പ്രയാസമില്ലാത്ത അനുഗ്രഹീത മാസമാണ് പരിശുദ്ധ റമദാൻ.
റമദാൻ പ്രതീതി വിളിച്ചോതുന്ന തരത്തിൽ ഒമാൻ സർക്കാർ പ്രധാന റോഡുകളുടെ പരിസരങ്ങൾ റമദാൻ കരീം കൊണ്ട് ദീപാലംകൃതമാക്കിയിരിക്കുന്നു. സൗഹൃദ വിരുന്നുകളായി ഇഫ്താർ സംഗമങ്ങൾ ശക്തിപ്പെട്ടിരിക്കുന്നു. എനിക്ക് പലപ്പോഴായി ഇത്തരം വിരുന്നുകളിൽ പങ്കുകൊള്ളാൻ സാധിച്ചിട്ടുണ്ട്. മാത്രവുമല്ല, സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ആശയമുള്ളവരെ ഹൃദയം കൊണ്ട് കോർത്തിണക്കാൻ ഈ ഇരുത്തങ്ങൾ ഏറെ ഫലപ്രദമായിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.
പരസ്പരം പങ്കുവെക്കലുകൾ ഈ കാലഘട്ടത്തിൽ അന്യമാകുമ്പോൾ ചരിത്ര ദൗത്യമാണ് ഇവിടെ പിറവിയെടുക്കുന്നതെന്ന് ഒരു യാഥാർത്ഥ്യമാണ്. പ്രവാസം യഥാർഥത്തിൽ നാടിനോട് അകലമാണെങ്കിലും നാട്ടുകാരെ കാണുന്നത് കൗതുകവും ഇഷ്ടവുമാണ്. ഇഫ്താറുകളിൽ മലയാളി സമൂഹം ജാതി മത ഭേദമന്യേ സംഘാടനം നടത്തുകയും അതൊരു ആഘോഷമായി തെരഞ്ഞെടുക്കുകയും ചെയ്യുന്നത് മലയാളി പ്രവാസി സമൂഹത്തിൻ്റെ വലിയ നേട്ടമായി ഞാൻ കാണുന്നു. അതോടൊപ്പം, സേവന സന്നദ്ധ സംഘടനകൾ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് നൽകി തൊഴിലാളികളെ ചേർത്തു നിർത്തുന്നത് ഏറെ ശ്രദ്ധേയമാണ്. ഇങ്ങിനെയുള്ള വെൽഫെയർ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർ ഏറെ പ്രശംസ അർഹിക്കുന്നു.
അതിൻ്റെ ഭാഗമാകാൻ ഈയുള്ളവന് അവസരം ലഭിച്ചിട്ടുണ്ട്. അർഹരിൽ ഇത് എത്തുമ്പോൾ അവരുടെ പുഞ്ചിരിയിൽ നമുക്ക് കിട്ടുന്ന ആത്മ സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. റമദാനിലെ ഒരു മാസകാലം ഇഫ്താറുകൾ സാധാരണക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. പള്ളികളിൽ ഒരുക്കുന്ന ഇഫ്താറുകളിൽ ആളുകളുടെ തിരക്ക് കാണാം. സമ്പന്നരായ സേവന സന്നദ്ധതയുള്ള സുമനസ്സുകളുടെ സംഭാവനകൾ വളരെ വലുതാണെന്ന് ഈ ഇഫ്താറുകൾ നമ്മെ ബോധ്യപ്പെടുത്തി തരുന്നു. മത്രയിലെ ഒമാൻ ഹൗസിൻ്റെ എതിർ വശത്തുള്ള ഒരു കൊച്ചു പള്ളിയിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ നൂറിൽ പരം ആളുകൾ പങ്കെടുക്കുന്നു.
വർഷാവർഷവും റമദാൻ മുഴുവനും നടക്കുന്ന ഇഫ്താറിൽ സൗഹൃദ സംഗമമാണ് നടക്കുന്നത്. അവിടെ ഉണ്ടാക്കുന്ന ചായ കുടിക്കാൻ മാത്രമായി വരുന്നവരുണ്ട് . നോമ്പ് തുറന്ന് നമസ്കാര ശേഷം കിട്ടുന്ന ആ ചായയുടെ സ്വാദ് വേറെ തന്നെയാണ്. ഇത് ഒരു ആഘോഷമായി കൊണ്ടാടുകയാണ്. നാടിൻ്റെ ഓർമ്മകൾ അയവിറക്കുകയും ആ പ്രതീതി ഉളവാക്കുന്ന ഇഫ്താർ ജാതിമത ഭേദമന്യെ മനുഷ്യരുടെ സംഗമമായി മാറുകയും ചെയ്യുന്നു. ഇഫ്താറുകൾ എല്ലാവരുടേതുമാണെന്ന ഈ ശീലം എന്നും നില നിൽക്കട്ടെ എന്ന് ഏറെ ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
