പുതുകാഴ്ചയായി കടൽക്കാറ്റേറ്റുള്ള നോമ്പുതുറക്കൂട്ടങ്ങൾ
text_fieldsപൈതൃക തീരത്തെ നോമ്പുതുറ... കോഴിക്കോട് ബീച്ചിൽ നോമ്പുതുറക്കുന്ന കുടുംബം ചിത്രം: ബിമൽ തമ്പി
കോഴിക്കോട്: കടൽക്കാറ്റേറ്റുള്ള നോമ്പുതുറയാണിപ്പോൾ ട്രെന്റ്. കുടുംബമായും കൂട്ടുകാരൊത്തും കോഴിക്കോട് കടപ്പുറത്ത് നോമ്പ് തുറക്കുന്ന സംഘങ്ങൾ സന്ധ്യകളിൽ ബീച്ചിൽ സാധാരണ കാഴ്ചയായി മാറി. കോവിഡ് കാലത്തിന് ശേഷമാണ് കടപ്പുറത്ത് ഇഫ്താർ സംഗമങ്ങൾ കണ്ടുതുടങ്ങിയത്. ഇക്കൊല്ലം നോമ്പ് തുടങ്ങിയപ്പോൾതന്നെ ഇത്തരം ഒത്തുകൂടൽ സജീവമാണ്. സൂര്യാസ്തമയം കണ്ടുകൊണ്ടുതന്നെ നോമ്പ് തുറക്കാമെന്നതാണ് ഏറ്റവും വലിയ ആകർഷണീയതയെന്ന് ഇത്തരം കൂട്ടായ്മയുമായി അയൽജില്ലയിൽനിന്നെത്തിയ സംഘാംഗം പറഞ്ഞു.
സന്ധ്യമയങ്ങുമ്പോഴേക്കും ഭക്ഷണസാധനങ്ങളുമായെത്തുന്ന സംഘങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഭക്ഷണവും പ്രാർഥനയുമെല്ലാം കടൽക്കാറ്റേറ്റ് മണലിൽതന്നെയാക്കുന്നവരാണധികവും. കനത്ത ചൂടിൽ വീട്ടിൽനിന്ന് പുറത്തിറങ്ങാമെന്നതും തുറന്ന ഇഫ്താറിന് പ്രിയമേറ്റുന്നു. വീട്ടിൽനിന്ന് ഭക്ഷണങ്ങൾ കൊണ്ടുവരുന്നവരും പാർസലായി ഹോട്ടലുകളിലും കാറ്ററിങ് കേന്ദ്രങ്ങളിൽനിന്നും മറ്റും വാങ്ങുന്നവരുമുണ്ട്. കടപ്പുറത്ത് കിട്ടുന്ന പഴങ്ങളും ഉപ്പിലിട്ടതുമെല്ലാം തുറന്ന ഇഫ്താറിൽ വിഭവങ്ങളാവുന്നു. ജില്ലക്കകത്ത് മലയോര മേഖലകളിൽനിന്നും അയൽജില്ലകളിൽ നിന്നുമെല്ലാം തുറന്ന ഇഫ്താറിന് വാഹനങ്ങളിൽ ആളെത്തുന്നുണ്ട്. പലരും രാത്രി കണ്ണംപറമ്പ് പള്ളിയും കുറ്റിച്ചിറയിലെ വിവിധ പള്ളികളിലുമൊക്കെ രാത്രി പ്രാർഥനകളും കഴിഞ്ഞ് പുലർച്ചയാണ് നഗരത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

